Connect with us

Covid19

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ റെഡ് സോണാക്കാന്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കേന്ദ്രം തീരുമാനിച്ച റെഡ് സോണ്‍ (കൊവിഡ് ഭീഷണി ഏറ്റവും രൂക്ഷമായ) ജില്ലകളില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ നാല് മലബാര്‍ ജില്ലകളെ റെഡ്‌സോണില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാറ്റം കേന്ദ്രത്തോട് നിര്‍ദ്ദേശിക്കാനും സര്‍ക്കാര്‍ തീരുമാനമായി. രോഗവ്യാപനം കൂടുതലുള്ള നാല് ജില്ലകളില്‍ മാത്രം മതി റെഡ് സോണിലെന്നാണ് മന്ത്രിസഭായോഗം പൊതുവെ വിലയിരുത്തിയത്.

രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ചാണ് സോണുകളില്‍ മാറ്റം വരുത്തിയത്.വയനാടും കോട്ടയവും ഗ്രീന്‍ സോണിലേക്കു മാറ്റണമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ദേശം. മറ്റ് എട്ടു ജില്ലകളും ഓറഞ്ച് സോണില്‍ ഉള്‍പ്പെടും. സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഈ ജില്ലകളെ അതാത് സോണുകളില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിക്കും.

നേരത്തെ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് ജില്ലകളെ റെഡ്‌സോണില്‍ ഉള്‍പ്പെടുത്തിയായിരുന്നു കേന്ദ്രത്തിന്റെ ഉത്തരവ് ഇറങ്ങിയത്. ഒരു രോഗി മാത്രമുള്ള വയനാട്ടില്‍ ചില മേഖലകളില്‍ (ക്ലസ്റ്റര്‍) മാത്രമാണ് പ്രശ്‌നമെന്നാണ് കേന്ദ്രം പറയുന്നത്.

തൃശൂര്‍, കൊല്ലം, ഇടുക്കി, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവ ഓറഞ്ച് സോണിലും കോഴിക്കോട് ജില്ല രോഗഭീഷണി ഏറ്റവും കുറച്ച ഗ്രീന്‍സോണിലുമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഇത് മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന മന്ത്രിസഭ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പരമ്പരാഗത വ്യവസായത്തിനും കാര്‍ഷിക മേഖലക്കും ഈ മാസം 20ന് ശേഷം ലോക്ക് ഡൗണില്‍ ഇളവ് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.