Connect with us

Covid19

കൊവിഡ്: ഒരേസമയം ആശങ്കയും ആത്മവിശ്വാസവും പ്രകടിപ്പിച്ച് പാക് പ്രധാന മന്ത്രി

Published

|

Last Updated

ഇസ്ലാമാബാദ് | കൊവിഡ് 19 വൈറസ് ഉയര്‍ത്തിയ ഭീഷണിയില്‍ നിന്ന് നിലവില്‍ പാക്കിസ്ഥാന്‍കാരാരും മുക്തരല്ലെന്ന മുന്നറിയിപ്പുമായി പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. എന്നാല്‍, വെല്ലുവിളിയെ അതിജീവിച്ച് രാജ്യം ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്ത് കൊവിഡ് കേസുകള്‍ 2,818 ആയി വര്‍ധിച്ച സാഹചര്യത്തിലാണ് ഇമ്രാന്റെ പ്രസ്താവന. പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ലാഹോറില്‍ നടത്തുന്ന പ്രതിരോധ നടപടികള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം കടുത്ത ആശങ്കക്കൊപ്പം ആത്മവിശ്വാസവും പ്രകടിപ്പിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന പഞ്ചാബ് പ്രവിശ്യയിലാണ് രോഗികളും കൂടുതലുള്ളത്. ആയിരത്തിലധികം പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി ലാഹോറില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മിച്ച, 1000 കിടക്കകളുള്ള താത്ക്കാലിക ആശുപത്രിയും ഇമ്രാന്‍ സന്ദര്‍ശിച്ചു.

“കൊവിഡ് തങ്ങളെ ബാധിക്കില്ലെന്ന മിഥ്യാധാരണ ആര്‍ക്കും വേണ്ട. ഏറ്റവും കൂടുതല്‍ സമ്പന്നര്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് തന്നെ ഇതിന് വലിയ തെളിവാണ്. മഹാമാരി എന്ന് അവസാനിക്കുമെന്നും എത്രമാത്രം ദുരന്തമാണ് അത് വരുത്തിവെക്കുകയെന്നും താനുള്‍പ്പെടെ ആര്‍ക്കും അറിയില്ല. ഒരിക്കല്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞാല്‍ എല്ലാം മുക്കിക്കളയുന്ന വൈറസാണത്. കടുത്ത വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെത് തീര്‍ത്തും
വ്യത്യസ്തമായ ഒരു രാഷ്ട്രമാകും. ഈയൊരു കാലത്തെ പരീക്ഷണമായും വെല്ലുവിളിയായും സമീപിക്കാന്‍ കഴിയുന്നവര്‍ കരുത്തരായി മാറും “- പാക് പ്രധാന മന്ത്രി പറഞ്ഞു. ജനങ്ങളെ രക്ഷിക്കാന്‍ കഴിയാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചത്തെ കണക്കു പ്രകാരം പാക്കിസ്ഥാനില്‍ 2,8,18 പേരാണ് കൊവിഡ് പോസിറ്റീവായിട്ടുള്ളത്. 41 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. പഞ്ചാബില്‍ 1,1,31 ആണ് കൊവിഡ് ബാധിതരുടെ ആകെ എണ്ണം. സിന്ധാണ് രണ്ടാമത്- 839. ഖൈബര്‍ പക്തുണ്‍ഖുവ,- 383, ഗില്‍ഗിത്-ബാള്‍തിസ്ഥാന്‍- 193, ബലൂചിസ്ഥാന്‍- 185, ഇസ്ലാമാബാദ്- 75, പാക് അധീന കശ്മീര്‍- 12 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

---- facebook comment plugin here -----

Latest