Connect with us

Articles

പ്രധാന (വ്യാജ) വാര്‍ത്തകള്‍

Published

|

Last Updated

ദുരന്തമുഖങ്ങളില്‍ അധികൃതര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വ്യാജ പ്രചാരണങ്ങള്‍. കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ കേരളം ഇത് നന്നായി പഠിച്ചതാണ്. ആ പഠനം പൂര്‍ണമായിട്ടില്ലെന്നാണ് കൊവിഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പലപ്പോഴും ഇത്തരം അടിസ്ഥാനരഹിത പ്രചാരണങ്ങള്‍ തിരുത്തപ്പെടുന്നത് വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ്. വിശിഷ്യാ അച്ചടി മാധ്യമങ്ങളിലൂടെ കിടമത്സരത്തിന്റെ ഭാഗമായി വാര്‍ത്തകള്‍ ആദ്യം എത്തിക്കാനുള്ള വ്യഗ്രതയില്‍ ടി വി ചാനലുകള്‍ക്ക് പോലും ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ പ്രചരിച്ച വാര്‍ത്തകള്‍ സത്യമല്ലെന്നും അവയുടെ യാഥാര്‍ഥ്യം മറ്റൊന്നാണെന്നും ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത് ദിനപത്രങ്ങളാണ്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ദിനപത്രങ്ങളെയും വ്യാജ പ്രചാരകര്‍ പിടികൂടിയിരിക്കുകയാണ്. പത്രങ്ങള്‍ വൈറസ് വാഹകരാണെന്നാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യം തെല്ലുമില്ലാത്തതാണ് ഈ പ്രചാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി കഴിഞ്ഞതാണ്. അത് ജനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യും. ഈ ദുരന്തമുഖത്ത് ജനങ്ങള്‍ സത്യം അറിയുന്നതിനെ വിലക്കുകയും വ്യാജ പ്രചാരണങ്ങള്‍ക്ക് വിലങ്ങുതടിയായ പത്രങ്ങളെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് കൂടുതല്‍ ഗൗരവകരം. ഈ പ്രചാരണങ്ങളില്‍ വീണ് ചിലരെങ്കിലും വീടുകളിലേക്കുള്ള പത്രം നിര്‍ത്താനുള്ള ഒരുക്കത്തിലാണ്. പത്രം അച്ചടിക്കുന്നതു മുതല്‍ വിതരണം ചെയ്യുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും വേണ്ട മുന്‍കരുതലുകള്‍ എടുത്താണ് ഓരോ ദിനവും രാവിലെ പത്രങ്ങള്‍ വീട്ടിലെത്തുന്നത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയവും മാധ്യമങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുകയാണ്. കൊറോണക്കെതിരായ യുദ്ധത്തില്‍ മുന്നണി പോരാളിയായിട്ടുള്ളത് മാധ്യമങ്ങള്‍ തന്നെയാണ്. സര്‍ക്കാര്‍ അറിയിപ്പുകളും അതുപോലെ രോഗ പ്രതിരോധത്തിന് ആവശ്യമായ പലതും ജനങ്ങളെ അറിയിക്കുന്നതില്‍ മുന്‍പന്തിയില്‍ ഉള്ളത് മാധ്യമങ്ങള്‍ തന്നെയാണ്.

ന്യൂസ് പേപ്പറുകള്‍ വൈറസ് വാഹകര്‍ ആണെങ്കില്‍ അവിടെ ജോലി ചെയ്യുന്നവര്‍ക്ക് രോഗം ബാധിക്കേണ്ടതല്ലേ. ലോകത്തെവിടെയെങ്കിലും അങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? രോഗ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് പത്രസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
പത്രങ്ങള്‍ക്ക് വലിയ വിശ്വാസ്യത ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. ഈ വിശ്വാസ്യത തകര്‍ക്കുക എന്നതിലപ്പുറം ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മറ്റൊന്നുമില്ലെന്ന് പ്രബുദ്ധജനത മനസ്സിലാക്കും. വാര്‍ത്താകേന്ദ്രങ്ങളെ അവിശ്വാസത്തിലാക്കുകയും അതുവഴി വ്യാജന്മാര്‍ക്ക് വഴിയൊരുക്കുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി രാജ്യം മുഴുക്കെ ലോക്ക് ഡൗണ്‍ ചെയ്ത് അത്യാവശ്യ സര്‍വീസുകള്‍ മാത്രം നടത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാറുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് പറയുമ്പോള്‍ അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. പ്രചരിക്കുന്നതു പോലെ എന്തെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ സര്‍ക്കാറുകള്‍ തന്നെ പത്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുമായിരുന്നില്ലേ?

പ്ലേറ്റ് കൊട്ടലും അണുനശീകരണവും

ഏറ്റവുമധികം വ്യാജ വാര്‍ത്തകള്‍ പ്രചരിച്ച ദിവസമാണ് ജനതാ കര്‍ഫ്യൂ നടന്ന ദിനം. വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കായിരുന്നു അന്ന്. പ്ലേറ്റ് കൊട്ടിയാല്‍ അണുനശിക്കുമെന്നും ജനങ്ങള്‍ വീട്ടില്‍ കഴിയുമ്പോള്‍ ഹെലികോപ്ടര്‍ വഴി വൈറസിനെ കൊല്ലാന്‍ മരുന്ന് തെളിക്കുമെന്നും പുറത്തിറങ്ങിയാല്‍ പോലീസ് ലോക്കപ്പിലിടുമെന്നുമൊക്കെയായിരുന്നു വ്യാജ വാര്‍ത്തകള്‍. കൊറോണ വൈറസിന്റെ ആയുസ്സ് 12 മണിക്കൂര്‍ ആണെന്നും ജനങ്ങള്‍ ഒരു ദിനം മുഴുവന്‍ പുറത്തിറങ്ങാതിരുന്നാല്‍ വൈറസ് ചത്തുപോകുമെന്നുമായിരുന്നു ആ ദിനത്തിലെ “പ്രധാന വാര്‍ത്ത”.

കഴിഞ്ഞ 22ന് വൈകുന്നേരം അഞ്ചിന് കൊറോണക്കെതിരെ പ്ലേറ്റ് കൊട്ടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. ഈ പ്ലേറ്റ് കൊട്ടലിനെ വൈറസ് നശീകരണത്തിന്റെ പ്രധാന ഘടകമായി ചിലര്‍ ചിത്രീകരിക്കുകയുണ്ടായി. കേരളത്തിലെ ഒരു നടന്‍ പോലും ഇത്തരം അടിസ്ഥാനരഹിത ആശയം പകല്‍ വെളിച്ചത്തില്‍ ചാനലിലൂടെ പറയുന്ന അവസ്ഥയുണ്ടായി. പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും.
ഏതായാലും ഒരു ദിവസം മുഴുവന്‍ വീട്ടില്‍ ഒതുങ്ങി കൂടിയവരെ പ്ലേറ്റ് കൊട്ടാനായി വൈകുന്നേരം റോഡിലേക്കിറക്കാന്‍ ഈ പ്രചാരണത്തിന് കഴിഞ്ഞുവെന്നതാണ് അതുകൊണ്ട് സംഭവിച്ചത്. ആ പ്രചാരണം അവസാനിപ്പിക്കാന്‍ അവസാനം പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാറിനും തന്നെ രംഗത്തിറങ്ങേണ്ടി വന്നു. അന്നേ ദിവസം തന്നെ പടര്‍ന്നുപിടിച്ച മറ്റൊരു വ്യാജ വാര്‍ത്തയാണ് മരുന്ന് തെളിയും. വൈറസിനെ കൊല്ലാന്‍ ജനങ്ങള്‍ വീട്ടിലിരിക്കുമ്പോള്‍ ഹെലികോപ്ടറില്‍ മരുന്ന് തെളിക്കുമെന്നായിരുന്നു പ്രചാരണം. അങ്ങനെ പ്രചരിപ്പിച്ചയാള്‍ പിന്നീട് അറസ്റ്റിലായിരുന്നു.

പൊതുമരാമത്തിന്റെ
ഭക്ഷ്യ കിറ്റ്

കൊറോണ വൈറസ് വ്യാപിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായ ജനത്തിന് ആശ്വാസമായി പൊതുമരാമത്ത് വകുപ്പ് ഭക്ഷ്യ കിറ്റ് ഏപ്രില്‍ രണ്ട് മുതല്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും കൊടുക്കുമെന്നായിരുന്നു മറ്റൊരു വ്യാജ വാര്‍ത്ത. അരി, പഞ്ചസാര, ചായപ്പൊടി ഇങ്ങനെ തുടങ്ങുന്ന പട്ടിക വളരെ നീണ്ടതാണ്. പട്ടികയുടെ അവസാനം, ആഴ്ചയില്‍ 125 രൂപയുടെ പച്ചക്കറി കൂപ്പണ്‍ എന്നൊക്കെയായിരുന്നു ബോണസ് ഓഫര്‍. ഏതായാലും ഇങ്ങനെ പ്രചരിപ്പിച്ചയാളും പോലീസിന്റെ പിടിയിലായി.

അധികൃതര്‍ക്ക് പിഴച്ചാല്‍

കൂട്ടത്തില്‍ അതും പറയണമല്ലോ. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് അധികൃതരുടെ അറിയിപ്പില്‍ പിഴവുണ്ടായാലോ? സംഗതി പിടിത്തം വിടും. ഈ കൊറോണ കാലത്ത് അങ്ങനെയും അബദ്ധം സംഭവിച്ചു. കണ്ണൂരില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് ജില്ലയിലെ ഹോട്ടല്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അബദ്ധം. ഇതുസംബന്ധിച്ച അറിയിപ്പ് നാല് തവണയാണ് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ മാറ്റങ്ങള്‍ക്ക് വിധേയമായത്. ഹോട്ടല്‍ സന്ദര്‍ശിച്ച സമയം രാവിലെയെന്നും പിന്നീട് രാത്രിയെന്നുമൊക്കെ സന്ദേശം മാറി മാറി വന്നു.

നഷ്ടപ്പെടുന്ന ഊര്‍ജം

സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരുടെ ജാഗ്രത വീണ്ടും വീണ്ടും ആവശ്യപ്പെടുന്ന കാര്യങ്ങളാണ് കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. വളരെ നന്നായി ഉപയോഗിക്കേണ്ട ഒരു മാധ്യമം ചിലരുടെ അവിവേകത്താല്‍ സമൂഹത്തിനാകെ ശല്യമാകുന്ന തരത്തിലേക്ക് താഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സര്‍ക്കാറുകളുടെ നിര്‍ദേശങ്ങളോട് മുഖംതിരിഞ്ഞ് നിന്ന് സമൂഹത്തിലാകെ പ്രതിസന്ധിയുണ്ടാക്കുന്നവര്‍ മറ്റൊരു ഭാഗത്തുണ്ട്. ലോക്ക്ഡൗണും നിരോധനാജ്ഞയുമൊന്നും ചിലര്‍ക്ക് പ്രശ്‌നമല്ല. അവര്‍ അങ്ങാടികളില്‍ ഇറങ്ങിയും വിലക്കുകള്‍ ലംഘിച്ചും അധികൃതര്‍ക്ക് തീരാ ജോലികള്‍ സമ്മാനിക്കുകയാണ്. ദുരന്തമുഖങ്ങളില്‍ ഉപയോഗിക്കപ്പെടേണ്ട ഊര്‍ജം പലപ്പോഴും ഇത്തരം വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കാനായി ഉപയോഗിക്കേണ്ടി വരുന്നു എന്നതാണ് ഇതിലെ ഏറ്റവും അപകടകരമായ വസ്തുത. യുദ്ധമുഖങ്ങളില്‍ ശത്രു സൈന്യത്തിന്റെ ഡമ്മികള്‍ക്ക് എതിരെ യുദ്ധം നയിക്കേണ്ടിവരുന്ന അവസ്ഥ. തെറ്റായ വിവരങ്ങള്‍ കൈമാറുന്നുവെന്നത് മാത്രമല്ല, ജനങ്ങള്‍ക്ക് ആവശ്യമായ നേരത്ത് സഹായം നല്‍കേണ്ട ആരോഗ്യ പ്രവര്‍ത്തകരുടെയും നിയമപാലകരുടെയും സേവനം ഇത്തരം വ്യാജ പ്രചാരകരെ കണ്ടെത്തി അമര്‍ച്ച ചെയ്യേണ്ടതിലേക്ക് വിനിയോഗിക്കേണ്ടി വരികയും ചെയ്യുന്നു.

പരിഹാരം

സാമൂഹിക മാധ്യമങ്ങള്‍ ഒഴിവാക്കിയുള്ള ജീവിതം അസാധ്യമായ ഇക്കാലത്ത് അതുവഴി പരക്കുന്ന വ്യാജ പ്രചാരണങ്ങള്‍ കണ്ടെത്താന്‍ ഒരു മാര്‍ഗം മാത്രമേയുള്ളൂ. തങ്ങളിലേക്കെത്തുന്ന ഇത്തരം വാര്‍ത്തകള്‍ സര്‍ക്കാറിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുക. മന്ത്രിമാരും പോലീസ് സേനയും കലക്ടര്‍മാരുമൊക്ക ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്. അതുകൊണ്ട് നമുക്ക് ലഭിക്കുന്ന സന്ദേശങ്ങളും വാര്‍ത്തകളും ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധപ്പെടുത്തിയതാണോ എന്ന് ഉറപ്പു വരുത്താതെ ഷെയര്‍ ചെയ്യാതിരിക്കുക. സാമൂഹിക മാധ്യമങ്ങള്‍ വഴി സമൂഹത്തിന് ഉപകാരം ചെയ്തില്ലെങ്കിലും അവരെ ഉപദ്രവിക്കാതിരിക്കാനെങ്കിലും ഇതുവഴി സാധിക്കും.

Latest