Connect with us

Editorial

ദുരിതപൂര്‍ണം കുടിയേറ്റ തൊഴിലാളി ജീവിതം

Published

|

Last Updated

ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തിലെ കുടിയേറ്റ തൊഴിലാളികള്‍ ഏറെക്കുറെ സുരക്ഷിതരും സന്തുഷ്ടരുമാണ്. കമ്മ്യൂണിറ്റി കിച്ചന്‍ വഴി സര്‍ക്കാര്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. രോഗ ബാധിതരായ തൊഴിലാളികള്‍ക്ക് ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തി. ഈ വക സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് അതാത് ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട് സര്‍ക്കാര്‍. ആവാസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി 2017, “ചങ്ങാതി” സാക്ഷരതാ പരിപാടി തുടങ്ങി കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും വിദ്യാഭ്യാസ പുരോഗതിക്കും സഹായകമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നേരത്തേ തന്നെ അവരുടെ സുരക്ഷാ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി വരികയായിരുന്നു കേരളം.

എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും അവരുടെ സ്ഥിതി ദയനീയമാണ്. ഈ ലോക്ക്ഡൗണ്‍ കാലത്ത് വിശേഷിച്ചും. പലയിടങ്ങളിലും ഭക്ഷണവും ചികിത്സയും കിട്ടാതെ നരകയാതന അനുഭവിക്കുകയാണ് കുടിയേറ്റ തൊഴിലാളികള്‍. ഒരു നേരത്തെ ഭക്ഷണത്തിനായി രാവിലെ മുതല്‍ കത്തിയെരിയുന്ന സൂര്യന് കീഴെ കിലോമീറ്ററുകളോളം നീണ്ട ക്യൂവില്‍ കാത്തുകിടക്കേണ്ട അവസ്ഥയാണ് ഡല്‍ഹിയില്‍. ബാല്‍സ്വയില്‍ കഴിഞ്ഞ ദിവസം ഭക്ഷണം വാങ്ങുന്നതിനായി കാത്തുനില്‍ക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ വരിക്ക് രണ്ട് കിലോമീറ്റര്‍ നീളമുണ്ടായിരുന്നുവെന്നാണ് ഫോട്ടോ സഹിതം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു സന്നദ്ധ സംഘം വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാനായിരുന്നു ഇവര്‍ എത്തിയത്. സര്‍ക്കാര്‍ ഭക്ഷണം നല്‍കാത്തതു കൊണ്ടാണ് സന്നദ്ധ സംഘടനകളുടെ കനിവിനായി ഇങ്ങനെ കാത്തുനില്‍ക്കേണ്ടി വരുന്നതെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വിശപ്പകറ്റാന്‍ കുടിയേറ്റ തൊഴിലാളികള്‍ ശ്മശാനത്തില്‍ ഉപേക്ഷിക്കപ്പെട്ട പഴക്കുലകളില്‍ നിന്ന് ചീഞ്ഞ പഴങ്ങള്‍ പെറുക്കുന്നതിന്റെ ദൃശ്യങ്ങളും ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്നു. യമുനാ നദിയുടെ തീരത്തെ ശ്മശാനമായ നിഗംബോധ് ഘട്ടിനടുത്ത് മരിച്ചവര്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ കൊണ്ടുവന്ന പഴക്കുലകള്‍ പിന്നീട് ഉപേക്ഷിക്കുന്ന സ്ഥലത്താണ് കുടിയേറ്റ തൊഴിലാളികള്‍ തിരച്ചില്‍ നടത്തി കഴിക്കാന്‍ പറ്റുന്നവ ശേഖരിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നതിന് വേണ്ടി 2,500ഓളം കേന്ദ്രങ്ങള്‍ ആരംഭിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ആവശ്യക്കാര്‍ക്ക് മുഴുവനായും അത് എത്തിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് അവര്‍ക്ക് സന്നദ്ധ സംഘടനകളുടെ കനിവിനെയും കുപ്പത്തൊട്ടികളെയും ആശ്രയിക്കേണ്ടി വരുന്നത്. വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഇവരില്‍ പലര്‍ക്കും താമസസ്ഥലവും നഷ്ടപ്പെട്ടു കഴിഞ്ഞു. യമുനാ നദിക്ക് മുകളിലെ പാലത്തിനു കീഴിലും മറ്റു തുറസ്സായ സ്ഥലങ്ങളിലുമാണ് ഇവര്‍ താത്കാലിക പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നതും അന്തിയുറങ്ങുന്നതും. പിഞ്ചുകുട്ടികള്‍ മുതല്‍ വയോധികരും രോഗികളും വരെയുണ്ട് ഇക്കൂട്ടത്തില്‍. യമുനാ നദിക്കു സമീപത്തെ ഗുരുദ്വാരയെയാണ് ആ പ്രദേശത്തെ കുടിയേറ്റ തൊഴിലാളികള്‍ ഒരു നേരത്തെ ഭക്ഷണത്തിന് ആശ്രയിക്കുന്നത്.

മുംബൈയിലും ഇവരുടെ അവസ്ഥ മോശമാണ്. ഭക്ഷണം ലഭിക്കാത്തതു മൂലം തങ്ങള്‍ പട്ടിണിയിലാണെന്നും നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ ബാന്ദ്ര റെയില്‍വേ സ്‌റ്റേഷനടുത്ത് ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു കഴിഞ്ഞ ദിവസം. ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ദിവസത്തിലായിരുന്നു സംഭവം. ഭക്ഷണവും വെള്ളവും നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാമെന്ന് ഉറപ്പ് നല്‍കിയാണ് തൊഴിലാളികളെ ബാന്ദ്ര സ്‌റ്റേഷന്‍ പരിസരത്തു നിന്ന് ഒഴിപ്പിച്ചത്. ഇവരെയും നാട്ടിലേക്ക് തിരിച്ചുപോകാന്‍ തുനിഞ്ഞിറങ്ങിയ മറ്റുള്ളവരെയും പിടികൂടി ഷെൽട്ടറുകളില്‍ താമസിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ഗുജറാത്തിലെ സൂറത്തിലും നൂറുകണക്കിനു കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം ദ ഹിന്ദു ലേഖകന്‍ മഹേഷ്‌ലാംഗ ട്വിറ്ററിലൂടെ പങ്ക് വെച്ചിരുന്നു. സര്‍ക്കാര്‍ വാഗ്ദത്തം ചെയ്ത പണവും റേഷനും ലഭിച്ചില്ലെന്നു പരാതിപ്പെട്ട് ഹൈദരാബാദിലും കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് 500 രൂപയും 12 കിലോ റേഷനും വാഗ്ദാനം ചെയ്തിരുന്നു. ഇതുവരെ അത് ലഭിച്ചില്ലെന്നും ഭക്ഷണം തരാന്‍ കഴിയില്ലെങ്കില്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഭക്ഷണമില്ലാത്തതിന്റെയും റൂമിനു വാടക നല്‍കാന്‍ പണമില്ലാത്തതിന്റെയും മനോവിഷമത്തില്‍ ബിഹാറില്‍ നിന്നുള്ള 24കാരനായ കുടിയേറ്റ തൊഴിലാളി ഹൈദരാബാദില്‍ ആത്മഹത്യ ചെയ്യുകയുണ്ടായി.

കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം കൊറോണയേക്കാള്‍ വലിയ പ്രശ്‌നം ജീവിത പ്രാരാബ്ധങ്ങളാണ്. ലോക്ക്ഡൗണ്‍ നടപ്പാക്കിയതോടെ ജോലിയില്ലാതായി. മറ്റു വരുമാനവുമില്ല. ഉത്തരവാദപ്പെട്ടവരുടെ സഹായ ഹസ്തങ്ങളും നീളുന്നില്ല. താമസ സ്ഥലത്തിനു വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ പലരും കുടിയിറക്കപ്പെടുകയുമാണ്. സ്വന്തം നാടുകളിലേക്ക് പോകാന്‍ അനുവാദവുമില്ല. കുടിയേറ്റ തൊഴിലാളികള്‍ നിലവില്‍ എവിടെയാണോ അവിടെ തന്നെ തുടരണമെന്നും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കുകയില്ലെന്നുമാണ് ഈ മാസം 12ന് കേന്ദ്രം ഉത്തരവ് പുറപ്പെടുവിച്ചത്. ഇത്തരമൊരു നിര്‍ദേശം നല്‍കുമ്പോള്‍ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പ് വരുത്താനുള്ള നടപടിയും സ്വീകരിക്കേണ്ടതുണ്ടായിരുന്നു സര്‍ക്കാര്‍.

അതുണ്ടായതുമില്ല. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം എന്നിവക്കു പുറമെ മെഡിക്കല്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തണമെന്നും പോലീസും മറ്റു അധികാരികളും ഇവരുടെ ഉത്കണ്ഠയും ഭയവും പ്രയാസങ്ങളും മനസ്സിലാക്കി പരിഹാരം കാണണമെന്നും സുപ്രീം കോടതി ഉണര്‍ത്തുകയും ചെയ്തിരുന്നു. എന്നിട്ടും പലയിടങ്ങളിലും ഇവര്‍ കൊടിയ ദുരിതമനുഭവിക്കേണ്ടി വരുന്നുവെന്നത് രാജ്യത്തിനു തന്നെ നാണക്കേടാണ്.