Connect with us

Articles

ആത്മഹത്യകള്‍ ബാറടച്ചതുകൊണ്ടോ?

Published

|

Last Updated

മദ്യാസക്തിയുടെ ഗൗരവവും ഭീകരതയും ഈ കൊറോണ കാലത്താണ് പലരും തിരിച്ചറിയുന്നത്. മുമ്പ് മുഖം തിരിച്ച പലരും മദ്യാസക്തി സൃഷ്ടിക്കുന്ന വിപത്തിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. കുഞ്ഞ് ജനിച്ചാലും മരണം നടന്നാലും പല വീടുകളും മദ്യത്തില്‍ മുങ്ങുന്നു. ലോകത്തിലെ മുഴുകുടിയന്മാരുടെ മുന്‍പന്തിയിലാണ് ഇന്ത്യക്കാര്‍ എന്നാണ് പട്ട്യാല ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് നടത്തിയ ഗവേഷണ ഫലം വ്യക്തമാക്കുന്നത്. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ ഉണ്ടാക്കുന്ന അപകടത്തില്‍ പെട്ട് ഓരോ വര്‍ഷവും ഇന്ത്യയില്‍ 25,000 പേര്‍ മരിക്കുന്നു. 10 ലക്ഷം പേര്‍ക്ക് കൈകാലുകള്‍ നഷ്ടപ്പെടുക ഉള്‍പ്പെടെയുള്ള വന്‍ ദുരന്തങ്ങള്‍ സംഭവിക്കുന്നു. കേരളത്തിന്റെ കണക്കും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 2018ലെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് മദ്യപാന പ്രശ്‌നങ്ങള്‍ മൂലം കേരളത്തില്‍ ഒരു ദിവസം രണ്ട് പേര്‍ എന്ന നിലയില്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. ഗൃഹനാഥന്റെ മദ്യപാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കാരണം കുടുംബിനികളിലും ആത്മഹത്യ പെരുകുന്നതായി പല പഠനങ്ങളും പറയുന്നു. ഇതെല്ലാം ബാറുകളും ബിവറേജുകളും തുറന്നുവെച്ച കാലത്തു തന്നെ സംഭവിച്ചതാണെന്ന് കൂടി ഓര്‍മിപ്പിക്കട്ടെ. അതുകൊണ്ട് ഇപ്പോഴുണ്ടായ ആത്മഹത്യകള്‍ ബാറടച്ചതിന്റെ പ്രത്യാഘാതം എന്നതിലുപരി മദ്യാസക്തി രോഗത്തിന്റെ പ്രതിഫലനമാണ്.

മദ്യാസക്തി
ഒരു രോഗം

ഒരാളെ അനിയന്ത്രിതമായി കുടിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ആരോഗ്യം, ജോലി, മാനസികം, സൗഹൃദം, ദാമ്പത്യം എന്നീ പ്രധാന ജീവിത മേഖലകളിലെല്ലാം മദ്യാസക്തി പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. വല്ലപ്പോഴും മദ്യം കിട്ടാത്ത അവസ്ഥ വരുമ്പോള്‍ കൈകാല്‍ വിറയല്‍, അബോധാവസ്ഥ, പെട്ടെന്ന് ദേഷ്യപ്പെടല്‍ എന്നിവ അനുഭവപ്പെട്ടേക്കാം. ഈ അവസ്ഥയിലെത്തിയാല്‍ വ്യക്തി മദ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പറ്റാത്തവരായി എന്നര്‍ഥം. മദ്യത്തിന്റെ തുടര്‍ച്ചയായ ഉപയോഗം വ്യക്തികളില്‍ ശാരീരികവും മാനസികവുമായ ആശ്രിതത്വം ഉണ്ടാക്കുന്നു എന്നതാണ് ഇതിന് കാരണം. അതുകൊണ്ടാണ് ഇതിനെ തലച്ചോറുമായി ബന്ധപ്പെട്ട രോഗം (Brain Disease) എന്ന് വിളിക്കുന്നത്.
ന്യൂക്ലിയസ് അക്യുമ്പന്‍സും മദ്യാസക്തിയും
തലച്ചോറിലെ ന്യൂക്ലിയസ് അക്യുമ്പന്‍സ് ആണ് നമ്മുടെ സന്തോഷത്തെ നിയന്ത്രിക്കുന്നത്. മദ്യം തലച്ചോറിലെത്തുമ്പോള്‍ ഈ ന്യൂക്ലിയസ് അക്യുമ്പന്‍സില്‍ ഉത്തേജനം ഉണ്ടാകുന്നു. ഈ ഉത്തേജനമാണ് അവരില്‍ സന്തോഷം ഉണ്ടാക്കുന്നത്. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഉത്തേജനം ഉണ്ടാകാന്‍ മുമ്പ് കഴിച്ച അളവിലുള്ള മദ്യം പോരാതെ വരുന്നു. ഈ അവസ്ഥയില്‍ മദ്യത്തിന്റെ അളവ് കൂട്ടേണ്ടി വരുന്നു. ന്യൂക്ലിയസ് അക്യുമ്പന്‍സിന്റെ ഈ പ്രവര്‍ത്തനമാണ് ഒരാളെ മദ്യാസക്ത രോഗിയാക്കുന്നത്.

പിന്‍വാങ്ങല്‍
ലക്ഷണങ്ങള്‍

അമിത മദ്യപാനികളില്‍ കുടി നിര്‍ത്തുന്ന സമയം ഉണ്ടാകുന്ന ചില മാനസികവും ശാരീരികവുമായ പ്രതികരണമാണ് പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍. ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ്. പലരും ഇത് മദ്യം നിര്‍ത്തിയതുകൊണ്ടാണെന്നു തെറ്റിദ്ധരിച്ച് വീണ്ടും മദ്യം കഴിക്കുന്നു. സത്യത്തില്‍ ഇത്രയും കാലം അനിയന്ത്രിതമായി കഴിച്ച മദ്യം അയാളുടെ നാഡീവ്യവസ്ഥയിലും തലച്ചോറിലും ഉണ്ടാക്കിയ ആശ്രിതത്വമാണ് ഇതിനു കാരണം. അയാളുടെ നാഡീവ്യവസ്ഥയും തലച്ചോറും പ്രവര്‍ത്തിക്കാനും ഒരു ന്യൂറോണില്‍ നിന്ന് മറ്റൊരു ന്യൂറോണിലേക്ക് ആശയവിനിമയം നടക്കാനും മദ്യത്തിന്റെ സാന്നിധ്യം നിര്‍ബന്ധമാണ് എന്ന അവസ്ഥയിലേക്കു ശരീരം എത്തുന്നതാണ് ഇത്. ഇതിനെയാണ് ന്യൂറല്‍ അഡാപ്‌റ്റേഷന്‍ എന്ന് പറയുന്നത്. ഈ അവസ്ഥയില്‍ മദ്യം ഇല്ലാതെ തന്നെ ശരീരം പ്രവര്‍ത്തിക്കുന്ന തരത്തിലേക്ക് ന്യൂറോണുകളെയും തലച്ചോറിനെയും റീകണ്ടീഷന്‍ ചെയ്യുകയാണ് വേണ്ടത്. വീണ്ടും വീണ്ടും മദ്യം കൊടുത്തുകൊണ്ടിരിക്കുക എന്നത് അയാള്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയാണ് ചെയ്യുക. ഈ അപകടകരമായ ഘട്ടത്തെ ചില മരുന്നുകളുടെ സഹായത്തോടെ അതിജീവിക്കുകയാണ് വേണ്ടത്. ഇതിനെയാണ് പിന്‍വാങ്ങല്‍ ചികിത്സ (Withdrawal Treatment) എന്ന് പറയുന്നത്. താഴെ പറയുന്നവയാണ് പ്രധാന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍.
ഉത്കണ്ഠ, ഉറക്കക്കുറവ്, ദേഷ്യം, അടങ്ങിയിരിക്കാത്ത പ്രകൃതം, അക്രമ സ്വഭാവം, കൈ വിറയല്‍, നാവ് വഴങ്ങാത്തത് മൂലം അവ്യക്തമായ സംസാരം, ശരീരം വിയര്‍ക്കല്‍, ഛര്‍ദി, വിശപ്പില്ലായ്മ, അതിസാരം, നെഞ്ചുവേദന, ഇല്ലാത്ത വസ്തുക്കളെ കാണുകയും ഇല്ലാത്ത ശബ്ദം കേള്‍ക്കുകയും ചെയ്യല്‍, ഉന്മത്താവസ്ഥ, രക്തസമ്മര്‍ദം, ഓര്‍മക്കുറവ്, സ്ഥലകാലബോധം നഷ്ടപ്പെടുക, ആത്മഹത്യാ ചിന്തയും പ്രവണതയും, ചില അപൂര്‍വ ഘട്ടത്തില്‍ അപസ്മാരം.

ആര് മുന്‍കൈ
എടുക്കണം

മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി മദ്യാസക്ത രോഗിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയാണ് രോഗം ബാധിക്കുന്നത്. ഇത് ചിന്തയെയും പ്രശ്‌നപരിഹാരത്തിനുള്ള കഴിവിനെയും ഓര്‍മശക്തിയെയും തടസ്സപ്പെടുത്തുന്നു. തന്മൂലം തന്റെ രോഗം തന്നിലും മറ്റുള്ളവരിലും ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ തിരിച്ചറിയുക എന്നത് തന്നെ ഇവര്‍ക്കു പ്രയാസമായിരിക്കും. തലച്ചോറിനെ ബാധിക്കുന്നതിനാല്‍ യുക്തിപരമായ തീരുമാനം എടുക്കാന്‍ പോലും ഇവരില്‍ പലര്‍ക്കും സാധിക്കുകയില്ല. അതുകൊണ്ട് ഇത്തരം രോഗികളുടെ ഭാര്യമാരോ മക്കളോ രക്ഷിതാക്കളോ മറ്റു കുടുംബാംഗങ്ങളോ അടുത്ത സുഹൃത്തുക്കളോ ആണ് ഉചിതമായ തീരുമാനമെടുത്ത് ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കേണ്ടത്.

നേരത്തേയുള്ള ചികിത്സയിലൂടെ പ്രത്യാഘാതം കുറക്കാനും നേരത്തേയുള്ള രോഗശമനം ഉറപ്പുവരുത്താനും കഴിയും. ഇതിനാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ബന്ധപ്പെട്ട വകുപ്പുകളും സര്‍ക്കാറും ചെയ്യേണ്ടത്. ചികിത്സ തന്നെയാണ് പ്രധാനം. ഈ കൊറോണ കാലത്തും ഇവര്‍ക്ക് മദ്യം എങ്ങനെ എത്തിക്കാം എന്ന ചര്‍ച്ചയിലാണ് ബന്ധപ്പെട്ടവര്‍. അത് ഓണ്‍ലൈന്‍ വേണോ നേരിട്ട് വേണോ കൊറിയര്‍ വേണോ റേഷന്‍ ഷാപ്പ് വഴി വേണോ എന്നതൊക്കെയാണ് പ്രധാന ചര്‍ച്ച. ഇതെല്ലാം ഈ വിഷയത്തിലുള്ള നമ്മുടെ ധാരണ വ്യക്തമാക്കുന്നുണ്ട്. മദ്യം കുറച്ചു കൊണ്ടുവരിക എന്നത് പതിറ്റാണ്ടുകള്‍ക്കു മുമ്പേ നടന്ന ചികിത്സാ രീതിയായിരുന്നു. ചികിത്സാ രംഗം അവിടെ നിന്നും പുരോഗമിച്ചു എന്നതാണ് വസ്തുത. മദ്യാസക്തി രോഗം ഇത്രയേറെ ഭീകരമാണ് എന്ന യാഥാര്‍ഥ്യം മലയാളിയെ ഈ കാലം പഠിപ്പിക്കുന്നു. ഇനിയെങ്കിലും വസ്തുതകള്‍ അംഗീകരിച്ചുള്ള പദ്ധതികളാണ് സര്‍ക്കാറും സന്നദ്ധ സംഘടനകളും ആവിഷ്‌കരിക്കേണ്ടത്.

---- facebook comment plugin here -----

Latest