Kerala
ബ്ലസിയും പൃത്ഥിരാജും അടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ജോര്‍ദാനില്‍ കുടുങ്ങി; സഹായിക്കണമെന്ന് കത്ത്

കൊച്ചി | സംവിധായകന്‍ ബ്ലസിയും നടന്‍ പൃത്ഥ്വിരാജും അടക്കമുള്ള സിനിമ ഷൂട്ടിങ് സംഘം ജോര്‍ദാനില്‍ കുടുങ്ങി. ജോര്‍ജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവര്‍ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ആട്ജീവിതം എന്ന സിനിമയുടെ ചിത്രീകരണം ഇവിടെ തുടങ്ങിയത്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കെ ചിത്രീകരണം തുടരാനാകില്ലെന്ന് അധികൃതര് വ്യക്തമാക്കി.
ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിര്‍ത്തി വെപ്പിച്ചിരുന്നു.് ഏപ്രില്‍ എട്ടിനുള്ളില്‍ സംഘത്തിന്‍രെ വിസ കാലാവധി അവസാനിക്കും. അതിനാല്‍ തിരികെയെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറിനും സംസ്ഥാന, കേന്ദ്രസര്‍ക്കാരുകള്‍ക്കും കത്ത് നല്‍കി. ജോര്‍ദാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ പൂര്‍ണമായും നി!ര്‍ത്തിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നാം വാരം മുതല്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ സര്‍വീസ് പൂര്‍ണമായും ഇന്ത്യ നിര്‍ത്തിവച്ചിരുന്നു.
രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ഏപ്രില്‍ 14 വരെ രാജ്യത്തേക്ക് ഇവരെ തിരികെ കൊണ്ടുവരാനാകുമോ എന്ന് സംശയമുണ്ട്. ജോര്‍ദാനില്‍ത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബര്‍.