Connect with us

Kozhikode

കൊറോണാ കാലത്തും മെഡിക്കൽ കോളജിന് പുറത്ത് അന്നം നൽകി ഇവർ

Published

|

Last Updated

മെഡിക്കൽ കോളജിന് സമീപം സഹായി വാദിസലാം പ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നു

കോഴിക്കോട് | കൊറോണ വ്യാപനത്തോടെ കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രി പരിസരത്തെ 90 ശതമാനം ഹോട്ടലുകളും അടച്ചിട്ടിരിക്കുകയാണ്. കൊറോണ പശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളിൽ മിക്കവരും നാടുവിട്ടതോടെയാണ് ഹോട്ടലുകൾ അടക്കേണ്ടി വന്നത്. കൂടാതെ രോഗികളുടേയും പരിചാരകരുടേയും എണ്ണവും നന്നായി കുറഞ്ഞിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യവും ആളുകളെ ഇരുത്തി ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന സർക്കാർ നിർദേശവുമെല്ലാം ഹോട്ടലുകളും മറ്റ് ഭക്ഷണശാലകളും അടച്ചിടാൻ കാരണമായി.

എന്നാൽ, നിലവിൽ ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും പരിചാരകർക്കും ഒരു നേരത്തെ കഞ്ഞിയെങ്കിലും നൽകി സഹായിക്കാൻ തയ്യാറാകുന്നവർ ജീവൻ പണയം വെച്ചാണ് ആശുപത്രി പരിസരത്തെത്തുന്നതെന്നത് മറ്റൊരു വസ്തുത. കൊറോണ കാലത്തും ഈ അലിവാർന്ന മനസ്സുകൾ കഞ്ഞിയും ചോറുമായി മുടങ്ങാതെ വിതരണം തുടരുകയാണ്.

സഹായി വാദിസലാം പ്രവർത്തകർ

മെഡിക്കൽ കോളജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഹായി വാദിസലാമിൽ കൊവിഡ് കാലത്തും ഭക്ഷണ വിതരണം മുടങ്ങാതെ തുടരുകയാണ്. വൈകുന്നേരം നാല് മണിയോടെ നിബന്ധനകൾക്ക് വിധേയമായി നിശ്ചിത അകലത്തിലെത്തിയാണ് ആളുകൾ ഭക്ഷണം വാങ്ങുന്നത്.
എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സാന്ത്വനം സമിതിയാണ് ഭക്ഷണ വിതരണത്തിന് സംവിധാനമൊരുക്കുന്നത്. സഹായി വാദിസലാം സെക്രട്ടറി നാസർ ചെറുവാടി , എസ് വൈ എസ് കോഴിക്കോട് ജില്ലാ സാന്ത്വനം സെക്രട്ടറി കബീർ എളേറ്റിൽ, ശംസുദ്ദീൻ പെരുവയൽ എന്നിവർ നേതൃത്വം നൽകുന്നു. കൊവിഡ് കാലത്ത് മെഡിക്കൽ കോളജിലേക്കാവശ്യമായ പി പി ഇ കിറ്റുകളടക്കം അവശ്യസാധനങ്ങളും സഹായി വാദിസലാം കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർക്ക് കൈമാറിയിരുന്നു.

കഞ്ഞി വിളമ്പി സന്നദ്ധ പ്രവർത്തകർ

കൊവിഡ് കാലത്ത് മെഡിക്കൽകോളജ് ആശുപത്രിയിലെത്തുന്നവരെ കഞ്ഞി വിളമ്പി സഹായിക്കുകയാണ് ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. ആശുപത്രിയോടനുബന്ധിച്ച ബസ് ഷെൽട്ടറിലാണ് നാല് പേരടങ്ങുന്ന സംഘം ദിവസേനെ കഞ്ഞിയുമായെത്തുന്നത്. രാവിലെ ഒമ്പത് മണിക്കാരംഭിക്കുന്ന കഞ്ഞി വിതരണം ഉച്ച വരെ നീളും.

മഠത്തിൽ അബ്ദുൽ അസീസ്, മൂസക്കോയ ഹാജി പെരിങ്ങളം, കെ പി അബ്ദുൽ ലത്വീഫ്, നാസർ മായനാട് എന്നിവരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. മെഡിക്കൽ കോളജ് പരിസരത്ത് കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി സ്വകാര്യ വ്യക്തികൾ തുടർച്ചയായി കഞ്ഞി നൽകി വരുന്നത്. കൊവിഡ് പ്രതിസന്ധിയിൽ താത്കാലികമായി നിലച്ച സാഹചര്യത്തിൽ കൂടിയാണ് സന്നദ്ധ പ്രവർത്തകർ മുൻകൈയെടുത്ത് കഞ്ഞി വിതരണമാരംഭിച്ചത്.

സി എച്ച് സെന്റർ

മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് രോഗികൾക്കും പരിചാരകർക്കും ഭക്ഷണം നൽകി ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ് സി എച്ച് സെന്റർ. രാവിലേയും വൈകുന്നേരവുമാണ് സി എച്ച് സെന്ററിന്റെ ഭക്ഷണ വിതരണം. കൊവിഡ് കാലത്ത് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കലക്ടറുടെ നിർദേശപ്രകാരം പരിചരിക്കുന്ന മെഡി.കോളജ് ക്യാമ്പസ് ഹൈസ്‌കൂളിലെ ക്യാമ്പിലേക്കുള്ള ഭക്ഷണവും സി എച്ച് സെന്റർ നൽകുന്നുണ്ട്.

സി എച്ച് സെന്റർ ജനറൽ സെക്രട്ടറി എം എ റസാഖ് മാസ്റ്റർ, സമദ് പെരിന്തൽമണ്ണ, സഈദ് പേരാമ്പ്ര, ഖാദർ ഹാജി കാരന്തൂർ എന്നിവരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നത്.

അലി മേപ്പാല

സംഘടനാ ലേബലുകളൊന്നുമില്ലാതെ കൊവിഡ് കാലത്ത് ആശുപത്രിയിലുള്ളവർക്കും ജീവനക്കാർക്കും ഭക്ഷണമെത്തിച്ചുകൊടുക്കുകയാണ് അലി മേപ്പാല എന്ന സന്നദ്ധ പ്രവർത്തകൻ. ദിവസവും ഇരുനൂറോളം പൊതിച്ചോറുകളുമായി ഉച്ച സമയത്ത് ആശുപത്രി പരിസരത്തെത്തുന്ന ഇയാൾ ആവശ്യക്കാർക്കെല്ലാം ഭക്ഷണം നൽകിയ ശേഷം കോഴിക്കോട് നഗരത്തിലെത്തിയും ഭക്ഷണം വിതരണം ചെയ്യുകയാണ്.

ജില്ലാ കലക്ടറുടെ സുഭിക്ഷം ഗ്രൂപ്പിലും അലി അംഗമാണ്. പി ടി എ റഹീം എം എൽ എയുടെ നേതൃത്വത്തിലുള്ള നാഷനൽ സെക്യുലർ കോൺഫറൻസിന്റെ ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ബിസിനസുകാരനായ ഇയാൾ സ്വന്തം ചെലവിലാണ് കൊവിഡ് കാലത്തെ ഭക്ഷണം വിളമ്പുന്നത്.

Latest