Covid19
പ്രകാശം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി പ്രമുഖര്‍

ന്യൂഡല്‍ഹി | വീടുകളില്‍ ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും രംഗത്ത്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കാണാതായും ഇവര്‍ക്കായി ഒരു ഇടപെടല്‍ നടത്താതെയും പ്രധാനമന്ത്രി നടത്തുന്ന വീഡിയോ സന്ദേശങ്ങള്‍ പ്രഹസനമാണെന്ന് നിരവധി പേര്‍ കുറ്റപ്പെടുത്തി.
രാജ്യം മോദിയെ കേട്ടത് പോലെ മോദി രാജ്യത്തെ രോഗപ്രതിരോധകരെയും സാമ്പത്തിക ശാസ്ത്രജ്ഞരെയും കേള്‍ക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി ചിദംബരം ആവശ്യപ്പെട്ടു. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലനില്‍ക്കെ സാമ്പത്തിക പ്രയാസം എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍ കുറ്റപ്പെടുത്തി. ലോാക്ഡൗണിന് ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവികാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം എന്നായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
മോദിയുടെ ആഹ്വാനത്തെ ഇവന്റ് മാനേജ്‌മെന്റ് 9.0 എന്നാണ് പ്രശസ്ത എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം പ്രഖ്യാപിക്കാതെ മോദി എന്താണ് ചെയ്യുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ചോദിച്ചു. ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കും ഇതുവരെ ക്ഷാമം ഉണ്ടായിരുന്നില്ല. ഇനി അതുംകൂടിയാകുമെന്ന് മുന്‍ ഐ എ എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍ പരഹസിച്ചു.പുര കത്തുമ്പോള്‍ ടോര്‍ച്ച് അടിക്കുന്ന പരിപാടി ഇറങ്ങിയിട്ടുണ്ടെന്ന് മലയാളം സിനി സംവിധായകന്‍ ലിജോ ജോസ് പില്ലിശ്ശേരി ഫേസ്ബൂുക്കില്‍ കുറിച്ചു.