Connect with us

Articles

കൂട്ടപലായനങ്ങള്‍ വിരല്‍ചൂണ്ടുന്നത്‌

Published

|

Last Updated

2011ലെ കണക്കെടുപ്പനുസരിച്ച് നൂറ്റിഇരുപത്തിയൊന്ന് കോടി എട്ട് ലക്ഷത്തി അമ്പത്തിനാലായിരത്തി തൊള്ളായിരത്തി എഴുപത്തിയേഴാണ് ഇന്ത്യന്‍ യൂനിയനിലെ ജനസംഖ്യ. ഒരു ചതുരശ്ര കിലോമീറ്ററില്‍ ജീവിക്കുന്നവരുടെ എണ്ണം 382. കേരളമെടുത്താല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ ജീവിക്കുന്നവരുടെ എണ്ണം എണ്ണൂറില്‍ അധികമാകും. ഇങ്ങനെയൊരു ഭൂപ്രദേശത്തെ ഏതാണ്ട് പൂര്‍ണമായി അടച്ചിടുക എന്നത് ഏറെക്കുറെ അസാധ്യമാണ്. അസാധ്യമായത് 21 ദിവസം സാധ്യമാക്കുക എന്ന സാഹസത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്നിരിക്കുന്നത്. അതും വേണ്ട മുന്നൊരുക്കങ്ങളൊന്നുമില്ലാതെ.

2016 നവംബര്‍ എട്ട് ഏതാണ്ടെല്ലാ ഇന്ത്യക്കാരുടെയും ഓര്‍മയിലുണ്ടാകും. അന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, രാത്രി പന്ത്രണ്ട് മണി മുതല്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാകുകയാണെന്ന പ്രഖ്യാപനം നടത്തി. വിപണിയിലുണ്ടായിരുന്ന കറന്‍സിയുടെ ഏതാണ്ട് 80 ശതമാനം പിന്‍വലിക്കപ്പെട്ടതോടെ ജനം ദുരിതത്തിലായി. പ്രശ്‌നങ്ങളൊക്കെ 50 ദിവസം കൊണ്ട് പരിഹരിക്കുമെന്നും കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ക്ക് തന്നെ പരസ്യമായി ശിക്ഷിക്കാമെന്നും നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 50 ദിവസമല്ല, അഞ്ച് മാസം പിന്നിട്ടിട്ടും പ്രശ്‌നങ്ങള്‍ അവസാനിച്ചില്ല. ആ തീരുമാനം ഇന്ത്യയുടെ സമ്പദ് ഘടനയിലേല്‍പ്പിച്ച ആഘാതം ഇപ്പോഴും തുടരുകയുമാണ്.
നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചതില്‍ നിന്ന് ഭിന്നമാണ് കൊറോണ വൈറസ് പടരുന്ന സാഹചര്യം. അടിയന്തരമായ ചില തീരുമാനങ്ങള്‍ ഭരണകൂടത്തിന് എടുക്കേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ എത്രമാത്രം വിവേകം നമ്മുടെ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നുവെന്നത് പ്രധാനമാണ്. 121 കോടിയിലേറെ ജനങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരായിരിക്കെ, തൊഴില്‍ തേടി ഇതര ദേശങ്ങളില്‍ കുടിയേറിയവര്‍ എത്ര എന്ന് തിട്ടമില്ലാതിരിക്കെ തയ്യാറെടുപ്പ് അനിവാര്യമായിരുന്നു. അതില്ലാത്തതിന്റെ ഫലമാണ് രാജ്യമാകെ നടന്നുകൊണ്ടിരിക്കുന്ന കൂട്ടപലായനങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേക്കും രാജസ്ഥാനിലേക്കും ബിഹാറിലേക്കുമൊക്കെ പുറപ്പെട്ട ആയിരങ്ങളെ മാത്രമാണ് ഒരുപക്ഷേ ദൃശ്യങ്ങളായും ചിത്രങ്ങളായും രാജ്യം കണ്ടിട്ടുണ്ടാകുക. ഇവ്വിധമുള്ള പലായനം ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും നടക്കുകയാണ്.
തൊഴിലില്ലാതായതോടെ പട്ടിണിയിലാകുമെന്ന ഭീതിയാണ് ഇവരെ സ്വന്തം ഗ്രാമങ്ങളിലേക്ക് നടക്കാന്‍ പ്രേരിപ്പിക്കുന്നത്. വാടക കിട്ടില്ലെന്ന് ഉറപ്പായതോടെ കെട്ടിട ഉടമകള്‍ ഇറക്കി വിട്ടവരും കുറവല്ല. കുടിയേറ്റ തൊഴിലാളികള്‍ക്കും അടച്ചിട്ടതോടെ കുടുങ്ങിപ്പോയവര്‍ക്കും നേരത്തേ തന്നെ തെരുവ് ആധാരമായവര്‍ക്കും ഭക്ഷണം നല്‍കുന്നതിന് ദുരിതാശ്വാസ ഫണ്ടുകളില്‍ നിന്ന് പണം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത് അടച്ചിടല്‍ പ്രഖ്യാപിച്ച് മൂന്ന് ദിവസം കഴിഞ്ഞാണ്. അടച്ചിടല്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളോട് വാടക ചോദിക്കരുതെന്നും അവരെ ഇറക്കി വിടരുതെന്നും ഉത്തരവിറക്കിയത് നാലാം ദിവസവും. ഈ രണ്ട് തീരുമാനങ്ങളും അടച്ചിടല്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ എടുക്കാമായിരുന്നു. 21 ദിവസത്തെ അടച്ചിടലിലേക്ക് കടക്കുമ്പോള്‍ ദുരിതത്തിലാകാന്‍ ഇടയുള്ളവര്‍ക്ക് ഭക്ഷണവും അവശ്യം വേണ്ട മരുന്നുകളും എത്തിക്കാന്‍ എന്ത് ചെയ്യാനാകുമെന്ന് മൂന്‍കൂട്ടി ആലോചിച്ച് അറിയിക്കണമായിരുന്നു. ഇതൊന്നുമുണ്ടാകാതിരിക്കെ, ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക്, 50 ദിവസം കൊണ്ട് എല്ലാം ശരിയായില്ലെങ്കില്‍ നിങ്ങള്‍ ശിക്ഷിച്ചോളൂ എന്ന 2016ലെ പ്രസ്താവനയുടെ വില മാത്രമേയുള്ളൂ.

കൊവിഡ് 19 ഇത്രയൊന്നും പടരാത്ത, രാജ്യം അടച്ചിടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കാതിരുന്ന കാലത്ത് തന്നെ കൊറോണ വൈറസ് രാജ്യത്തിന്റെ സമ്പദ് ഘടനയെ ബാധിച്ച് തുടങ്ങിയിരുന്നു. വൈറസ് പടരുന്ന സാഹചര്യമുണ്ടായാല്‍ ചൈനയിലെ വുഹാനില്‍ സ്വീകരിച്ചത് പോലുള്ള അടച്ചിടല്‍ ഇവിടെയും വേണ്ടിവരുമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. അങ്ങനെ അടച്ചിടേണ്ടി വന്നാല്‍ സമ്പദ് വ്യവസ്ഥ തകരുന്നതിന് മുമ്പ് രാജ്യത്ത് പട്ടിണി മരണങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുകളും. ഇവയൊന്നും നമ്മുടെ ഭരണാധികാരികള്‍ വേണ്ടുംവിധം കണക്കിലെടുത്തില്ല. അതുകൊണ്ടാണ് രാജ്യത്ത് സാമ്പത്തിക പാക്കേജ് തയ്യാറാക്കാനും അത് പ്രഖ്യാപിക്കാനും വൈകിയത്. അതും തുലോം അപര്യാപ്തം.
കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് 15,000 കോടി രൂപയാണ്. കൊവിഡ് 19 ബാധിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധന സ്വകാര്യ മേഖലയിലെ ലാബുകളില്‍ നടത്താന്‍ അനുമതി നല്‍കുമ്പോള്‍ ഈടാക്കാവുന്ന പരമാവധി ഫീസ് 4,500 രൂപയാണെന്ന് നിജപ്പെടുത്തിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. അതായത് കുറഞ്ഞത് 4,000 രൂപയെങ്കിലും ചെലവ് കണക്കാക്കണം ഈ പരിശോധനക്ക്. ആറ് കോടിയോളം ജനസംഖ്യയുള്ള ദക്ഷിണ കൊറിയ പരിശോധന നടത്തിയത് മൂന്നര ലക്ഷം പേരിലാണ്. 121 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ ഒരു കോടി പേരെ പരിശോധിക്കണമെങ്കില്‍ വേണ്ടത് 4,000 കോടിയാണ്. രോഗികള്‍ക്ക് മരുന്ന്, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമൊക്കെ സുരക്ഷാ കവചങ്ങള്‍ തുടങ്ങി വേണ്ടിവരുന്ന സാമഗ്രികളും സംവിധാനങ്ങളും അനവധിയാണ്. കൂടുതല്‍ പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ട സ്ഥിതിയുണ്ടായാല്‍ അതിന് വേണ്ടിവരുന്ന ചെലവ് വേറെ. ഇതിനൊക്കെ തികയുമോ 15,000 കോടി എന്ന് ചോദിച്ചാല്‍ കൂടുതല്‍ തുക പിന്നീട് അനുവദിക്കുമെന്നാകും മറുപടി. ഇപ്പോള്‍ വേണ്ടത് വലിയ തയ്യാറെടുപ്പാണ്. സമൂഹ വ്യാപനത്തിലേക്ക് രോഗം വ്യാപിച്ചാല്‍, ഇറ്റലിയിലേതിന് സമാനമായ സ്ഥിതി രാജ്യത്തുണ്ടായാല്‍ അത് നേരിടാന്‍ പാകത്തിലുള്ള തയ്യാറെടുപ്പ്. കൂടുതല്‍ തുക പിന്നീട് അനുവദിക്കാമെന്ന നിലപാട് തയ്യാറെടുപ്പുകളെ ബാധിക്കുക തന്നെ ചെയ്യും.
പിന്നീട് പ്രഖ്യാപിച്ചത് 1,70,000 കോടിയുടെ പാക്കേജാണ്. ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് 500 രൂപ വീതം മൂന്ന് മാസത്തേക്ക് എന്നതാണ് അതിലൊരിനം. അടച്ചിടല്‍ പ്രഖ്യാപിച്ച് മൂന്ന് ദിവസം പിന്നിടുമ്പോള്‍ തന്നെ അവശ്യ വസ്തുക്കളുടെ ദൗര്‍ലഭ്യം രാജ്യത്താകെയുണ്ടായിരിക്കുന്നു. അതുകൊണ്ട് തന്നെ വില ഉയരുകയുമാണ്.

പൊതുവിപണിയില്‍ ഇടപെടാന്‍ സുശക്തമായ സംവിധാനമുള്ള കേരളത്തില്‍ പോലും വില ഉയരുന്നു. അപ്പോള്‍ ഇതര സംസ്ഥാനങ്ങളിലെ സ്ഥിതി എന്തായിരിക്കും? അവിടെ 500 രൂപ കൊണ്ട് ഒരു മാസം കഴിയാനാകുമോ? ആര്‍ക്കും തൊഴിലെടുക്കാന്‍ കഴിയാത്തതിനാല്‍ ഈ 500 രൂപകൊണ്ട് കുടുംബം മുഴുവന്‍ കഴിയേണ്ട സാഹചര്യവുമുണ്ടാകാം. അത് മുന്നില്‍ കണ്ടിട്ടുണ്ടോ കേന്ദ്ര സര്‍ക്കാര്‍? മൂന്ന് മാസത്തേക്ക് ഒരു പാചക വാതക സിലിന്‍ഡര്‍ സൗജന്യമായി (നിശ്ചിത പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രം) നല്‍കുക എന്നതാണ് മറ്റൊരു പദ്ധതി. ഇതും വലിയ പ്രയോജനം ഉണ്ടാക്കാന്‍ ഇടയില്ല. പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം പിന്‍വലിക്കാനുള്ള അനുമതിയാണ് മറ്റൊന്ന്. അതും 100ല്‍ താഴെ ജീവനക്കാരുള്ള, അവരില്‍ തന്നെ 90 ശതമാനവും പതിനയ്യായിരത്തില്‍ താഴെ മാസവരുമാനമുള്ളവരാണെങ്കിലേ ഈ ആനുകൂല്യം ലഭിക്കൂ. എത്ര കമ്പനികളുണ്ടാകും അങ്ങനെ? ആരോഗ്യ മേഖലയിലുള്ളവരെ 50 ലക്ഷം രൂപക്ക് ഇൻഷ്വര്‍ ചെയ്തുവെന്നത് മാത്രമാണ് ഈ പാക്കേജില്‍ ഏറ്റവും മികവുറ്റത്. ഡോക്ടര്‍മാരും നഴ്‌സുമാരും വേണ്ട സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടാകണം വലിയ തുകക്ക് ഇൻഷ്വര്‍ ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചത്.

ബേങ്ക് വായ്പകളുടെ പലിശ നിരക്ക് കുറക്കാന്‍ തീരുമാനിച്ചതും വായ്പ എടുത്തവരുടെ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ ബേങ്കുകള്‍ക്ക് അനുമതി നല്‍കിയതുമാണ് മറ്റൊരു തീരുമാനം. മൊറട്ടോറിയം മൂന്ന് മാസത്തേക്ക് മാത്രമാണ്. ഇതും തികച്ചും അപര്യാപ്തമാണെന്ന വിമര്‍ശനം ശക്തമാണ്. കൊവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ എത്ര കാലമെടുക്കുമെന്ന് അറിയില്ല. നിയന്ത്രണ വിധേയമായാല്‍ തന്നെ, ഉത്പാദനം പുനരാരംഭിച്ച് വിപണികള്‍ ചലനാത്മകമാകാന്‍ പിന്നെയും മാസങ്ങളെടുക്കും. ജനങ്ങളുടെ കൈവശം നിത്യനിദാനച്ചെലവിന് വേണ്ട പണം ഉണ്ടാകാന്‍ പോലും മാസങ്ങള്‍ വേണ്ടിവന്നേക്കുമെന്ന് ചുരുക്കം. അപ്പോള്‍ മൂന്ന് മാസത്തേക്കുള്ള പാക്കേജുകൊണ്ട് എന്തുകാര്യം? ഇടക്കാല സഹായങ്ങള്‍ കൊണ്ട് എന്ത് പ്രയോജനം?

കൊവിഡ് 19 ഉണ്ടാക്കാന്‍ പോകുന്ന ആഘാതത്തിന്റെ വ്യാപ്തി നരേന്ദ്ര മോദി സര്‍ക്കാറിന് ഇനിയും മനസ്സിലായിട്ടില്ല. അത് മനസ്സിലാക്കിയ ആരോഗ്യ മേഖലയിലെയും സാമ്പത്തിക മേഖലയിലെയും വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാന്‍ തയ്യാറുമല്ല. മുന്നൊരുക്കമില്ലാത്ത അടച്ചിടലിന്റെ ദുരന്തമാണ് ഇപ്പോള്‍ രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. രോഗ വ്യാപനത്തിന് അതെത്ര സഹായിച്ചുവെന്ന് ഏതാനും ദിവസം കൊണ്ടേ മനസ്സിലാകൂ. സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ വേണ്ട സമയത്ത് നടപടികളെടുക്കാതിരുന്നത് എന്ത് ആഘാതമാണ് ഉണ്ടാക്കുക എന്നത് കൊവിഡാനന്തരം അനുഭവിക്കാം. എന്തൊക്കെ ദുരിതങ്ങളുണ്ടെങ്കിലെന്ത്, രാമായണവും മഹാഭാരതവും പുനഃസംപ്രേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടല്ലോ! ആനന്ദലബ്്ധിക്ക് ഇനിയെന്ത് വേണം? കൊറോണയേക്കാള്‍ മാരകമായ വൈറസ് പ്രചരിപ്പിക്കുന്നവര്‍ക്ക് ഈ രണ്ട് സീരിയലുകള്‍ പണ്ടും ആയുധമായിരുന്നു.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest