Connect with us

Kozhikode

അജന്യക്ക് സൺറൈസ് ഹോസ്പിറ്റൽ ഗ്രൂപ്പ് ജോലി നൽകും SIRAJ IMPACT

Published

|

Last Updated

കോഴിക്കോട് | നിപ്പായെ അതിജയിച്ച് നഴ്സിംഗ് കോഴ്സ് പൂർത്തിയാക്കിയ അജന്യക്ക് സ്റ്റാഫ് നഴ്‌സായി ജോലി നൽകുമെന്ന് പ്രമുഖ ആശുപത്രി ഗ്രൂപ്പായ സൺറൈസ് ഹോസ്പിറ്റൽ. “അജന്യക്ക് ജോലി വേണം, നിപ്പാ കാലത്തെ സ്നേഹം തിരിച്ചുനൽകാൻ” എന്ന സിറാജ് വാർത്തയെ തുടർന്നാണ് ആശുപത്രി അധികൃതർ ജോലി നൽകാൻ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നത്. വാഗ്ദാനം അറിയിച്ചു കൊണ്ടുള്ള കത്ത് ആശുപത്രി അധികൃതർ അജന്യക്ക് കൈമാറി.

കഴിഞ്ഞ ഡിസംബറിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നിന്ന് ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് പാസായ അജന്യക്ക് നഴ്സിംഗ് കൗൺസിലിന്റെ അംഗീകാരവും ലഭിച്ചിരുന്നു. നഴ്സിംഗിന് പഠിക്കുന്നതിനിടെയാണ് അജന്യക്ക് നിപ്പാ ബാധിച്ചത്. ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും കഠിനപരിശ്രമത്തിനൊടുവിൽ അജന്യ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ഇടക്ക് മുടങ്ങിയ പഠനം പൂർത്തിയാക്കിയ ഇവർ ഫസ്റ്റ് ക്ലാസോടെ നഴ്സിംഗ് കോഴ്സ് പാസായി. കൊറോണ സമയത്ത് താത്കാലികമായെങ്കിലും ജോലി ലഭിക്കണമെന്ന് ഇവർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ഇതേതുടർന്ന് വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് സൺറൈസ് ഹോസ്പിറ്റൽ സ്റ്റാഫ് നഴ്സായി ജോലി നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. എറണാകുളം കാക്കനാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആശുപത്രി ഗ്രൂപ്പായ സൺറൈസ് ഹോസ്പിറ്റലിന് കാസർകോട്, കാഞ്ഞങ്ങാട്, ചങ്ങരംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ലാപ്റോസ്‌കോപ്പി സർജറി, ലാപ്റോസ്‌കോപിക് ക്യാൻസർ സർജറി എന്നിവക്ക് പ്രസിദ്ധിയാർജിച്ച ആശുപത്രിയിൽ എല്ലാ വിഭാഗവും വിപുലമായി പ്രവർത്തിക്കുന്നു. ലോക്ക്ഡൗൺ കാലത്ത് ആവശ്യമായവർക്ക് വീടുകളിൽ ആതുര സേവനവും വാഹനവുമുൾപ്പെടെ സൗജന്യമായി നൽകുന്ന ആശുപത്രിയുടെ സമൂഹിക സന്നദ്ധതയുടെ ഭാഗമായാണ് നിപ്പായെ അതിജയിച്ച അജന്യക്ക് ജോലി നൽകാമെന്ന് അറിയിച്ചിരിക്കുന്നതെന്ന് ചെയർമാൻ ഡോ. ഹഫീസ് റഹ്‌മാൻ പടിയത്ത്, എം ഡി പർവീൻ ഹഫീസ് എന്നിവർ പറഞ്ഞു.

---- facebook comment plugin here -----

Latest