Connect with us

Covid19

കൊവിഡ് -19: സഊദിയില്‍ മൂന്ന് മാസത്തെ ലെവി ഇളവുകള്‍ പ്രാബല്യത്തില്‍

Published

|

Last Updated

ദമാം | കൊവിഡ് -19 വ്യാപനത്തെ തുടര്‍ന്ന് സഊദി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്ന് മാസത്തെ ലെവി ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. 2020 മാര്‍ച്ച് 18 മുതല്‍ ജൂണ്‍ മുപ്പത് വരെ കാലാവധി അവസാനിക്കാറായ വിദേശികളുടെയും ആശ്രിതതരുടെയും ഇഖാമകളാണ് (റസിഡന്റ് പെര്‍മിറ്റ് ) മൂന്ന് മാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കിത്തുടങ്ങിയത്. സൗജന്യ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഓട്ടോമാറ്റിക് ആയാണ് നല്‍കിയിരിക്കുന്നത്. അബ്ഷിര്‍ വഴി ഇഖാമ നമ്പറില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈലുകളിലേക്ക് പുതുക്കി കഴിഞ്ഞവര്‍ക്ക് മെസ്സേജുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങി വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതു മൂലം സഊദിയില്‍ തിരിച്ചെത്താന്‍ കഴിയാത്തവരുടെയും ഇഖാമകള്‍ ഓണ്‍ലൈന്‍ വഴി പുതുക്കി നല്‍കിയിട്ടുണ്ട്. ഇഖാമ പുതുക്കുന്നതിനായി ലെവി അടച്ചവര്‍ക്കും പുതിയ ആനുകൂല്യം ലഭ്യമാണ്. ഇവര്‍ക്ക് മൂന്നു മാസത്തെ അധിക കാലാവധി ഉണ്ടായിരിക്കും. എക്‌സിറ്റ് ലഭിച്ച് നാട്ടില്‍ പോവാന്‍ കഴിയാതെ സഊദിയില്‍ കഴിയേണ്ടി വന്നവര്‍ അവരുടെ എക്‌സിറ്റ് ക്യാന്‍സല്‍ ചെയ്യേണ്ടതാണ്. വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ഇവര്‍ക്ക് പുതിയ എക്‌സിറ്റ് വിസ പാസ്‌പോര്‍ട്ട് മന്ത്രാലയം നല്‍കുന്നതാണ്. നിലവില്‍ ആയിരം റിയാലാണ് എക്‌സിറ്റ് കാലാവധി കഴിഞ്ഞാല്‍ പിഴ നല്‍കേണ്ടി വരിക.

Latest