Connect with us

Covid19

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ഇന്ത്യന്‍ വംശജനായ ഒരു ഡോക്ടര്‍ കൂടി മരിച്ചു

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡെര്‍ബിഷയറിലെ ആശുപത്രിയില്‍ സേവനം നടത്തിയിരുന്ന മന്‍ജീത് സിംഗ് റിയാതാണ് മരിച്ചത്. രോഗികളും സഹ പ്രവര്‍ത്തകരും ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ഡോക്ടറായിരുന്നു മന്‍ജീത്.
1992ല്‍ ലെയ്‌സെസ്റ്ററില്‍ നിന്നാണ് മന്‍ജീത് മെഡിക്കല്‍ ബിരുദം നേടിയത്. ദേശീയ ആരോഗ്യ സേവന വിഭാഗത്തിലെ സിഖുകാരനായ ആദ്യ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കണ്‍സള്‍ട്ടന്റും ഡെര്‍ബിഷയറില്‍ അടിയന്തര ശുശ്രൂഷാ സംവിധാനം വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളുമാണ് അദ്ദേഹം. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് മന്‍ജീതിന്റെ കുടുംബം.

ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ശേഷം ബ്രിട്ടനിലേക്കു പോയ ഹൃദയ-നാഡീരോഗ സര്‍ജനായ ജിതേന്ദ്ര കുമാര്‍ റാഥോഡ് കൊവിഡ് ബാധിച്ച് ഈമാസമാദ്യം വെയില്‍സില്‍ മരണമടഞ്ഞിരുന്നു. ഏറെ സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഇടയില്‍ ഏറെ ആദരണീയനായിരുന്നു അദ്ദേഹവും. മന്‍ജീത്, ജിതേന്ദ്ര, സസെക്‌സ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫാര്‍മസിസ്റ്റ് പൂജ ശര്‍മ എന്നിവരുള്‍പ്പെടെ 50ല്‍ അധികം വിദേശ മെഡിക്കല്‍ വിദഗ്ധരാണ് ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് ചികിത്സയില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇടയില്‍ നിരവധി ഇന്ത്യന്‍ വംശജരുണ്ട്. ബ്രിട്ടനിലെ അടിയന്തര ശുശ്രൂഷാ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരില്‍ 35 ശതമാനം പേരെങ്കിലും വിദേശ വംശജരാണ്.