Connect with us

Covid19

കൊറോണ: അന്ത്യയാത്രകളിൽ അടുത്ത ബന്ധുക്കൾ മാത്രം

Published

|

Last Updated

കോഴിക്കോട് | മരണപ്പെടുന്നവർക്ക് അർഹമായ അന്ത്യയാത്ര നൽകാൻ കഴിയാതെ ബന്ധുക്കൾ. കൊറോണാ ഭീതിയിൽ സമ്പൂർണ അടച്ചിടലിനു വിധേയമായതോടെയാണ് മരണ വീടുകളിൽ ആൾപ്പെരുമാറ്റം ഇല്ലാതായത്. മരണ വീടുകളിലും പരിസരങ്ങളിലും തങ്ങിനിന്നിരുന്ന ആൾക്കൂട്ടം ഇന്ന് കാണാനേ ഇല്ല.

പ്രായാധിക്യത്താലും ഇതര രോഗങ്ങളായും മരണമടയുന്നവരുടെ മൃതദേഹങ്ങൾ വീട്ടിൽ പൊതുദർശനത്തിന് വെക്കാൻപോലും തയ്യാറാവാതെ മറവ് ചെയ്യുകയാണ്. ഏറ്റവും അടുത്ത ബന്ധുക്കളും അയൽക്കാരും മാത്രമാണ് ചടങ്ങുകളിൽ സംബന്ധിക്കുന്നത്. മരണ വാർത്ത അറിയിക്കുമ്പോൾ തന്നെ ബന്ധുക്കൾ എത്തേണ്ട എന്നും പറയുന്നു. 60 വയസ്സ് കഴിഞ്ഞവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദേശം വന്നതോടെ മരണവീടുകളിൽ സാധാരണയായി എത്തിച്ചേരുന്ന വലിയൊരു വിഭാഗം പുറത്തിറങ്ങുന്നില്ല. ആശുപത്രികളിൽ മരിക്കുന്നവരുടെ മൃതദേഹം ആംബുലൻസിൽ നിന്ന് ഇറക്കാതെ വീടിന് സമീപത്ത് വെച്ച് ബന്ധുക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമൊരുക്കുകയാണ് ചെയ്യുന്നത്. സംബന്ധിക്കുന്നവരും ചിത ഒരുക്കുന്നവരും കുഴിവെട്ടുന്നവരുമെല്ലാം മാസ്‌ക് ധരിച്ചെത്തുന്നു. മതപരമായ ചടങ്ങുകൾ ഏറ്റവും ചുരുക്കം ആൾക്കാർ പങ്കെടുത്തുകൊണ്ടാണ് നടക്കുന്നത്. ഏഴ്-11 ദിവസം വരെ നീണ്ടുനിൽക്കുന്ന ഹൈന്ദവരുടെ മരണാനന്തര ചടങ്ങുകൾ പരമാവധി മൂന്ന് ദിവസത്തിൽ ഒതുങ്ങുന്നു. ഈ ദിവസങ്ങളിലും സന്ദർശകർ പരിമിതമാണ്.

മരണവീടുകളിൽ ഇപ്പോൾ ഏറ്റവും ആദ്യം ഒരുക്കുന്നത് കൈകഴുകാനുള്ള സംവിധാനങ്ങളാണ്. മരണ വാർത്ത അറിഞ്ഞ ഉടനെ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ആൾക്കാരെ കുറക്കുന്നതിനെ കുറിച്ചും ഏർപ്പെടുത്തേണ്ട സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും വ്യക്തമായി നിർദേശം നൽകുന്നുണ്ട്.

കോഴിക്കോട്ട് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ സംസ്‌കരിക്കുന്ന മാവൂർ റോഡ് ശ്മശാനത്തിൽ സാധാരണയായി ഒരു മൃതദേഹത്തിന്റെ കൂടെ ചുരുങ്ങിയത് 60 പേരെങ്കിലും എത്താറുണ്ട്. എന്നാൽ ഇപ്പോൾ ആംബുലൻസിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് എത്തുന്നതെന്ന് ശ്മശാനത്തിൽ ജോലി ചെയ്യുന്ന ബാബു പറയുന്നു. ശ്മശാനത്തിൽ ആരോഗ്യ വകുപ്പോ പോലീസോ പ്രത്യേക നിയന്ത്രണമൊന്നും ഏർപ്പെടുത്തുന്നില്ലെങ്കിലും മരിച്ചവരുടെ ബന്ധുക്കൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

13 തറകളിലാണ് ഇവിടെ ചിത ഒരുക്കുന്നത്. വൈദ്യുതി ശ്മശാനം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഒരേ സമയം ആറ് മൃതദേഹങ്ങൾ വരെ ദഹിപ്പിക്കും. രാത്രി പത്ത് വരെ മൃതദേഹം സ്വീകരിക്കാറുണ്ടായിരുന്നുവെങ്കിലും കൊറോണാ ഭീതിയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ആറ് വരെയെ സ്വീകരിക്കുന്നുള്ളൂ. കോഴിക്കോട് കോർപറേഷൻ പരിധിക്ക് പുറത്തുള്ള താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നെല്ലാം ധാരാളം മൃതദേഹം ഇവിടെ കൊണ്ടുവരുന്നു. ബാബുവും നാല് പേരുമാണ് ഇവിടെ മൃതദേഹം ദഹിപ്പിക്കുന്നത്. ശ്മശാനം കോർപറേഷന്റേതാണെങ്കിലും ഇവരൊന്നും കോർപറേഷൻ ജീവനക്കാരല്ല. അതിനാൽ തന്നെ ഇവരുടെ സുരക്ഷാ കാര്യത്തിൽ കോർപറേഷൻ ആരോഗ്യ വകുപ്പ് ഒരു ജാഗ്രതയും പുലർത്തുന്നില്ല. ഇവർക്ക് മാസ്‌കോ കൈയുറയോ നൽകാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. പകർച്ച വ്യാധി പിടിപെട്ടു മരിച്ചതാണെങ്കിൽ പോലും ഇവർ മൃതദേഹം മറവു ചെയ്യാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും ആശങ്കയാൽ മൃതദേഹം മറവുചെയ്യുന്നതിൽ നിന്ന് പിൻമാറിയാൽ ഇവർക്കെതിരെ നിയമ നടപടി ഉണ്ടാവും. നിപ്പാ കാലത്ത് മൃതദേഹം മറവുചെയ്യാൻ തയ്യാറാകാതിരുന്നതിനാൽ ബാബുവിന്റെ പേരിൽ കോർപറേഷൻ ഹെൽത്ത് ഓഫീസർ നൽകിയ കേസ് കോഴിക്കോട് നാലാം കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

56 വയസ്സുള്ള ബാബു പാരമ്പര്യമായി ഈ തൊഴിലിൽ എത്തിപ്പെട്ടതാണ്. പിതാവിന്റെ കൂടെ പഴയ ചാളത്തറ ശ്മശാനത്തിൽ 11ാം വയസ്സിൽ സഹായിയായി എത്തിയ ബാബു 56ാം വയസ്സിലും തൊഴിൽ തുടരുകയാണ്. ഒരു മൃതദേഹം ദഹിപ്പിക്കാൻ ചില ഏജൻസികൾ 6,000 രൂപവരെ വാങ്ങുമ്പോൾ 2,000 രൂപയാണ് ഇവിടെ വാങ്ങുന്നത്. കൊറോണ പോലുള്ള പകർച്ച രോഗത്തിന്റെ ഭീതിയുണ്ടായിട്ടും ആരോഗ്യ വകുപ്പ് അധികൃതർ ശ്മശാനത്തിൽ ജോലി ചെയ്യുന്നവർക്കായി ഒരു സുരക്ഷാ നടപടിയും സ്വീകരിക്കാത്തത് അത്ഭുതപ്പെടുത്തുകയാണെന്ന് ബാബു പറയുന്നു.

പരിമിതപ്പെടുത്തി മയ്യിത്ത് പരിപാലന ചടങ്ങുകൾ

കോഴിക്കോട് | ഉറ്റവരെ അവസാന യാത്രയാക്കുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്നതാണ് പരമാവധി പേർ ഒത്തുചേർന്നുള്ള പ്രാർഥന.
എന്നാൽ, കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മരണാനന്തര ചടങ്ങുകൾ പോലും പരമാവധി പരിമിതപ്പെടുത്തേണ്ടിവരികയാണ്. സാധാരണഗതിയിൽ വീട്ടിൽ നിന്നോ മറ്റോ കുളിപ്പിച്ച് കഫൻ ചെയ്ത ശേഷം പള്ളികളിൽ വെച്ചാണ് മയ്യിത്ത് നിസ്‌കാരം നടക്കാറ്.
എന്നാൽ, നിലവിൽ പള്ളികൾ അടച്ചിട്ടതോടെ വീട്ടിൽ നിന്ന് ചുരുങ്ങിയ ആളുകൾ മയ്യിത്ത് നിസ്‌കരിച്ച ശേഷം നേരെ ഖബർ സ്ഥാനിലേക്ക് കൊണ്ടുവരേണ്ട സാഹചര്യമാണുള്ളത്.

കോഴിക്കോട്ടെ പുരാതനമായ കണ്ണംപറമ്പ് പള്ളിയിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് ഖബറടക്ക ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന് പള്ളി പരിപാലന കമ്മിറ്റി സെക്രട്ടറി എം പി സക്കീർ ഹുസൈൻ പറഞ്ഞു. മരിച്ചവരുടെ മുഖം അവസാനമായി ഒരു നോക്കു കാണാൻ ആഗ്രഹമുള്ളവരായിരിക്കും ബന്ധപ്പെട്ട പലരും.
നിബന്ധനകളുടെ ഊരാക്കുടുക്കിൽ ഈ അഭിലാഷവും പലർക്കും മാറ്റിവെക്കേണ്ട സാഹചര്യമാണ്. മരിച്ച വീടുകളിൽ ബന്ധുക്കളും നാട്ടുകാരുമടക്കം എത്തി കൂട്ട പ്രാർഥന നിർവഹിക്കാറുണ്ട്. വീട്ടുകാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും വലിയൊരു സമാശ്വാസം കൂടിയായ ഈ പരിപാടിയും പരിമിതപ്പെടുത്തുകയാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്