Connect with us

Covid19

സാമൂഹിക അടുക്കളകളിലെ അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സാമൂഹിക അടുക്കളകളിലെ അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുക്കളയില്‍ നിയോഗിക്കപ്പെട്ട ആളുകള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. തദ്ദേശഭരണ സ്ഥാപനങ്ങള്‍ തോന്നിയ പോലെ സാമൂഹിക അടുക്കള തുടങ്ങാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതാണ് സര്‍ക്കാര്‍ നയം. സാമൂഹിക അടുക്കളയില്‍ നിന്ന് ആര്‍ക്കൊക്കെ ഭക്ഷണം നല്‍കണമെന്നതു മുന്‍കൂട്ടി തീരുമാനിച്ചിരിക്കണം. ഏതെങ്കിലും പ്രത്യേക താത്പര്യമോ പരിഗണനയോ വച്ച് കുറച്ചു പേര്‍ക്കു മാത്രം ഭക്ഷണം കൊടുക്കാമെന്ന് കരുതരുത്. ഇഷ്ടക്കാര്‍ക്ക് ഇവിടെ നിന്നു ഭക്ഷണം കൊടുക്കുന്നത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണം.

മൂന്നു ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ്‌ ഇന്ന് സാമൂഹിക അടുക്കള വഴി ഭക്ഷണം നല്‍കിയത്. ഇതു കഴിഞ്ഞ ദിവസത്തേക്കാള്‍ കൂടുതലാണ്. അതുകൊണ്ട് അര്‍ഹതയുള്ളവര്‍ക്കു മാത്രം ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം. കോട്ടയം നഗരസഭയുടെ തനത് ഫണ്ട് തീര്‍ന്നതിനാല്‍ അവിടുത്തെ സാമൂഹിക അടുക്കളയില്‍ സാധനത്തിന്റെ കുറവുണ്ടായി പൂട്ടുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ചുകോടി രൂപ അവരുടെ അക്കൗണ്ടില്‍ മിച്ചമുണ്ട്. സാമൂഹിക അടുക്കള നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലയായി കാണണം. ഫണ്ടിന്റെ ദൗര്‍ലഭ്യം ഉണ്ടാകില്ലെന്നും ആവശ്യത്തിനു പണം ചെലവഴിക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Latest