Connect with us

Kerala

ഡോക്ടര്‍മാരുടെ കുറിപ്പില്‍ മദ്യം വിതരണം ചെയ്യണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

Published

|

Last Updated

കൊച്ചി | ഡോക്ടര്‍മാരുടെ കുറിപ്പില്‍ മദ്യം വിതരണം ചെയ്യണമെന്ന കേരള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. മൂന്നാഴ്ചത്തേക്കാണ് ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. കോടതി നടപടി ഫലത്തില്‍ സര്‍ക്കാറിന് തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എം പിയും ഡോക്ടര്‍മാരുടെ സംഘടനകളും മറ്റും നല്‍കിയ ഹരജിയിലാണ് കോടതി നടപടി. പാസ് ഉള്ളവര്‍ക്ക് ജീവനക്കാര്‍ വീട്ടില്‍ മദ്യം എത്തിച്ചു നല്‍കുകയും സര്‍വീസ് ചാര്‍ജായി നൂറു രൂപ ഈടാക്കുകയും ചെയ്യാമെന്ന് ബെവ്‌കോ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തിന് ഉള്‍പ്പെടെയാണ് സ്റ്റേ. അതേസമയം, കോടതി ഉത്തരവ് വരുന്നതിന് മുമ്പേ പാസ് അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നതായാണ് വിവരം.

സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി വാക്കാല്‍ വിമര്‍ശിച്ചു. ഉത്തരവിന്റെ പ്രസക്തിയില്‍ കോടതി സംശയമുന്നയിച്ചു. ഡോക്ടര്‍മാര്‍ കുറിക്കാന്‍ സാധ്യതയില്ലെങ്കില്‍ പിന്നെ ഉത്തരവ് എന്തിനെന്ന് കോടതി ചോദിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മദ്യത്തിന് അടിമകളായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്തിരുന്നു. ഉത്തരവ് സ്റ്റേ ചെയ്താല്‍ കൂടുതല്‍ പേര്‍ മരിക്കുമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി. കോടതി വിധി അംഗീകരിക്കുന്നതായും തുടര്‍ നടപടികള്‍ ആലോചിച്ചു തീരുമാനിക്കുമെന്നും എക്‌സൈസ് വകുപ്പു മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു. സാമൂഹിക പ്രശ്‌നത്തെ നേരിടാനാണ് ഉത്തരവിലൂടെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യവിമുക്തി കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് വിത്‌ഡ്രോവല്‍ സിന്‍ഡ്രോം ഒഴിവാക്കുന്നതിനായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം മദ്യം ലഭ്യമാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ ജി എം ഒ എ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തു വന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കെ ജി എം ഒ എ കരിദിനം ആചരിക്കുകയും ചെയ്തു.

 

Latest