Connect with us

Editorial

ഈ ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കരുത്

Published

|

Last Updated

DITOപാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സ്ഥിതി മെച്ചമാണെങ്കിലും ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിവേഗം തുടരുകയാണ്. യഥാര്‍ഥ കണക്കുകള്‍ തന്നെയാണോ പുറത്ത് വരുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 114 പേരാണ് ഇതിനകം മരിച്ചത്. ഇതുവരെ 4,041 കേസുകളാണ് വിവിധ സംസ്ഥാനങ്ങളിലായി സ്ഥിരീകരിച്ചത്. എന്നാല്‍ സാമൂഹിക വ്യാപനം സംഭവിച്ചു കഴിഞ്ഞിട്ടില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണ്. രോഗത്തിന്റെ സാമ്പത്തിക ആഘാതം വിവരണാതീതമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എല്ലാ അര്‍ഥത്തിലും സര്‍ക്കാറിനെ പിന്തുണക്കുകയും വിമര്‍ശനങ്ങള്‍ പരമാവധി ഒഴിവാക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഈ അവസരം കേന്ദ്ര സര്‍ക്കാര്‍ മുതലെടുക്കുന്നോ എന്ന് തോന്നിക്കുന്ന നിരവധി തീരുമാനങ്ങളുണ്ടായി എന്നത് ഖേദകരമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജമ്മു കശ്മീരുമായി ബന്ധപ്പെട്ടതാണ്. ജമ്മു കശ്മീരില്‍ സ്ഥിര താമസ പദവി ലഭിക്കാനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതും അവിടെ തൊഴില്‍ മേഖലയില്‍ നിന്ന് കശ്മീരികളെ തൂത്തെറിയാന്‍ ലക്ഷ്യമിട്ട് നിയമന ചട്ടങ്ങളില്‍ മാറ്റം വരുത്തിയതും ഈ കൊവിഡ് കാലത്താണ്. പല കോണില്‍ നിന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായെങ്കിലും ഈ നീക്കം സൃഷ്ടിച്ച സന്ദേശം വ്യക്തമാണ്. ഏത് മഹാമാരിയുടെ ഘട്ടത്തിലും തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ ഒളിച്ചു കടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കില്ല എന്നത് തന്നെയാണത്.

പുതിയ നിയമമനുസരിച്ച് താമസക്കാരന്‍ എന്ന നിര്‍വചനം മാറ്റിയിട്ടുണ്ട്. കശ്മീരില്‍ 15 വര്‍ഷം താമസിച്ചവര്‍ക്കും ഏഴ് വര്‍ഷം അവിടെ പഠിച്ചവര്‍ക്കും 10, 12 ക്ലാസുകളിലെ പരീക്ഷ അവിടെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ വെച്ച് എഴുതിയവര്‍ക്കുമാണ് ജമ്മു കശ്മീരിലെ താമസക്കാരന്‍ എന്ന പദവിക്ക് അര്‍ഹതയുണ്ടാകുക. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്കും അര്‍ഹതയുണ്ട്. കശ്മീരിന്റെ ഡീമോഗ്രാഫിക് സവിശേഷതകള്‍ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാനാകൂ. ഇതു സംബന്ധിച്ച്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല നടത്തിയ വിമര്‍ശം പ്രധാനമാണ്. കശ്മീരി ജനതയുടെ മുറിവില്‍ മുളക് പുരട്ടുന്ന പരിപാടിയെന്നാണ് അദ്ദേഹം ഈ നിയമത്തെ വിശേഷിപ്പിച്ചത്. കൊവിഡ് ഭീതിയില്‍ ലോകം മുഴുവന്‍ കഴിയുമ്പോള്‍ കശ്മീരികളുടെ അഭിമാനത്തിന് മേല്‍ വീണ്ടും കടന്നു കയറുകയാണ് സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ സര്‍ക്കാര്‍ ജീവനക്കാരുടെ നിയമനത്തില്‍ ചില അട്ടിമറികളും കേന്ദ്ര സര്‍ക്കാറിന്റെ തിട്ടൂരത്തില്‍ കശ്മീര്‍ ഭരണകൂടം നടത്തിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പുതിയ നിയമത്തില്‍ ജൂനിയര്‍ അസിസ്റ്റന്റ്, പ്യൂണ്‍ പോലുള്ള താഴ്ന്ന പദവിയിലുള്ള തസ്തികകള്‍ മാത്രമാണ് കശ്മീരികള്‍ക്ക് സംവരണം ചെയ്തത്. ബാക്കിയുള്ള എല്ലാ തസ്തികകളിലേക്കും രാജ്യത്തുടനീളമുള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിന് മുമ്പ് എല്ലാ സര്‍ക്കാര്‍ ജോലികളിലേക്കും കശ്മീരില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് മാത്രമായിരുന്നു നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത്. വലിയ പ്രതിഷേധമുയര്‍ന്നതോടെ ഈ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ തസ്തികയിലെ ജോലി തദ്ദേശീയരായ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരിക്കും എന്ന പഴയ നിലയിലേക്ക് തന്നെ മാറാനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. കശ്മീരില്‍ ഈ കൊവിഡ് കാലത്തും 2ജി വേഗത്തിലേ ഇന്റര്‍നെറ്റ് കിട്ടൂ എന്ന് കൂടി ചേര്‍ത്ത് വായിക്കണം.

കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്നവര്‍ക്ക് കാണാന്‍ ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ പുനഃസംപ്രേഷണം ചെയ്യാനുള്ള തീരുമാനവും അത്ര നിഷ്‌കളങ്കമാണെന്ന് കാണാനാകില്ല. ഇന്ത്യയില്‍ സംഘ് രാഷ്ട്രീയത്തിന് അടിത്തറ പാകുന്നതില്‍ മഹാഭാരതം, രാമായണം സീരിയലുകള്‍ക്കുള്ള പങ്ക് ഗവേഷകരെല്ലാം വ്യക്തമാക്കി കഴിഞ്ഞതാണ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ഈ സീരിയലുകള്‍ പുനരാനയിക്കപ്പെടുന്നതിന്റെ ലക്ഷ്യമെന്തായിരിക്കും? ബാബരി മസ്ജിദ് ധ്വംസനത്തില്‍ കലാശിച്ച രാമജന്‍മഭൂമി പ്രസ്ഥാനത്തില്‍ നിന്ന് ബി ജെ പി നേടിയെടുത്ത രാഷ്ട്രീയ ലാഭമാണ് തുടര്‍ച്ചയായി അധികാരത്തില്‍ വരാന്‍ മൂലധനമായത്. തികച്ചും വശം ചരിഞ്ഞ കോടതി വിധിയിലൂടെ ആ വിഷയം അസ്തമിച്ചിരിക്കുന്നു. ഇനി രാമക്ഷേത്ര നിര്‍മാണം മാത്രമാണ് മുന്നിലുള്ളത്. ഈ അവസാന ഘട്ടത്തിലും പരമാവധി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാകുമോയെന്നാണ് നോക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം ലംഘിച്ചാണ് യോഗി ആദിത്യനാഥും സംഘവും രാമക്ഷേത്ര നിര്‍മാണത്തിന് മുന്നോടിയായുള്ള പൂജ നടത്തിയത് എന്നോര്‍ക്കണം.

ബേങ്ക് ലയനം നടപ്പാക്കുകയെന്ന മുന്‍ തീരുമാനം നടപ്പാക്കുന്നത് നീട്ടിവെക്കാന്‍ ഈ കൊവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ബേങ്ക് ജീവനക്കാരെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് തള്ളിവിട്ട ഈ തീരുമാനത്തിനെതിരായ പ്രതിഷേധം മറികടക്കാനുള്ള അവസരമായാണ് കൊവിഡ് കാലത്തെ ധനകാര്യ മന്ത്രാലയം കണ്ടത്. ഇസ്‌റാഈലുമായി ആയുധ കരാറില്‍ ഒപ്പുവെക്കുന്നതിനും കൊവിഡ് കാലം കേന്ദ്ര സര്‍ക്കാറിന് തടസ്സമായില്ല. കൊവിഡ് ദുരിതാശ്വാസം നല്‍കുന്നതില്‍ പോലും രാഷ്ട്രീയ പക്ഷപാതിത്വം കാണിച്ചുവെന്നാണ് ഏറ്റവും ഒടുവില്‍ മനസ്സിലാകുന്നത്. കേരളത്തിന് അനുവദിച്ചത് 157 കോടി മാത്രമാണ്. മഹാരാഷ്ട്രക്ക് നല്‍കിയിരിക്കുന്നത് 1,611 കോടി രൂപയാണ്. യു പി -996 കോടി, ഒഡീഷ- 802 കോടി, രാജസ്ഥാന്‍- 740 കോടി ഇങ്ങനെ പോകുന്നു കണക്കുകള്‍.

ബി ജെ പി അധ്യക്ഷന്‍ ജെ പി നഡ്ഡ പറഞ്ഞത് തന്നെയാണ് ഞങ്ങള്‍ക്കും ആവര്‍ത്തിക്കാനുള്ളത്. ഈ ദുരന്ത മുഖത്ത് രാഷ്ട്രീയം കളിക്കരുത്. എല്ലാവരെയും ഒരുമിച്ച് നിര്‍ത്തേണ്ട ഘട്ടമാണിത്. രാഷ്ട്രീയ അജന്‍ഡകള്‍ മാറ്റിവെച്ച് മാതൃക കാണിക്കേണ്ടത് ഭരണത്തലപ്പത്തുള്ളവരാണ്.

Latest