Connect with us

Editorial

കൊവിഡ് 19: ഇന്ത്യ സാമൂഹിക വ്യാപനത്തിലേക്കോ?

Published

|

Last Updated

കൊവിഡ് 19 വൈറസ് വ്യാപനത്തില്‍ ഇന്ത്യ മൂന്നാം ഘട്ടത്തിലേക്ക് കടന്നുവോ? രണ്ടാം സ്റ്റേജിനപ്പുറത്തേക്ക് കടക്കാതിരിക്കാന്‍ രാജ്യം ശക്തമായി പൊരുതിക്കൊണ്ടിരിക്കെ അത് സംഭവിച്ചു കഴിഞ്ഞുവെന്നാണ് ചില ആരോഗ്യ വിദഗ്ധരുടെ പക്ഷം. കൊവിഡ് 19 ഹോസ്പിറ്റല്‍സ് ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഗിര്‍ധര്‍ ഗ്യാനി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് “ഔദ്യോഗികമായി നമ്മള്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം സ്‌റ്റേജിലെന്ന് പറയുന്നില്ലെങ്കിലും അതാണ് വാസ്തവമെന്നാണ്. കാര്യങ്ങള്‍ മൂന്നാം ഘട്ടത്തിന്റെ തുടക്കത്തില്‍ എത്തിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന അഞ്ച് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങള്‍ അതി നിര്‍ണായകമാണെന്നും അദ്ദേഹം വിലയിരുത്തുന്നു. സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെങ്കില്‍ ഇതുവരെ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ അത് പ്രകടമാകുന്നത് ഈ ദിവസങ്ങളിലായിരിക്കും.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയിലെ വിദഗ്ധരും രാജ്യത്ത് രോഗവ്യാപനം മൂന്നാം ഘട്ടത്തിലേക്ക് കടക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടുമെന്നാണ് രണ്ടാഴ്ച മുമ്പ് നടത്തിയ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇന്ത്യയിലെ ഉയര്‍ന്ന ജനസാന്ദ്രതയാണ് ഈ നിഗമനത്തിനു ഉപോത്ബലകമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. ചൈനയിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 148 പേരാണെങ്കില്‍ ഇന്ത്യയിലേത് 420 ആണ്. അകലം പാലിക്കുന്നത് രോഗവ്യാപനം തടയുമെങ്കിലും ഗ്രാമീണരിലും നഗരങ്ങളിലെ ദരിദ്രരിലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് വിദഗ്ധര്‍ ചോദിക്കുന്നു. ചേരിപ്രദേശങ്ങളെ പോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അനേകം ഇടങ്ങളുണ്ട് രാജ്യത്ത്. രോഗം അവിടങ്ങളിലേക്ക് പടരുന്ന സാഹചര്യം ഉണ്ടായാല്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകും.

വൈറസ് വ്യാപനത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടമാണ് മൂന്നാമത്തേത്. സാമൂഹിക വ്യാപനം ശക്തമാകുകയും ആര്‍ക്കൊക്കെ രോഗം പടര്‍ന്നെന്ന് കണ്ടെത്താനാകാതെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാറും നിസ്സഹായരാകുകയും ചെയ്യുന്ന ഭീതിദമായ ഘട്ടമാണിത്. അതേസമയം, രാജ്യത്ത് കൊറോണ വൈറസ് സമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം തീര്‍ത്തു പറയുന്നു. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്. നിലവിലെ ഇന്ത്യന്‍ സാഹചര്യത്തെ സമൂഹ വ്യാപനമെന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഇപ്പോഴും രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു. പല സംസ്ഥാനങ്ങളിലും സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മന്ത്രാലയത്തിന്റെ ഈ വിശദീകരണം.

എങ്കിലും ഡല്‍ഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ ആരോഗ്യ മന്ത്രാലയവും ആശങ്കയിലാണ്. പരിപാടിയില്‍ മൊത്തം 9,000 പേര്‍ പങ്കെടുത്തതായാണ് വിവരം. 1,300 പേര്‍ വിദേശികളും ബാക്കി ഇന്ത്യക്കാരും. കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിരുന്നു. കൊവിഡ് രോഗവാഹകരായാണ് ഇവരില്‍ പലരും സ്വദേശത്ത് മടങ്ങിയെത്തിയത്. ഇവരില്‍ നാനൂറോളം പേര്‍ക്ക് ഇതിനകം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവരുമായി ഇടപഴകിയവരെയും കണ്ടെത്തി സ്രവപരിശോധന നടത്തുകയും സമൂഹവുമായുള്ള അവരുടെ ഇടപെടല്‍ തടയുകയും ചെയ്തില്ലെങ്കില്‍ രോഗവ്യാപനം അനിയന്ത്രിതമാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിപാടിയില്‍ പങ്കെടുത്തവരുടെ പട്ടിക തയ്യാറാക്കി ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാറുകള്‍. കേരളത്തില്‍ നിന്ന് 300ലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായാണ് ഇന്റലിജന്‍സ് വിവരം.

സാമൂഹിക വ്യാപനത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും റാപിഡ് ടെസ്റ്റുകള്‍ നടത്തുകയും വേണമെന്നാണ് വിദഗ്ധ പക്ഷം. വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ദിവസങ്ങള്‍ക്കകം ശരീരം ആന്റിബോഡികള്‍ നിര്‍മിച്ചു തുടങ്ങും. വൈറസുകള്‍ രക്തത്തിലുണ്ടോ എന്ന് വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും കണ്ടെത്താന്‍ സാധിക്കുമെന്നതാണ് റാപിഡ് ടെസ്റ്റിന്റെ പ്രത്യേകത. ഏത് വൈറസുകള്‍ പടരുമ്പോഴും സാമൂഹിക വ്യാപനമുണ്ടായോ എന്നറിയാന്‍ ഈ ടെസ്റ്റാണ് ഉപയോഗപ്പെടുത്തുന്നത്. കേരളത്തില്‍ ഇത് നടത്താനുള്ള നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ജലദോഷപ്പനിയുമായി എത്തുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചത് കൊവിഡ് 19ന്റെ വ്യാപനത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭ റാപിഡ് ടെസ്റ്റിന് തീരുമാനിച്ചത്. വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍, അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍, വൈറസ് ബാധയുണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നവര്‍, കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, സാധാരണയില്‍ കവിഞ്ഞു ശ്വാസകോശ രോഗങ്ങള്‍ കാണപ്പെടുന്ന പ്രദേശത്തെ ജനങ്ങള്‍, ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ നിന്ന് മുക്തി നേടിയവര്‍ എന്നിവരിലാണ് ഈ പരിശോധന നടത്തുക. നിലവില്‍ കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമാണ് സ്രവപരിശോധനക്കു വിധേയമാക്കുന്നത്. പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതോടൊപ്പം സാമൂഹിക അകലം പാലിക്കുന്നതില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധപാലിക്കുകയും ചെയ്യേണ്ടതുണ്ട്. വിവിധ പ്രദേശങ്ങളില്‍ രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും തങ്ങള്‍ സുരക്ഷിതരാണെന്ന മട്ടില്‍ കറങ്ങി നടക്കുന്നുണ്ട് പലരും. രോഗത്തിന്റെ സാമൂഹിക പകര്‍ച്ചാ സാധ്യതയെയും അതിന്റെ ഭീതിദമായ അവസ്ഥയെയും സംബന്ധിച്ച് ജനങ്ങള്‍ സ്വയം ബോധവാന്മാരാകാതെ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പ്രതിരോധിക്കാനാകുകയില്ല ഈ മഹാമാരിയെ.

Latest