Eranakulam
കൺസ്യൂമർ ഫെഡ്; ഓൺലൈൻ വ്യാപാരം ഏപ്രിൽ ഒന്ന് മുതൽ

കൊച്ചി | കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കൺസ്യൂമർഫെഡ് 30 കോടിയുടെ സാധനങ്ങൾ ഇറക്കുമതി ചെയ്യും. അരി,പഞ്ചസാര, പലവ്യഞ്ജനങ്ങൾ എന്നിവയടക്കമുള്ള സാധനങ്ങളുടെ ഇറക്കുമതിക്കുള്ള നടപടികൾ ഇതര സംസ്ഥാനങ്ങളിൽ ഇതിനകം തുടങ്ങിക്കഴിഞ്ഞു. തടസ്സമില്ലാത്ത വിപണനം ഉറപ്പ് വരുത്താൻ പലവ്യഞ്ജനസംഭരണം നിലവിൽ കൺസ്യൂമർഫെഡ് ഇരട്ടിയാക്കിയിട്ടുണ്ട്. മൂന്നാഴ്ചത്തേക്ക് വിതരണത്തിനുള്ള സാധനങ്ങളാണ് കൺസ്യൂമർഫെഡിൽ ഇപ്പോഴുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതിനിടെ ആന്ധ്ര, കർണാടക,തമിഴ്‌നാട് ചെക്ക് പോസ്റ്റുകളിൽ തടഞ്ഞ ലോറികൾ കൺസ്യൂമർഫെഡിന്റെ ഗോഡൗണുകളിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിക്കുവാനും തത്വത്തിൽ തീരുമാനമായി.
അതേസമയം, ഉപഭോക്താക്കളുടെ സൗകര്യാർഥം കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കാനാണ് തീരുമാനിച്ചത്. അവശ്യ സാധനങ്ങൾ അടങ്ങിയ നാല് തരം കിറ്റുകളാണ് ഓൺലൈൻ ആയി നൽകുക. ഓൺലൈൻ ഇന്റന്റ് നടത്തുന്നതിന്റെ പിറ്റേദിവസം ഡോർ ഡെലിവറി നടത്തും. ഡെലിവറി ചാർജ് അനുബന്ധ ബില്ലിൽ ഈടാക്കും. ഓൺലൈൻ വ്യാപാരത്തിന്റെ രണ്ടാം ഘട്ടം എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനും ത്രിവേണികളിൽ ലഭ്യമാകുന്ന എല്ലാ ഇനങ്ങളും ലഭ്യമാക്കുന്നതിനും ആലോചിക്കുന്നതായി കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ വി എം മുഹമ്മദ് റഫീഖ് പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ 182 ത്രിവേണി സൂപ്പർമാർക്കറ്റുകളും സഹകരണസംഘങ്ങൾ മുഖേന നടത്തുന്ന നീതിസ്റ്റോറുകളും മലയോര തീരദേശ മേഖലകളിൽ സഞ്ചരിക്കുന്ന 45 മൊബൈൽ ത്രിവേണികളും രാവിലെ 10 മണിമുതൽ അഞ്ച് മണിവരെ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
കൺസ്യൂമർഫെഡിന്റെ വിദേശ മദ്യ ഷോപ്പുകൾ അടച്ചിട്ടതിനാൽ ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെക്കൂടി ത്രിവേണി സൂപ്പർമാർക്കറ്റിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഹോം ക്വാറന്റൈനിലായ ആളുകൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി തുടങ്ങിയിട്ടുണ്ട്. ഇതു പ്രകാരം തിരുവനന്തപുരത്ത് 500 കുടുംബങ്ങൾക്കും എറണാകുളത്ത് ഏകദേശം 100 കുടുംബങ്ങൾക്കും സാധനങ്ങൾ എത്തിച്ചു നൽകിക്കഴിഞ്ഞു. എറണാകുളത്തെയും ആലപ്പുഴ, മല്ലപ്പുറം, കണ്ണൂർ,കോഴിക്കോട് എന്നിവിടങ്ങളിൽ കൂടി ഹോം ഡെലിവറി പദ്ധതി തുടങ്ങാനും നടപടിയായിട്ടുണ്ട്.