Connect with us

Covid19

കൊവിഡ് 19: മസ്ജിദുല്‍ ഹറമും മത്വാഫും അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനം സജീവം

Published

|

Last Updated

മക്ക | മസ്ജിദുല്‍ ഹറമില്‍ കൊവിഡ് -19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മസ്ജിദുല്‍ ഹറമിലെ പ്രവേശന കവാടങ്ങളും മത്വാഫും നിസ്‌കാര സ്ഥലങ്ങളും അണുവിമുക്തമാക്കുന്ന ജോലികള്‍ സജീവമാക്കിയതായി ഹറംകാര്യ മന്ത്രാലയം അറിയിച്ചു. ദിവസവും അണുവിമുക്തമാക്കാന്‍ മൂന്ന് ഷിഫ്റ്റുകളിലായി 3,500 തൊഴിലാളികളാണ് പ്രവര്‍ത്തിക്കുന്നത്. കഅ്ബക്ക് ചുറ്റുമുള്ള മത്വാഫ് ദിവസവും ആറ് തവണയാണ് അണുനശീകരണം നടത്തുന്നത്. ഇതിനായി ഉന്നത നിലവാരമുള്ളതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ 2,160 ലിറ്റര്‍ രാസലായനിയാണ് ഉപയോഗിക്കുന്നത്.

മത്വാഫില്‍ ഉപയോഗിക്കുന്ന മുഴുവന്‍ ശുചീകരണ ഉപകരണങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. മുസ്ഹഫ് സൂക്ഷിക്കുന്ന സ്ഥലങ്ങളും മത്വാഫിലേക്കുള്ള വഴികളും പ്രവേശന കവാടങ്ങളും ദിവസവും കഴുകുകയും അണുമുക്തമാക്കുകയും ചെയ്യുന്നുണ്ട്. സംസം പുണ്യജലം കുടിക്കുന്നതിനായി സൂക്ഷിക്കുന്ന കൂളറുകളും ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും 450 തൊഴിലാളികളെയാണ് സംസം അഡ്മിനിസ്‌ട്രേഷന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്. മസ്ജിദുല്‍ ഹറം പള്ളിയില്‍ ഏകദേശം 27,000 സംസം കൂളറുകളാണുള്ളത്.