Connect with us

Health

ഉണക്ക മത്സ്യവും കിട്ടില്ല; മലയാളി മീൻ ഇല്ലാത്ത ഊൺ പരിശീലിക്കേണ്ടി വരും

Published

|

Last Updated

കോഴിക്കോട് | മീൻ കറി ഇല്ലാത്ത ഊൺ പലർക്കും ഓർക്കാനേ വയ്യ. എന്നാൽ, ഇനി കുറച്ചു ദിവസം അങ്ങിനെയും പരിശീലിക്കേണ്ടി വരും. ഉണക്ക മത്സ്യമെങ്കിലും വാങ്ങി പരിഹരിക്കാമെന്ന ധാരണയും വേണ്ട. ആ കവാടവും അടഞ്ഞു തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ഉണക്ക മത്സ്യം എത്തുന്നില്ല. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന കുറഞ്ഞ തോതിലുള്ള മത്സ്യം മാത്രമാണ് നിലവിൽ മാർക്കറ്റിൽ ലഭ്യം.
മലയാളികളിൽ 70 ശതമാനംപേരെങ്കിലും ദിവസം ഒരു നേരമെങ്കിലും മത്സ്യം അടങ്ങിയ ഭക്ഷണം കഴിച്ച് ശീലിച്ചവരാണെന്നാണ് പഠനം. മാംസാഹാരങ്ങൾ വർജിക്കുന്നവർ വരെ മത്സ്യത്തിന്റെ കാര്യത്തിൽ നിർബന്ധം പിടിക്കുന്നവരാണ്. പ്രോട്ടീന്റെ അളവിൽ മലയാളികൾ മുന്നിട്ട് നിൽക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് മത്സ്യ ഉപഭോഗം തന്നെയാണ്.

എന്നാൽ, കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികളും ലോക്ക് ഡൗണിൽ ഉൾപ്പെട്ടതോടെ മത്സ്യബന്ധനം നടക്കുന്നില്ല. ഹാർബറുകളെല്ലാം അടച്ചുപൂട്ടി. ഇനി ലഭിക്കുകയാണെങ്കിൽ തന്നെ ഫ്രീസറിൽ സൂക്ഷിച്ച മത്സ്യമേ കിട്ടുകയുള്ളൂ. ഉളളവക്ക് തന്നെ നല്ല വില കൊടുക്കേണ്ടിയും വരും.
കേരളത്തിൽ സ്രാവ്, മുള്ളൻ എന്നീ ഉണക്ക മത്സ്യങ്ങൾക്കാണ് കൂടുതൽ ഡിമാന്റ്. ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് ഇവ എത്തുന്നത്. ലഭ്യതക്കുറവ് കാരണം ഇവ രണ്ടിന്റേയും വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ചെറിയ സ്രാവിനും മുള്ളനും ഇന്നലത്തെ വില യഥാക്രമം കിലോഗ്രാമിന് 220, 100 രൂപയാണ്. രണ്ടിന്റേയും വിലയിൽ കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് 50 രൂപയുടെ വർധനയാണ് ഉണ്ടായത്.

 

വരുത്താം; ചില നല്ല ആഹാര ശീലങ്ങൾ

കോഴിക്കോട് | മത്സ്യലഭ്യത കുറയുന്നതോടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നവും രുചിക്കുറവും പരിഹരിക്കാം. മത്സ്യത്തിന്റെ അഭാവം കാരണം ശരീരത്തിൽ മുഖ്യമായും പ്രോട്ടീന്റെ അളവ് കുറയും. ധാന്യത്തോടൊപ്പം പയർ, പരിപ്പ്, കടല, മുതിര എന്നിവ ചെറിയ തോതിലെങ്കിലും ഉൾപ്പെടുത്തി ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ചെറുപയർ മുളപ്പിച്ച് കഴിക്കുന്നത് വളരെ നന്നാകും. മത്സ്യത്തിൽ ഉപയോഗിക്കുന്ന അതേ ചേരുവകളൊക്കെ ചേർത്ത് ചേനയും മുരിങ്ങയും കറിവെക്കാം. കൂടാതെ ഇറച്ചി മസാല ചേർത്ത് സോയാബീൻ പാ ചകം ചെയ്താൽ മാംസക്കറിയുടെ രുചി ചെറിയ തോതിലെങ്കിലും ആസ്വദിക്കാം.

വാഴയിൽ നിന്നുള്ള ഉണ്ണിക്കാമ്പ്, ചെറുപയർ കൂട്ടി ഉപ്പേരി വെക്കാം. പച്ച പപ്പായ, മത്തന്റെ ഇല, വാഴക്കൂമ്പ് എന്നിവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവയും ഉപ്പേരിക്ക് ഉപയോഗിക്കാം. കൂടാതെ, പയർ, ചീര എന്നിവ മൈക്രോ ഗ്രീൻ സംവിധാനത്തിൽ വളർത്തിയെടുക്കാവുന്നതാണ്. ഇത് സംബന്ധിച്ച വീഡിയോ യു ട്യൂബിലും മറ്റും നോക്കി പരിശീലിക്കാവുന്നതാണ്.
ഈ സീസണിൽ ധാരാളം ലഭിക്കുന്നവയാണ് ചക്കയും മാങ്ങയും. പുറത്ത് നിന്ന് അച്ചാർ വാങ്ങുന്നതിന് പകരം മാങ്ങ ഉപയോഗിച്ച് വീട്ടിൽ തന്നെ അച്ചാർ ഉണ്ടാക്കാം. ധാരാളം ധാതുക്കളും ലവണവും അടങ്ങിയ ചക്ക നന്നേ ചെറിയ അവസ്ഥയിലും മൂപ്പെത്തിയ ശേഷവും വിവിധ വിഭവങ്ങളാക്കാം. കൂടാതെ, ഇഡ്ഡലി, പുട്ട് എന്നിവ ഉണ്ടാക്കുമ്പോൾ ബീറ്റ്‌റൂട്ടും കാരറ്റും ചുരണ്ടിയെടുത്ത് ചേർത്താൽ കളറിൽ വ്യത്യാസം വരും. ഇത് കുട്ടികളെ ആകർഷിക്കും.

ഈ അവസരം പോസിറ്റീവാണെന്നും ഇത് മുതലെടുത്ത് നമ്മുടെ സിസ്റ്റം കുറച്ചു കൂടി ക്ലീൻ ചെയ്‌തെടുക്കാൻ സഹായിക്കുമെന്നുമുള്ള മാനസികാവസ്ഥയിലേക്ക് നമുക്ക് മാറാം. അൽപ്പം വ്യായാമവും സമയത്തിന് ഭക്ഷണം കഴിക്കുക എന്ന ശീലവും കൂടി ജീവിതത്തിലേക്ക് കൊണ്ടുവരേണ്ടത് ഈയൊരു സാഹചര്യത്തിൽ പ്രധാനമാണ്.

ഡോ. ഷറിൻ തോമസ്
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ
ആസ്റ്റർ മിംസ്, കോഴിക്കോട്

Latest