Connect with us

Covid19

കാസര്‍കോട്ടേക്കുള്ള പ്രത്യേക മെഡിക്കല്‍ സംഘം യാത്ര തിരിച്ചു; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കാസര്‍കോട് ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പ്രതിസന്ധിയുള്ളതെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ. കാസര്‍കോട്ടേക്കുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പ്രത്യേക ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വമേധയാ തയാറായി കാസര്‍കോട്ടേക്കു പോകുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.

കാസര്‍കോട്ടാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലുമാണ് കൂടുതല്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുള്ളത്. ചില ചെറിയ ആശുപത്രികളിലും വൈറസ് ബാധിതരുണ്ട്. ജില്ലാ കലക്ടര്‍, ഡി എം ഒ, ഡി പി ഒ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നല്ല പ്രവര്‍ത്തനമാണ് അവിടെ നടന്നുവരുന്നത്. എന്നാല്‍, വേണ്ടത്ര ഡോക്ടര്‍മാരോ മറ്റു ജീവനക്കാരോ ഇല്ലാത്ത പ്രശ്‌നമുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ കൂടി നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 27
പേരടങ്ങിയ സംഘം കാസര്‍കോട്ടേക്കു പോകുന്നത്.  13 ഡോക്ടര്‍മാരും 10 നഴ്‌സുമാരും നാല് നഴ്‌സിംഗ് അസിസ്റ്റന്റുമാരാണ് സംഘത്തിലുള്ളത്.
കാസര്‍കോട് മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം നടന്നുവരികയാണ്. ഒരു ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മെഡിക്കല്‍ കോളജിനെ പൂര്‍ണമായി കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രിയായി മാറ്റുകയാണ്. അതിനുള്ള സജ്ജീകരണങ്ങള്‍ ആയിക്കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.