Connect with us

Covid19

ഇപ്പോഴും നമ്മള്‍ കളത്തിനു പുറത്താണ്; റാപിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ലഭിക്കാത്തതില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 റാപിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ലഭിക്കാന്‍ താമസിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യം റാപിഡ് ടെസ്റ്റ് കിറ്റുകളുടെ ദൗര്‍ലഭ്യം ഗുരുതരമായ നിലയില്‍ അനുഭവിക്കുന്ന സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ഏപ്രില്‍ അഞ്ചിന് രാജ്യത്തെത്തുമെന്ന് പറഞ്ഞ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എം ആര്‍) പിന്നീട് ഏപ്രില്‍ 10, 15 എന്നിങ്ങനെ മാറ്റിപ്പറയുന്നതിനോട് പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍.

പത്ത് ലക്ഷം ഇന്ത്യക്കാര്‍ക്ക് 149 ടെസ്റ്റുകള്‍ എന്ന നിലക്കു മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. ലാവോസ് (157), നൈജര്‍ (182), ഹോണ്ടുറാസ് (162) തുടങ്ങിയ രാഷ്ട്രങ്ങള്‍ക്കൊപ്പം മാത്രമാണ് നാം നില്‍ക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ കൂട്ട പരിശോധനയാണ് നിര്‍ണായകമായിട്ടുള്ളത്. എന്നാല്‍, ഇന്ത്യ ഇപ്പോഴും കളത്തിനു പുറത്താണ്. രാഹുല്‍ ട്വീറ്റ് ചെയ്തു.

റാപിഡ് പരിശോധനകളാണ് വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള അടുത്ത ഘട്ടമായി ഇന്ത്യ നിശ്ചയിച്ചിട്ടുള്ളത്. ഹോട്ട് സ്‌പോട്ടുകളിലും വ്യാപനം കൂടുതലുള്ള മേഖലകളിലും മാത്രമല്ല, വൈറസ് ബാധ താരതമ്യേന കുറഞ്ഞിരിക്കുന്ന ഭാഗങ്ങളിലും പരിശോധന നടത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍ 10,363 കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുകയും 339 മരണം സംഭവിക്കുകയും ചെയ്തതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടിക്കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുണ്ട്.