Connect with us

Covid19

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം; വരാന്‍ പോകുന്നത് വലിയ തൊഴില്‍ പ്രതിസന്ധി- രഘുറാം രാജന്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന് 19 പ്രതിസന്ധിയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലുടന്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് മുന്‍ ആര്‍ ബി ഐ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഇല്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും ഉടലെടുക്കുക. സാമ്പത്തികമായി നോക്കിയാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അടിയന്തരാവസ്ഥയാണ് ലോക്ക് ഡൗണിലേതെന്നും അദ്ദേഹം പറഞ്ഞു. “സമീപകാല ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി” എന്ന ബ്ലോഗിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

രാജ്യത്തെ ദരിദ്രര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും അടിയന്തിര സഹായം നല്‍കേണ്ടതുണ്ട് . ഇല്ലെങ്കില്‍ അതിജീവിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ ലോക്ഡൗണ്‍ ലംഘിച്ച് ജോലിക്ക് പോകുന്നതായിരിക്കും കാണേണ്ടിവരിക. ഡല്‍ഹിയിലെ കൂട്ടപാലായനത്തിന് സമാനമായിരിക്കും ഇത്.
“2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഒരു വലിയ ഞെട്ടലായിരുന്നു. പക്ഷേ അപ്പോഴും നമ്മുടെ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിഞ്ഞിരുന്നു.

നമ്മുടെ ധനകാര്യ സ്ഥാപനങ്ങള്‍ മികച്ച അവസ്ഥയിലേക്ക് കടക്കുകയുമായിരുന്നു. നമ്മുടെ സര്‍ക്കാറിന്റെ ധനസ്ഥിതി ആരോഗ്യകരമായിരുന്നു. കൊവിഡിനെതിരെ പ്രതിരോധിക്കുന്ന ഈ കാലത്ത് ഇവയിലൊന്നുപോലും നല്ല അവസ്ഥയിലല്ല ഉള്ളതെന്നും രഘുറാം രാജന്‍ പറഞ്ഞു.
വൈറസ് നിയന്ത്രണ വിധേയമായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാറിന് ഇപ്പോഴേ ധാരണ വേണം.ലോക്ഡൗണിന് ശേഷം എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് നമ്മള്‍ പദ്ധതി തയ്യാറാക്കണം. ഇത്രയേറെ ദിവസങ്ങള്‍ രാജ്യം അടച്ചുപൂട്ടിയിടുക എന്നത് വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കാര്യമാണ്. അതുകൊണ്ട് വൈറസ് വ്യാപനം അധികം ഇല്ലാത്ത സ്ഥലങ്ങളെ എങ്ങനെ പഴയ രീതിയിലേക്കെത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest