Connect with us

National

'സൂമി'ല്‍ അപകടം പതിയിരിക്കുന്നു; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ഡൗണ്‍ കാലത്ത് ഏറെ ജനപ്രീതിയാര്‍ജിച്ച വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പായ “സൂമി”ല്‍ അപകടം പതിയിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷിതമല്ലാത്തതും സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതുമായ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനാണ് “സൂമെ”ന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

സൂം വഴിയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി -ഇന്ത്യ) ആശങ്ക ഉന്നയിച്ചിരുന്നു. സെന്‍സിറ്റീവ് ഡാറ്റ ചോര്‍ച്ച ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണത്തിന് ഈ ആപ്പ് കാരണമാകുമെന്ന് മാര്‍ച്ച് 30 ന് പുറപ്പെടുവിച്ച ഉത്തരവില്‍ സിആര്‍ടി ഇന്ത്യ വ്യക്തമാക്കിയിരുന്നു. പ്ലാറ്റ്‌ഫോമിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗം സൈബര്‍ കുറ്റവാളികള്‍ക്ക് മീറ്റിംഗ് വിശദാംശങ്ങളും സംഭാഷണങ്ങളും മറ്റു തന്ത്രപ്രധാനമായ വിവരങ്ങളും ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സിആര്‍ടി ചൂണ്ടിക്കാണിക്കുന്നു.

ഓണ്‍ലൈന്‍ ആശയവിനിമയ പ്ലാറ്റ്‌ഫോമുകളായ സൂം, മൈക്രോസോഫ്റ്റ് ടീം, സ്ലാക്ക്, സിസ്‌കോ വെബ് എക്‌സ് തുടങ്ങിയവ ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും എല്ലാ മീറ്റിംഗിനും പാസ്‌വേഡുകള്‍ മാറ്റാനും ശ്രദ്ധിക്കണമന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു. സൂമില്‍ മീറ്റിംഗ് പൂര്‍ത്തിയായാല്‍ ഉടന്‍ “End Meeting” ക്ലിക്ക് ചെയ്ത് മീറ്റിംഗ് അവസാനിച്ചുവെന്ന് ഉറപ്പാക്കണം. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മീറ്റിംഗുകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ആഗോളതലത്തില്‍ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മിക്ക കമ്പനികളും ജീവനക്കാരോട് വീട്ടില്‍ നിന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കമ്പനികള്‍ ജീവനക്കാര്‍ പരസ്പരം ആശയവിനിമയം നടത്തുന്നതിനും ബോര്‍ഡ് മീറ്റിംഗുകള്‍ ചേരാനുമെല്ലാം കൂടുതലായി ആശ്രയിക്കുന്നത് സൂം സോഫ്റ്റ്‌വെയറിനെയാണ്. സൗജന്യമായി 40 മിനുട്ട് ഉപയോഗിക്കാന്‍ സാധിക്കുന്ന ഈ വീഡിയോ കോണ്‍ഫറന്‍സ് ആപ്പില്‍ ഒരേ സമയം 40 പേരെ വരെ കണക്റ്റ് ചെയ്യാനാകുമെന്നതാണ് ഈ ആപ്പിന പ്രചുര പ്രചാരം നല്‍കിയത്.

കമ്പനികള്‍ക്ക് പുറമെ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കുന്നതിനും വെബിനാറുകള്‍ സംഘടിപ്പിക്കുന്നതിനും കൂടുതലായി ആശ്രയിക്കുന്നതും ഈ ആപ്പാണ്. ഇത് സാധാരണക്കാര്‍ക്കിടയില്‍ പോലും ഈ ആപ്പിന് വന്‍ ജനപ്രീതിയുണ്ടാക്കി. ഇതോടെ വാട്‌സ്ആപ്പിനെ പോലും മറികടന്നാണ് ആപ്പ് മുന്നേറുന്നത്. പത്ത് കോടിയിലധികം ആളുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് മാത്രം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട. വിന്‍ഡോസ്, ആപ്പിള്‍ പ്ലാറ്റ്‌ഫോമുകളിലും സൂം ലഭ്യമാണ്.

വിവിധ സുരക്ഷാ ലംഘനങ്ങള്‍ കാരണം സൂം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആപ്ലിക്കേഷനെ ബാധിക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ആപ്പിന്റെ അപ്‌ഡേറ്റുകള്‍ നല്‍കുന്നത് കമ്പനി നിര്‍ത്തിവെച്ചിരുന്നു.

---- facebook comment plugin here -----

Latest