Connect with us

Covid19

ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്നത് പരിഗണനയില്‍

Published

|

Last Updated

തിരുവനന്തപുരം | രോഗികളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് മെഡിക്കല്‍ കോളജ് കെട്ടിട്ടം ഉടനെ കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായി മാറ്റും. വിദേശ രാജ്യങ്ങളില്‍ നിന്നും മുംബൈ, ഡല്‍ഹി ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ നിന്നും വന്നവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയുകയും എന്തെങ്കിലും രോഗലക്ഷണം കണ്ടാല്‍ ഉടനെ അധികൃതരെ അറിയിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നും വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം. പ്രായമായവര്‍ മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ചു മാത്രമെ സമ്പര്‍ക്കം പുലര്‍ത്താന്‍ പാടുള്ളൂ. പ്രായമായവര്‍ പുറത്തു പോകാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ് നല്ലത്. പ്രമേഹം, അര്‍ബുദം, വൃക്കരോഗം തുടങ്ങിയവക്ക് ചികിത്സയിലുള്ളവരും തുടര്‍ചികിത്സ ആവശ്യമുള്ളവവരും മറ്റുള്ളവരുമായി കൃത്യമായ അകലം പാലിക്കണം.

ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്‌തെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ട്. നമ്മുടെ പരിശോധനാ സംവിധാനങ്ങളും വിപുലീകരിക്കണം വേണം. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും. എച്ച് ഐ വി ബാധിതര്‍ക്കുള്ള മരുന്ന് കൊവിഡ് രോഗികള്‍ക്ക് നല്‍കുന്നത് ജില്ലാ ആശുപത്രികളില്‍ നിന്നാണ്. ഇനി മുതല്‍ താലൂക്കാശുപത്രിയിലും മരുന്ന് നല്‍കും.

രോഗം ഗുരുതരമായവരെ ചികിത്സിക്കാനായി കണ്ണൂര്‍ മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രിയാക്കി സജ്ജീകരിക്കും. ഇവിടെ 200 കിടക്കകളും 40 ഐ സിയു കിടക്കകളും 15 വെന്റിലേറ്ററുകളുമുണ്ട്. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയെ കൊവിഡിന്റെ പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും. ഐ സി എം ആറിന്റെ അനുമതി കൂടി ലഭിച്ചാല്‍ അവിടെ വിപുലമായ രീതിയില്‍ പരിശോധന നടത്താം.