Connect with us

Kasargod

ലോക്ക്ഡൗണ്‍: ജീവജലം വേണോ? ഓടിയെത്തും ജാബിദും ഷഫീക്കും

Published

|

Last Updated

നീലേശ്വരം | ലോക്ക് ഡൗണില്‍ ജനജീവിതം ദുസ്സഹമാകുമ്പോള്‍ ആശ്വാസത്തിന്റെ തെളിനീരുമായി ഓടി നടക്കുകയാണ് രണ്ട് യുവാക്കള്‍. കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിച്ചാണ് നീലേശ്വരം ആനച്ചാല്‍ സ്വദേശി തൈവളപ്പില്‍ കുഞ്ഞഹമ്മദിന്റെ മകനായ ജാബിദും കോട്ടപ്പുറം കേന്ദ്ര ജമാഅത്ത് പ്രസിഡണ്ട് പൂമാടം കരീം ഹാജിയുടെ മകന്‍ ഷഫീക്കും മാതൃകയാകുന്നത്.

നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് ഇവര്‍ ദിവസവും കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിലുള്ളവര്‍ ഫോണ്‍ വിളിച്ചാല്‍ വാഹനത്തില്‍ ദാഹജലവുമായി ഇരുവരും ഓടിയെത്തും. ദിനേനെ മൂന്ന് – നാല് ടാങ്ക് വെള്ളമാണ് ഇവര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. സ്വന്തം വാഹനവും അതില്‍ 1500 ലിറ്റര്‍ വെള്ള് കൊള്ളുന്ന ടാങ്കുമായാണ് യുവാക്കള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്.

ദാഹജലവുമായി സമൂഹത്തിലേക്ക് ഇറങ്ങിയപ്പോള്‍ കണ്ട കാഴ്ച്ച വളരെ വേദനിപ്പിക്കുന്നതായിരുന്നുവെന്ന് ജാബിദും ഷഫീഖും പറയുന്നു. പലര്‍ക്കും വെള്ളം കിട്ടിയിട്ട് ദിവസങ്ങളായിരുന്നു. ആര് ഏത് സമയത്ത് വിളിച്ചാലും വെള്ളം എത്തിച്ചുകൊടുക്കുമെന്നു ഇരുവരും പറയുന്നു. നീലേശ്വരം മുനിസിപ്പാലിറ്റിയും പോലീസും നാട്ടുകാരും വളരെ നല്ല സമീപനമാണ് തങ്ങളോട് കാട്ടുന്നതെന്നും ഈ ചെറുപ്പക്കാര്‍ നന്ദിയോടെ പറയുന്നു.

ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയ, അഭിമാന ബോധം കൊണ്ട് ആരുടെ മുന്നിലും തല കുനിക്കാത്ത പലര്‍ക്കും രഹസ്യമായി ഭക്ഷണപ്പൊതിയും ഭക്ഷ്യ വസ്തുക്കളും ഇവര്‍ കൊടുത്തു വരുന്നുണ്ട്. ക്രൂസ് ഇവന്റ് നീലേശ്വരം, ഗ്രാന്‍ഡ് മജ്‌ലിസ് ഗ്രൂപ്പ് കൊച്ചി എന്ന ഹോട്ടല്‍ ഗ്രൂപ്പും ഒരു ഡ്രസ് ഷോപ്പും ഇവര്‍ നടത്തി വരുന്നു. ജാബിദിന്റെ അമ്മാവന്റെ മകനാണ് ഷഫീഖ്.

---- facebook comment plugin here -----

Latest