Connect with us

Covid19

മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്

Published

|

Last Updated

മുംബൈ | മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്. ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എറണാകുളം, കോട്ടയം സ്വദേശിനികളായ നഴ്‌സുമാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തേ വൈറസ് ബാധയേറ്റ ഡോക്ടര്‍ ചികിത്സിച്ചിരുന്ന ആശുപത്രിയാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇവരുടെ സഹ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിനു പുറമെ നഴ്സുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെയെല്ലാം സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്കയച്ചു. നൂറോളം മലയാളി നഴ്സുമാര്‍ ജോലി ചെയ്യുന്ന ആശുപത്രിയാണിത്.

കൊവിഡ് ബാധിച്ച ഡോക്ടറുടെ പിതാവ് വൈറസ് ബാധയേറ്റ് നേരത്തെ മരിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് തിരിച്ചെത്തിയ ഡോക്ടറുടെ മകനില്‍ നിന്നാണ് കുടുംബത്തിലെ എല്ലാവര്‍ക്കും രോഗം പകര്‍ന്നതെന്ന് വ്യക്തമായിട്ടുണ്ട്. ആശുപത്രിയില്‍ മറ്റസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന രണ്ട് രോഗികള്‍ക്കും പിന്നീട് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദക്ഷിണ മുംബൈയിലെ ആശുപത്രിക്കു പുറമേ നഗരത്തിലെ മൂന്ന് പ്രമുഖ ആശുപത്രികളില്‍ പ്രാക്ടീസ് നടത്തുന്ന ഹൃദ്രോഗ വിദഗ്ധനാണ് രോഗബാധിതനായ ഡോക്ടര്‍.

മഹാരാഷ്ട്രയിലെ പല ആശുപത്രികളിലും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് നഴ്‌സുമാരെ ജോലി ചെയ്യിപ്പിക്കുന്നതെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടുണ്ട്. മലയാളി നഴ്‌സുമാരടക്കം ആകെ 12 പേര്‍ക്ക് മഹാരാഷ്ട്രയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 215 ആയി ഉയര്‍ന്നു.

Latest