Connect with us

Kerala

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രം ഇടപെടണം: കേരള മുസ്‌ലിം  ജമാഅത്ത്

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നിവേദനം സമർപ്പിച്ചു.

ഗള്‍ഫ് മേഖലയില്‍ വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന പ്രവാസികളുടെ പ്രശ്‌നത്തില്‍ സത്വര ഇടപെടല്‍ ഉണ്ടാകണമെന്ന് കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാരും ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ ലേബര്‍ ക്യാമ്പുകളിലും മറ്റും മലയാളികള്‍ സാമൂഹിക അകലം പാലിക്കാനാവാതെ കൂട്ടത്തോടെയാണ് കഴിയുന്നത്. ഇതൊഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണത്തിന്റെ അഭാവവും ഉണ്ട്.

ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ സഹകരണത്തോടെ ഇന്ത്യക്കാര്‍ നടത്തുന്ന സ്‌കൂളുകളുള്‍പ്പെടെ ഉപയോഗപ്പെടുത്തുന്നതിന് സാഹചര്യമൊരുക്കണം.
വിദേശത്ത് നിന്ന് നാട്ടിലെത്തിയ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കാണപ്പെട്ട സാഹചര്യത്തില്‍ വിദേശത്ത് അവരോടൊപ്പം താമസിച്ചിരുന്ന മലയാളികളെ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സയും ലഭ്യമാക്കുന്നതിന് ഇടപെടണം.

തൊഴില്‍ നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന പ്രവാസികളെ കണ്ടെത്തി അവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കണം.
സന്ദര്‍ശക വിസയില്‍ ഗള്‍ഫ് നാടുകളിലെത്തിയ നിരവധിപേര്‍ മടക്കയാത്ര മുടങ്ങിയത് കാരണം വിസാ കാലാവധി കഴിഞ്ഞ് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കണം. കൊവിഡ് കാരണം കുവൈത്തിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് ഇത് ലഭ്യമാക്കാന്‍ ഇടപെടണം. ഒപ്പം വിസാ കാലാവധി കഴിഞ്ഞ് കുടുങ്ങിപ്പോയവര്‍ക്ക് ശിക്ഷാ നടപടികളോ പിഴയോ വരാതിരിക്കാന്‍ വേണ്ട നടപടികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഗള്‍ഫ് ഭരണാധികാരികള്‍ കാലാകാലങ്ങളായി മലയാളി പ്രവാസികളോട് അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ താമസം കൂടാതെ സ്വീകരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.

കൊവിഡ് 19ന്റെ വ്യാപനം തടയുന്നതിനും പ്രതിരോധ- സമാശ്വാസ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകൾ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ഇക്കാര്യങ്ങള്‍ക്കുള്ള പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്യുന്നതായി നിവേദനത്തില്‍ മുസ്്ലിം ജമാഅത്ത് അറിയിച്ചു. നിവേദനത്തിന്റെ പകര്‍പ്പ് കേരളത്തില്‍ നിന്നുള്ള എം പിമാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest