Connect with us

Editorial

മഹാമാരിക്കിടയിലും വർഗീയ അജൻഡ പുറത്തെടുക്കുമ്പോൾ

Published

|

Last Updated

ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടതോടെ കൊറോണ രോഗത്തിനു വര്‍ഗീയഛായ വരുത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ചില കേന്ദ്രങ്ങള്‍. ഇന്ത്യയില്‍ കൊറോണയുടെ ഉത്ഭവ കേന്ദ്രം നിസാമുദ്ദീനിലെ തബ്‌ലീഗ് കേന്ദ്രമാണെന്ന മട്ടിലാണ് റിപ്പബ്ലിക് ടി വി വാര്‍ത്ത പടച്ചു വിട്ടത്. കൊറോണ ജിഹാദില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുക, നിസാമുദ്ദീനിലെ വില്ലന്‍ ആര് തുടങ്ങിയ ടൈറ്റിലുകളിലാണ് ചില ചാനലുകള്‍ ചര്‍ച്ച സംഘടിപ്പിച്ചത്. “ലൗജിഹാദു”കളുടെ ഇല്ലാ കഥകള്‍ക്ക് തുടക്കമിട്ട കേരളത്തിലെ ഒരു മാധ്യമത്തിന്റെ ഭാഷയില്‍ ഇത് തബ്‌ലീഗ് കൊറോണയാണ്.

തബ്‌ലീഗുകാരുടെ പ്രവര്‍ത്തനം താലിബാനിസമാണെന്നാണ് ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞത്. ഇപ്പേരില്‍ സംഘ്പരിവാറിന്റെ കീഴിലുള്ള സാമൂഹിക മാധ്യമങ്ങളും ഇസ്‌ലാമിനെ താറടിച്ചു കൊണ്ടുള്ള പ്രചാരണങ്ങള്‍ നടത്തി വരുന്നു. തബ്‌ലീഗ് സമ്മേളനത്തെ മറയാക്കി ഇസ്‌ലാം ഭീതി സൃഷ്ടിക്കുകയാണ് ഇവരുടെയൊക്കെ ലക്ഷ്യം. ബി ബി സി ഉള്‍പ്പെടെ രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു പടികൂടി കടന്ന് തബ്‌ലീഗുകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തിരിക്കുന്നു. കൊറോണ ബാധയുണ്ടോ എന്നറിയാനായി ആശുപത്രിയില്‍ ഏകാന്ത നിരീക്ഷണത്തിലായിരുന്ന തബ്‌ലീഗ് പ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് കേസ്. എം എം ജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തബ്‌ലീഗുകാര്‍ അടിവസ്ത്രങ്ങള്‍ ധരിക്കാതെ വാര്‍ഡില്‍ നടന്നുവെന്നും നഴ്‌സുമാരോട് അശ്ലീല ചിഹ്നങ്ങള്‍ കാണിച്ചുവെന്നുമൊക്കെയാണ് എഫ് ഐ ആറില്‍ പറയുന്ന കുറ്റങ്ങള്‍. 2017ല്‍ ഉത്തര്‍ പ്രദേശിലെ ഗോരക്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ഇല്ലാത്തത് കാരണം 60ലേറെ കുട്ടികള്‍ മരിക്കാനിടയായ ഘട്ടത്തില്‍, ആശുപത്രിയിലേക്ക് സ്വന്തം റിസ്‌കില്‍ 500ലേറെ ഓക്‌സിജന്‍ സിലിന്‍ഡറുകള്‍ എത്തിച്ചു കൂടുതല്‍ മരണം ഒഴിവാക്കിയ ഡോക്ടര്‍ കഫീല്‍ഖാനെ വ്യാജകുറ്റങ്ങള്‍ ചുമത്തി ജയിലിലടച്ച ക്രൂരനായ ഭരണാധികാരിയാണ് യോഗിയെന്നതിനാല്‍ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ഈ ആരോപണങ്ങളില്‍ എത്രത്തോളം വാസ്തവമുണ്ടെന്നു കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വിധേയമാക്കപ്പെടേണ്ടതുണ്ട്.

നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് തബ്‌ലീഗ് നേതൃത്വത്തിനു ഒട്ടേറെ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നത് ശരിയാണ്. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പാണ് സമ്മേളനം നടന്നതെങ്കിലും കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് അന്നും ചില നിയന്ത്രണങ്ങള്‍ നിലനിന്നിരുന്നു. വിശേഷിച്ചും വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ കാര്യത്തില്‍ കര്‍ശന നിരീക്ഷണം നടത്തി വരുന്ന ഘട്ടമായിരുന്നു അത്. ഇത്തരമൊരു സാഹചര്യത്തില്‍ വിദേശികള്‍ കൂടി ഉള്‍പ്പെട്ട വലിയ ആള്‍ക്കൂട്ടത്തിനു തബ്‌ലീഗ് കേന്ദ്രം വേദിയാക്കരുതായിരുന്നു സംഘടനാ നേതാക്കള്‍. 1,300ഓളം വിദേശ പ്രതിനിധികളടക്കം ഒമ്പതിനായിരത്തോളം ആളുകളാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം. വിദേശികള്‍ പലരും കൊറോണ പടര്‍ന്നു പിടിച്ച രാജ്യങ്ങളില്‍ നിന്ന് വന്നെത്തിയവരുമായിരുന്നു.

സമ്മേളനത്തിനെത്തിയ അണികള്‍ക്ക് നിസാമുദ്ദീന്‍ തബ്‌ലീഗ് കേന്ദ്രം തലവന്‍ മുഹമ്മദ് സാദ് നല്‍കിയ നിര്‍ദേശങ്ങളും തികഞ്ഞ അബദ്ധമായിപ്പോയി. “”ഒരു മസ്ജിദില്‍ ഒത്തു കൂടിയാല്‍ മരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. ഞാന്‍ നിങ്ങളോട് പറയട്ടെ, മരിക്കാന്‍ ഇതിലും നല്ലൊരു സ്ഥലമില്ല. ഡോക്ടര്‍മാര്‍ പറയുന്നതുകൊണ്ട് പള്ളിയിലെ പ്രാര്‍ഥനകള്‍ ഉപേക്ഷിക്കുകയോ ആളുകളുമായി ഇടപഴകാതിരിക്കുകയോ അരുത്. അല്ലാഹു ആണ് രോഗം നല്‍കിയത്. ഡോക്ടര്‍മാര്‍ക്കോ മരുന്നിനോ നമ്മളെ രക്ഷിക്കാനാകില്ല. നിങ്ങള്‍ പരസ്പരം കാണുന്നത് കൊണ്ടോ ഇടപഴകിയതു കൊണ്ടോ അസുഖം പടരുമെന്നു വിശ്വസിക്കരുത്. എല്ലാവരും പള്ളികള്‍ക്കുള്ളില്‍ ഒത്തുകൂടണം””. കൊവിഡ് 19മായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതില്ലെന്നായിരുന്നു ഇതിലൂടെ അദ്ദേഹം അണികളെ ഉത്‌ബോധിപ്പിച്ചത്.

ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയില്‍ നിന്നുടലെടുത്തതാണ് നേതാവിന്റെ ഈ വാക്കുകള്‍. പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുമ്പോള്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ പ്രവാചകര്‍ പഠിപ്പിച്ചതാണ്. ആരോഗ്യപരമായ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കേണ്ടതെന്നും രോഗശമനത്തിനു തേടേണ്ടതെന്നും പ്രവാചകര്‍ ഉണര്‍ത്തിയിട്ടുണ്ട്. പള്ളികള്‍ അടച്ചിട്ടു വീടുകളില്‍ ഇരിക്കാന്‍ മുസ്‌ലിം പണ്ഡിതന്മാര്‍ സമുദായത്തോട് ആഹ്വാനം ചെയ്തത് ഇതടിസ്ഥാനത്തിലാണ്. ഒരുപക്ഷേ, തബ്‌ലീഗ് കേന്ദ്രത്തിലെ കൂടിച്ചേരലുകള്‍ ഇത്രവലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് തബ്‌ലീഗ് നേതാക്കളോ അനുയായികളോ നിനച്ചിരിക്കില്ല. സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ പ്രതിനിധികളിലാര്‍ക്കും രോഗലക്ഷണങ്ങളുള്ളതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

എന്നിരിക്കെ തബ്‌ലീഗ് കേന്ദ്രത്തെ ഇന്ത്യയുടെ കൊറോണയുടെ ഹബ്ബ് എന്നു വിളിക്കുന്നതും കൊറോണ 786, കൊറോണ ജിഹാദ്, തബ്‌ലീഗ് ജിഹാദ് എന്നൊക്കെ വിശേഷിപ്പിക്കുന്നതും ദുരുദ്ദേശ്യപരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടതു പോലെ കൊറോണക്കു മതമില്ല. എല്ലാ വിശ്വാസക്കാരെയും വിശ്വാസമില്ലാത്തവരെയും അത് പിടികൂടും. തബ്‌ലീഗ് കേന്ദ്രത്തിലൂടെയാണ് കൊറോണ പടര്‍ന്നതെന്നു പ്രചരിപ്പിക്കുന്നവര്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു നടത്തിയ ആറ്റുകാല്‍ പൊങ്കാലയിലൂടെയാണ് കൊറോണ പടര്‍ന്നതെന്നു പറഞ്ഞു കാണുന്നില്ല. വിദേശികളെ അടുപ്പിക്കരുതെന്ന നിര്‍ദേശത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷത്തെ പൊങ്കാലക്ക് അനുമതി നല്‍കിയത്. എന്നാല്‍ പരിപാടിയില്‍ വിദേശികള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നതിന്റെ വാര്‍ത്ത ഫോട്ടോ സഹിതം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ലോക്ക്ഡൗണ്‍ പ്രഖ്യാപനം വന്ന ശേഷം യു പി മുഖ്യന്റെ നേതൃത്വത്തില്‍ അയോധ്യയില്‍ നടന്ന രാമവിഗ്രഹം മാറ്റിസ്ഥാപിക്കല്‍ ചടങ്ങ് അധികൃതരും ദേശീയ മാധ്യമങ്ങളും കണ്ടില്ലെന്നു നടിച്ചു. ഇസ്‌ലാമിലെ ഒരു അവാന്തര വിഭാഗമായ തബ്‌ലീഗുകാരില്‍ നിന്ന് നിയമലംഘനം ഉണ്ടായപ്പോഴാണ് അവരുടെയൊക്കെ ആരോഗ്യ ബോധവും കൊറോണ ഭീതിയും ഉണര്‍ന്നെഴുന്നേറ്റത്.

Latest