സ്നേഹ കുടുംബം: ഖലീൽ തങ്ങളുടെ ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു

Posted on: April 21, 2020 1:20 pm | Last updated: April 25, 2020 at 1:09 pm


മലപ്പുറം | കുടുംബ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി നേതൃത്വം നൽകുന്ന സ്നേഹ കുടുംബം ഓൺലൈൻ ക്ലാസ് ശ്രദ്ധേയമാകുന്നു. കഴിഞ്ഞ 12 ദിവസങ്ങളായി നടന്നുവരുന്ന പരിപാടി ആയിരങ്ങളാണ് ശ്രവിക്കുന്നത്. ഉച്ചക്ക് 2.30 മുതൽ മൂന്ന് വരെ നടക്കുന്ന എപ്പിസോഡിൽ മാതാപിതാക്കൾ, കലഹങ്ങളില്ലാത്ത ദാമ്പത്യജീവിതം, സന്തുഷ്ട കുടുംബജീവിതം, സന്താന പരിപാലനം തുടങ്ങി 40 വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. ഇന്ന് രണ്ട് മുതല്‍ 2.30 വരെയാണ് ക്ലാസ്.

നിരവധി കുടുംബ കലഹങ്ങളിൽ പ്രശ്ന പരിഹാരത്തിന് ഇടപെടേണ്ടി വന്നതാണ് ഇത്തരമൊരു വിഷയം തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും കുടുംബ ജീവിതം സമാധാന പൂർണമായാൽ അതുവഴി സമൂഹത്തിൽ ഐക്യവും കെട്ടുറപ്പും ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ലോക്ക് ഡൗൺ സമയത്ത് ഇന്ത്യയിൽ മാത്രം കുട്ടികൾക്കെതിരെയുള്ള 92000 അതിക്രമങ്ങൾ ചൈൽഡ് ലൈന്‍ റിപ്പോർട്ട് ചെയ്തതും കുടുംബ കലഹങ്ങൾ വർധിച്ചതും ഈയൊരു വിഷയത്തിന്റെ പ്രസക്തി വർധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടി റമസാൻ കഴിയുന്നത് വരെ തുടരും. മഅ്ദിൻ അക്കാദമി യൂട്യൂബ്, ഫേസ്ബുക്ക് ഒഫീഷ്യൽ പേജുകളിലാണ് സംപ്രേഷണം. ഓരോ ദിവസത്തെ ക്ലാസിനെ ആസ്പദമാക്കി വിജ്ഞാന പരീക്ഷയും സംഘടിപ്പിച്ച് വരുന്നുണ്ട്. www.youtube.com/madinacademy