Covid19
പൂര്‍ണമായും കൊവിഡ് മുക്തമെന്ന് ഉത്തര കൊറിയ; കേസുകള്‍ മറച്ചുവക്കുകയാണെന്ന് ദക്ഷിണ കൊറിയയും യു എസും

സോള്‍ | ലോകത്താകെ കൊവിഡ് 19 വൈറസ് അതിതീവ്ര ഗതിയില്‍ വ്യാപിക്കുന്നതിനിടെ തങ്ങള്‍ പൂര്‍ണമായും കൊവിഡ് മുക്തമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി ഉത്തര കൊറിയ. അയല്‍രാഷ്ട്രമായ ചൈനയില്‍ വൈറസ് ബാധ കണ്ടെത്തിയതിനു പിന്നാലെ ജനുവരിയില്‍ തന്നെ അതിര്‍ത്തികള്‍ അടച്ചുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഉത്തര കൊറിയ ഏര്‍പ്പെടുത്തിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ നടപടികളും സ്വീകരിച്ചു. ഇതെല്ലാം കൊവിഡിനെ അകറ്റി നിര്‍ത്തുന്നതില്‍ ഫലപ്രദമായെന്ന് രാജ്യത്തെ സാംക്രമിക രോഗ വിരുദ്ധ വിഭാഗം ഡയറക്ടര്‍ പാക് മ്യോങ് സു വ്യക്തമാക്കി.
ഇതുവരെ ഉത്തര കൊറിയയില്‍ ആര്‍ക്കും കൊവിഡ് വൈറസ് ബാധിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ പാക് മ്യോങ് സു പറഞ്ഞു.
പുറത്തു നിന്ന് രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരെയും ക്വാറന്റൈന്‍ ചെയ്യുക, എല്ലാം വസ്തുക്കളെയും അണുനശീകരണം നടത്തി ശുദ്ധീകരിക്കുക തുടങ്ങിയ ശാസ്ത്രീയമായ മുന്‍കൂര്‍ നടപടികള്‍ അവലംബിച്ചും സമുദ്ര-വ്യോമ അതിര്‍ത്തികള്‍ ഉള്‍പ്പെടെ അടയ്ക്കുകയും ചെയ്താണ് ഇത് സാധ്യമായത്.
അതേസമയം, ദുര്‍ബലമായ മെഡിക്കല്‍ സംവിധാനങ്ങളുള്ള ഉത്തര കൊറിയയില്‍ കൊവിഡ് ബാധിക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നും അവര്‍ പലതും മൂടിവക്കുകയാണെന്നുമാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്. ഉത്തര കൊറിയയില്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തനിക്ക് ഉറപ്പാണെന്ന് ദക്ഷിണ കൊറിയയിലെ യു എസ് സൈനിക കമാന്‍ഡര്‍ ജനറല്‍ റോബര്‍ട്ട് അബ്രാംസ് പറഞ്ഞു. ഒന്നുകൂടി കടന്ന് പ്രതിസന്ധിയിലൂടെയാണ് ഉത്തര കൊറിയ കടന്നുപോകുന്നതെന്നു പറഞ്ഞ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, വൈറസിനെതിരായ പോരാട്ടത്തില്‍ ആ രാഷ്ട്രത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായി വ്യക്തമാക്കി. ഇക്കാര്യം സൂചിപ്പിച്ച് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് യുന്നിന് അദ്ദേഹം കത്തയക്കുകയും ചെയ്തു.