Connect with us

Covid19

പോത്തന്‍കോട് കൊവിഡ് മരണം: സാമൂഹിക വ്യാപനം സംശയിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പോത്തന്‍കോട്ട് കൊവിഡ് മരണം സംഭവിച്ചതോടെ സാമൂഹിക വ്യാപനമുണ്ടായതായി സംശയിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. മരിച്ചയാള്‍ക്ക് ഗള്‍ഫില്‍ നിന്ന് വന്ന ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടായതായാണ് നിഗമനം. കൊവിഡ് ബാധിതന്റെ ആരോഗ്യം മോശമായിരുന്നതിനാല്‍ അദ്ദേഹത്തില്‍ നിന്ന് വിവരങ്ങളെടുക്കാന്‍ സാധിച്ചിട്ടില്ല. ബന്ധുക്കളില്‍ നിന്നും മറ്റും വിശദാംശങ്ങള്‍ ശേഖരിക്കും.

രണ്ടാമത്തെ മരണത്തോടെ സംസ്ഥാനത്തെ ജനങ്ങള്‍ വല്ലാതെ ഭയക്കേണ്ട കാര്യമില്ല. അതേസമയം ശ്രദ്ധിക്കേണ്ടതു ശ്രദ്ധിക്കുക തന്നെ വേണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം ക്വാറന്റൈനില്‍ പോകാന്‍ തയാറാകണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ അവിടെ തന്നെ കഴിയണമെന്നും മന്ത്രി നിര്‍ദേശിച്ചു.

പ്രായമായ കൊവിഡ് ബാധിതരില്‍ മരണനിരക്ക് 35 ശതമാനത്തിലേറെയാണെന്നാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ തെളിയിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. 60 വയസ്സിനു മുകളിലുള്ളവരും പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ള അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവര്‍ ഒരുകാരണവശാലും വെളിയിലിറങ്ങരുത്. കൈവിട്ടുപോയാല്‍ അത് വലിയ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും സൃഷ്ടിക്കും. ബുദ്ധിമുടടാകം.

കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനുള്ള റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റ് ഇതുവരെ കിട്ടിയിട്ടില്ല. റാപ്പിഡ് ടെസ്റ്റിന്റെ ഫലം അന്തിമമല്ല. അമേരിക്കയില്‍ നിന്ന് പോലും വിളിച്ച് മെഡിക്കല്‍ ഉപകരണങ്ങള്‍ ആവശ്യപ്പെട്ട കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.