Connect with us

Editorial

കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലാക്കിയതാര്?

Published

|

Last Updated

ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനവും അവര്‍ അഭിമുഖീകരിക്കുന്ന മാനസിക സമ്മര്‍ദവും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പൗരന്മാരും അവരവരുടെ വീടുകളിലോ താമസ സ്ഥലങ്ങളിലോ തന്നെ തുടരണമെന്നും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും ഡല്‍ഹി പോലുള്ള വന്‍നഗരങ്ങളില്‍ നിന്ന് കുടുംബങ്ങളുമൊത്ത് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ് കുടിയേറ്റ തൊഴിലാളികള്‍. ഡല്‍ഹിയില്‍ നിന്ന് ആയിരക്കണക്കിനു കുടിയേറ്റ തൊഴിലാളി കുടുംബങ്ങളാണ് ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ തുടങ്ങി തങ്ങളുടെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു കൊണ്ടിരിക്കുന്നത്.

പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിലച്ചതിനാല്‍ കാല്‍നടയായും ഉന്തുവണ്ടികളിലുമാണ് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സംഘങ്ങള്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ താണ്ടുന്നതെന്നതാണ് ഏറെ ആശങ്കാജനകം. കഴിഞ്ഞ ദിവസം ഈ യാത്രക്കിടയില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹി ഉള്‍പ്പെടെ പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും അതീവ ദുഷ്‌കരമാണ് കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ. ചെറിയ ഇടുങ്ങിയ മുറികളില്‍ എട്ടും പത്തുമൊക്കെ പേരാണ് താമസിക്കുന്നത്. ഇവിടെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കാനാകില്ലെന്നു മാത്രമല്ല, നിന്നു തിരിയാന്‍ പോലും പറ്റിയെന്നു വരില്ല. സമീപത്താണെങ്കില്‍ ദുര്‍ഗന്ധം വമിക്കുന്ന ഓടകളും. ലോക്ക്ഡൗണ്‍ വന്നതോടെ ജീവിത മാര്‍ഗവും വഴിമുട്ടി. ചില തൊഴിലുടമകള്‍ തങ്ങളുടെ തൊഴിലാളികളെ കുടിയിറക്കിയിട്ടുമുണ്ട്. പിന്നെ ഇവര്‍ക്ക് നാട് പിടിക്കുകയല്ലാതെ മറ്റെന്തുവഴി. കൂട്ട പലായനത്തെക്കുറിച്ച് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരിഭ്രാന്തി മൂലമുള്ള തൊഴിലാളികളുടെ പലായനം കൊറോണ വൈറസിനേക്കാള്‍ വലിയ പ്രശ്‌നമായി മാറുകയാണെന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അഭിപ്രായപ്പെട്ടത്.
കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് കര്‍ശനമായി തടയണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഇതര സംസ്ഥാന തൊഴിലാളികളാരും നഗരം വിട്ടുപോകരുതെന്നും അവര്‍ക്കാവശ്യമായ ഭക്ഷണം, താമസം ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ കാല അനുഭവങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഈ വാഗ്ദാനം വാക്കുകളിലൊതുങ്ങാനേ സാധ്യതയുള്ളൂവെന്നും തങ്ങളെ ഏതുവിധേനയും സ്വന്തം വീടുകളിലെത്തിച്ചാല്‍ മതിയെന്നുമാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ ഡല്‍ഹിയിലെ വോട്ടര്‍മാരല്ലെന്നതിനാല്‍ അവര്‍ക്ക് സംസ്ഥാനത്ത് എന്നും പീഡനവും വിവേചനവുമായിരുന്നു. ഇതര സംസ്ഥാനക്കാരുടെ കൂട്ട പലായനം ആരോഗ്യപരമായി രാജ്യത്തിനു കടുത്ത ഭീഷണിയാണ്. വൈറസ് തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതത്വം തേടിയാണ് സ്വന്തം നാടുകളിലേക്ക് ഇവര്‍ പലായനം ചെയ്യുന്നത്. എന്നാല്‍ അവിടങ്ങളിലെ നില ഒട്ടും തൃപ്തികരമല്ല. കൂട്ടത്തോടെ എത്തുന്നവരെ ബാഹ്യസമ്പര്‍ക്കമില്ലാതെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള സംവിധാനമില്ല മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും. ആരോഗ്യ സംവിധാനങ്ങളും അങ്ങേയറ്റം പരിമിതമാണ.് മടങ്ങിവരുന്നവര്‍ക്ക് രോഗബാധക്ക് സാധ്യതയുള്ളതിനാല്‍ പല ഗ്രാമങ്ങളും അവരെ സ്വീകരിക്കാന്‍ തയ്യാറാകുന്നുമില്ല. മടങ്ങിയെത്തുന്നവരെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്ന വാര്‍ത്തകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ തിരിച്ചെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന സംഘത്തെ ഉദ്യോഗസ്ഥര്‍ റോഡില്‍ നിരത്തി നിര്‍ത്തിയ ശേഷം അണുനാശിനി തളിച്ചാണ് കടത്തിവിട്ടത്. ശുചീകരിക്കാനെന്ന നിലയില്‍ രാസവസ്തുക്കള്‍ സ്‌പ്രേ ചെയ്തത് പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാക്കുകയും ആശുപത്രികളില്‍ ചികിത്സ തേടേണ്ടി വരികയും ചെയ്തു. ഇത് വ്യാപകമായ പ്രതിഷേധമുളവാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് മധ്യപ്രദേശിലെ ഛത്തിസ്പൂര്‍ ജില്ലയില്‍ മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ നെറ്റിയില്‍ സ്ഥലത്തെ വനിതാ പോലീസ് എസ് പി “ഞാന്‍ ലോക്ക്ഡൗണ്‍ ലംഘിച്ചു. എന്നില്‍ നിന്നകലം പാലിക്കുക” എന്നെഴുതിയത് വിവാദമായിരിക്കുകയാണ്. ഈ ഉദ്യോഗസ്ഥക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് ഛത്തിസ്പൂര്‍ പോലീസ് മേധാവി.

നോട്ട് നിരോധന പ്രഖ്യാപനത്തിലെന്ന പോലെ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു മുമ്പും സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കവും നടത്താത്തതും ഒന്നോ രണ്ടോ ദിവസം സാവകാശം അനുവദിക്കാത്തതുമാണ് കുടിയേറ്റ തൊഴിലാളികളുടെ ഈ ദുരിതത്തിനും പരിഭ്രാന്തിക്കും പ്രധാന കാരണം. 130 കോടിയിലേറെ വരുന്ന ഇന്ത്യന്‍ ജനതയില്‍ 40 ശതമാനം പട്ടിണിയിലോ അര്‍ധപട്ടിണിയിലോ ആണ്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഇവര്‍ക്ക് സൃഷ്ടിക്കുന്ന പ്രയാസം ദുരീകരിക്കുന്നതിനു സര്‍ക്കാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ പദ്ധതികള്‍ പ്രഖ്യാപിക്കുകയോ ചെയ്തതുമില്ല. ചൈനയില്‍ രോഗം ബാധിച്ച വിവരം ഡിസംബര്‍ അവസാനത്തില്‍ ലോകം അറിഞ്ഞതാണ്.

താമസിയാതെ ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗത്തേക്കും രോഗം പടര്‍ന്നു. ഇന്ത്യയില്‍ ജനുവരിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പിന്നീട് രണ്ട് മാസം വേണ്ടിവന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിന്. ജനതാ കര്‍ഫ്യൂവിന് പ്രധാനമന്ത്രി രണ്ട് ദിവസത്തെ സാവകാശം നല്‍കിയിരുന്നു. ആ സാവകാശം പോലും മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ലോക്ക്ഡൗണിനു നല്‍കിയില്ല. മാര്‍ച്ച് 24ന് രാത്രി എട്ട് മണിക്കാണ്, അന്ന് അര്‍ധരാത്രി മുതല്‍ നടപ്പില്‍ വരുന്ന ലോക്ക്ഡൗണിന്റെ കാര്യം അദ്ദേഹം ജനങ്ങളെ അറിയിക്കുന്നത്. അവശേഷിക്കുന്ന നാല് മണിക്കൂറുകള്‍ കൊണ്ട് സംസ്ഥാന സര്‍ക്കാറുകള്‍ക്കോ പൊതുജനത്തിനോ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഒന്നോ രണ്ടോ ദിവസം മുമ്പ് ഇതുസംബന്ധിച്ചു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കെങ്കിലും സൂചന നല്‍കിയിരുന്നെങ്കില്‍ കുടിയേറ്റ തൊഴിലാളികളടക്കം ഇതിന് ഇരയാകുന്നവരുടെ ദുരിതം ഒട്ടേറെ ലഘൂകരിക്കപ്പെടുമായിരുന്നില്ലേ?

Latest