Connect with us

Covid19

ഇന്ത്യയില്‍ കൊവിഡ് മരണം നൂറ് കടന്നു; 12 മണിക്കൂറിനിടെ മരിച്ചത് 26 പേര്‍

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് വേഗത വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 693 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 4067 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് നാലാം ദിവസമാണ് ഇന്ത്യയില്‍ 500ന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതെന്നും ഇത് ആശങ്ക ഏറ്റുന്നുവെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 32 പേരാണ്. 12 മണിക്കൂറിനുള്ളില്‍ മാത്രം 26 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 109 ആയി.

ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസിന്റെ 30 ശതമാനവും ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഹ് സമ്മേളനവുമായി ബന്ധപ്പെട്ടവരിലാണ്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ രോഗം ബാധിച്ചവരില്‍ ഇപ്പോള്‍ 3666 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 295 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.

മഹാരാഷ്ട്രിയില്‍ അതീവ ഗുരുതരമായ അവസ്ഥയാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. 700 ഓളം പേര്‍ക്ക് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 50 ഓളം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച് മുംബൈ സെന്‍ട്രലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നേഴ്‌സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതില്‍ നിരവധി മലയാളി നേഴ്‌സുമാരും ഉള്‍പ്പെടും.
തമിഴ്‌നാട്ടില്‍ 600 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ച് മരണങ്ങളും തമിഴ്‌നാട്ടിലുണ്ടായി. ഡല്‍ഹിയില്‍ 503 കേസുകളും ഏഴ് മരണവും തെലുങ്കാനയില്‍ 321 കേസും ഏഴ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Latest