Covid19
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റാന്നി സ്വദേശികള്‍ ആശുപത്രി വിട്ടു
പത്തനംതിട്ട |അശാന്തമായ മനസ്…അറിയാതെ സംഭവിച്ച പിഴവ്…കുറ്റബോധത്തിന്റെ 24 ദിനങ്ങള്‍… കോവിഡ് 19ല്‍ നിന്നു മുക്തിനേടി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍നിന്നു പുറത്തിറങ്ങിയ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളും ബന്ധുക്കളും ഉള്‍പ്പെടുന്ന കുടുബത്തിനു വികാരനിര്‍ഭരമായ യാത്രയയപ്പ്.
പത്തനംതിട്ട ജനറല്‍ ആശുപത്രി ആര്‍.എം.ഒ: ഡോ.ആശിഷ് മോഹന്‍ കുമാര്‍, ഡോ.ശരത് തോമസ് റോയി, ഡോ.നസ്‌ലിന്‍ എം സലാം, ഡോ.ജയശ്രി, പരിചരിച്ച നഴ്‌സുമാര്‍, ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ എല്ലാവരും ചേര്‍ന്നു കൈയ്യടിച്ചാണ് ഇവരെ പുറത്തേക്കുകൊണ്ടുവന്നത്. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദ്ദേശപ്രകാരം ആദ്യം മധുരംനല്‍കി. അത്താഴത്തിനുള്ള ഭക്ഷണവും ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്റെ വകയായി ഒരു ദിവസത്തേക്കുള്ള അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉള്‍പ്പെടെ നല്‍കിയാണ് ഇവരെ സന്തോഷത്തോടെ വീട്ടിലേക്കു യാത്രയാക്കിയത്.
“”അറിയാതെ സംഭവിച്ച പിഴവാണ്, എല്ലാവരും മനസിലാക്കണം…”” ഇറ്റലികുടുംബത്തിലെ മകന്‍ നിറകണ്ണുകളോടെ പറഞ്ഞു. ഒപ്പം ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും കൂപ്പുകൈയോടെ കണ്ണീരില്‍ കുതിര്‍ന്ന നന്ദി പ്രകടിപ്പിച്ചു. “”ഒരിക്കലും വീട്ടിലേക്കു തിരിച്ചുപോകാമെന്നു ഞങ്ങള്‍ കരുതിയിരുന്നില്ല. സര്‍ക്കാരും, മന്ത്രി ഷൈലജ ടീച്ചര്‍, ജില്ലാ കലക്ടര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ അവസരോചിതമായ ഇടപെടലുകള്‍ ഞങ്ങളുടെ ജീവന്‍ രക്ഷിച്ചു. ഒപ്പം ഈശ്വരന്റെ തുണയും… ഞങ്ങള്‍ക്ക് ഇവിടെ വീട്ടിലേക്കാള്‍ സുഖമായിരുന്നു. ഒന്നിനും ഒരുകുറവും ഉണ്ടായില്ല…ആവശ്യത്തിന് ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കള്‍, പരിചരിക്കാന്‍ ആവശ്യത്തിന് ആശുപത്രി ജീവനക്കാര്‍. രാത്രി സമയങ്ങളില്‍ പോലും ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ ആരോഗ്യനില അറിയുന്നതിനായി നിരവധി തവണ എത്തിയിരുന്നു. ഇത്രയും ദിവസം ആശുപത്രിയില്‍ കഴിഞ്ഞതിലും ഒരു വിഷമവും ഇല്ല. ആദ്യം കുറച്ചുവിഷമം തോന്നി, പിന്നീട് അതും മാറി…”” കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇനിയുള്ള 14 ദിവസം കൂടി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. അതിനുശേഷം ഒരു പരിശോധന കൂടി ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
കുടുംബം ചികിത്സയോടും ജീവനക്കാരോടും പൂര്‍ണമായി സഹകരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തങ്ങളുടെ പ്രയത്‌നത്തിനു ഫലമുണ്ടായതിന്റെ സന്തോഷത്തിലാണു ജീവനക്കാര്‍. നിറകണ്ണുകളോടെയാണ് ആശുപത്രി ജീവനക്കാരും കുടുംബത്തെ യാത്രയാക്കിയത്.




