Connect with us

Covid19

തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കൊവിഡ്; പരിശോധനയില്‍ രോഗം കണ്ടെത്താത്ത വിദേശകളെ നാടുകടത്തണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 128 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്തോനേഷ്യയില്‍നിന്നും എത്തിയവരില്‍നിന്നാണ് രോഗം പടര്‍ന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച 124 പേരില്‍ 80 പേരും തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ വിദേശികളെയും കര്‍ശന പരിശോധനക്ക് വിധേയമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയില്‍ കോവിഡ് 19 നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അവരെ ലഭ്യമായ ആദ്യത്തെ വിമാനത്തില്‍ സ്വന്തം രാജ്യത്തേക്ക് നാടുകടത്തണമെന്നാണ് നിര്‍ദേശം.

വിമാനം ലഭ്യമാകുന്നത് വരെ കൊവിഡ് ഇല്ലാത്ത വിദേശികളെ ആതിഥേയര്‍ തന്നെ ക്വാറന്റീനില്‍ നിര്‍ത്തണമെന്നും സര്‍ക്കാര്‍ നിദേശിക്കുന്നു. സമ്മേളനത്തിനെത്തിയ വിദേശ പൗരന്‍മാര്‍ സംഘങ്ങളായി ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളിലേക്ക് യാത്ര നടത്തുന്നുണ്ട്. അത് സംസ്ഥാന സര്‍ക്കാറുകള്‍ പരിശോധിക്കുകയും അവരെ കണ്ടെത്തി സമ്പര്‍ക്കവിലക്കേര്‍പ്പെടുത്തുകയും ചെയ്യണം.

ഇന്ത്യയില്‍ നിന്നുള്ള തബ്‌ലിഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ മലേഷ്യയിലെ ക്വാലാലംപൂരിലെ പള്ളിയില്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.ഈ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പലര്‍ക്കും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍, മലേഷ്യയില്‍ നിന്ന് എത്തിയവരെ അടിയന്തരമായി വിശദ പരിശോധനക്ക് വിധേയരാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.

Latest