Connect with us

Covid19

സഊദിയിൽ അഞ്ചു പേർ കൂടി മരിച്ചു; ആകെ മരണം 21

Published

|

Last Updated

ദമാം | സഊദിയിൽ കോവിഡ് -19 ബാധിച്ച് അഞ്ച് പേർ കൂടി മരിച്ചതോടെ രാജ്യത്ത് മരണസംഖ്യ 21 ആയി ഉയർന്നു. വ്യഴാഴ്ച 165 പേർക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിത്. രോഗബാധിതരുടെ എണ്ണം 1885 ആയി ഉയർന്നതായും സഊദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി റിയാദിൽ നടത്തിയ പ്രതിദിന വാർത്താ സമ്മേളത്തിൽ പറഞ്ഞു.

മദീനയിൽ മൂന്നുപേരും , ദമാമിലും, ഖമീസ് മുഷൈത്തിലും ഒരാളുമാണ് മരിച്ചത്. മദീനയിൽ മരണപെട്ടവരിൽ രണ്ടു പേരും ദമാമിൽ മരണപെട്ട ഒരാളും വിദേശികളാണ്. ഇവർ ഏതു രാജ്യക്കാരനാണെന്ന് വ്യക്തമാക്കിയിട്ടില്ല. വ്യാഴാഴ്ച പുതുതായി 64 പേർ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 328 ആയി.

മക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ ഉള്ളത്. 48 പേർ. മദീന (46), ജിദ്ദ (30), അൽ-ഖഫ്ജി (9), റിയാദ് (9), ഖമിസ് മുഷൈത് (6), അൽ-ഖത്തീഫ് (5), ദമാം (4), ദഹ്‌റാൻ (4), അബഹ (2), റസ് തനുര ,അൽ-ഖോബാർ, അഹാദ് റുഫൈദ, ബിഷ (ഒന്ന് വീതം) എന്നിങ്ങെനയാണ് മറ്റിടങ്ങളിലെ കണക്ക്.

പുതുതായി രോഗ ബാധ കണ്ടെത്തിയവരിൽ രണ്ട് പേര് വിദേശത്തു നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്. 163 പേർക്ക് കോവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കം വഴിയാണ് വൈറസ് ബാധിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി കർഫ്യു നിയന്ത്രണങ്ങൾ തുടരുകയാണ്, കിംവദന്തികൾ ഒഴിവാക്കണമെന്നും ആരോഗ്യ സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും വക്താവ് പറഞ്ഞു.

മക്കയിലും മദീനയിലും കൂടുതൽ രോഗ ബാധ റിപ്പോർട്ട് ചെയ്തതോടെ ഇരു നഗരങ്ങളിലും കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച്ച മുതൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

സിറാജ് പ്രതിനിധി, ദമാം

Latest