Covid19
കൊവിഡ് 19; പ്രതിരോധ നടപടികളില്‍ കേരളത്തിന് പിന്തുണയുമായി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍

ദുബൈ | കൊവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ കേരള സര്‍ക്കാറുമായി കൈകോര്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പിന്തുണാ പാക്കേജ് പ്രഖ്യാപിച്ചത്.
കൊവിഡ് 19 നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള കേരള സര്‍ക്കാറിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ആസ്റ്റര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന ചെയ്യും. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളില്‍ ആസ്റ്ററിന് ആശുപത്രികളുണ്ട്. വിദഗ്ധ പരിചരണത്തിനായി സര്‍ക്കാര്‍ അധികാരികള്‍ നിര്‍ദേശിച്ചയക്കുന്ന രോഗികള്‍ക്കായി ആസ്റ്റര്‍ ഈ ആശുപത്രികളിലേക്ക് 750 കിടക്കകള്‍ സമര്‍പ്പിക്കും.
ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെയും ആശുപത്രികളിലൂടെ, പകര്‍ച്ചവ്യാധികള്‍ക്കെതിരെ പോരാടുന്നതിന് സര്‍ക്കാറുകള്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ സന്നദ്ധമാണെന്ന് ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍ ഇന്ത്യ സി ഇ ഒ. ഡോക്ടര്‍ ഹരീഷ് പിള്ള പറഞ്ഞു. കൊവിഡിനെക്കുറിച്ച് ഉപദേശം തേടുന്ന ആളുകള്‍ക്കായി ലോകാരോഗ്യ സംഘടനയുടെയും സര്‍ക്കാറിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് തങ്ങളുടെ എല്ലാ ആശുപത്രികളും ഇപ്പോള്‍ ടെലി-ഹെല്‍ത്ത് സേവനങ്ങള്‍ നല്‍കിവരുന്നുണ്ടെന്ന് സി ഇ ഒ വ്യക്തമാക്കി. ആശുപത്രികളില്‍ നിലവിലുള്ള രോഗികളെ എത്തിച്ചേരാനിടയുള്ള പോസിറ്റീവ് കേസുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. ഹരീഷ് പിള്ള പറഞ്ഞു.
ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥലങ്ങളിലും പ്രഖ്യാപിച്ച മറ്റ് നടപടികള്‍ക്ക് പുറമെയാണ് ഈ ശ്രമങ്ങള്‍. കൊവിഡ് 19 നെക്കുറിച്ച് പൊതു ജനങ്ങള്‍ക്ക് കൃത്യമായ മെഡിക്കല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കാന്‍ ടെലി-മെഡിസിന്‍, കണ്‍സള്‍ട്ടന്‍സി സെന്ററുകള്‍ തുടങ്ങിയവ ഇന്ത്യയിലും ജി സി സിയിലുമുടനീളമുള്ള സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.