Connect with us

Covid19

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ ഭക്ഷ്യധാന്യം നല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവന്തപുരം |  സംസ്ഥാനത്ത് റേഷന്‍ കാര്‍ഡില്ലാതെ, വാടകക്കും മറ്റും താമസിക്കുന്നവര്‍ക്കും റേഷന്‍കട വഴി സൗജന്യ ഭക്ഷ്യധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധാര്‍ പരിശോധിച്ച ശേഷമാകും നടപടി. ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സഹകരണ ബേങ്കുകള്‍ ഇന്ന് തന്നെ പെന്‍ഷന്‍ എത്തിച്ച് തുടങ്ങിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. കൊവിഡ് ഭീതി എത്ര കടുത്തതായാലും നേരിടാന്‍ സംസ്ഥാനം സജ്ജമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സന്നദ്ധ പ്രവര്‍ത്തക സേന ഉടന്‍ രൂപവത്ക്കരിക്കും. 23600 പേര്‍ സന്നദ്ധ സേനയില്‍ അംഗങ്ങളായുണ്ടാകും. സേനയില്‍ അംഗങ്ങളാകാന്‍ 2നും 24നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സന്നദ്ധ സേന വെബ്‌പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. പഞ്ചായത്തുകളില്‍ 200 പേര്‍ വീതവും നഗരസഭകളില്‍ 500 പേര്‍ വീതവും സേനയില്‍ അംഗങ്ങളായുണ്ടാകും.

ഒറ്റപ്പെട്ടവര്‍ക്ക് ആശുപത്രികളിലും മറ്റും കൂട്ടിരിക്കാനും ഭക്ഷണം എത്തിച്ച് നല്‍കാനും ഇവരെ ഉപയോഗിക്കും.
ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി ആരംഭിച്ചു. പഞ്ചായത്തുകളിലും മുനിസിപാലിറ്റികളിലും സൗകര്യം ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കും. 43 പഞ്ചായത്തുകളില്‍ ഇതിനകം കമ്മ്യൂണിറ്റി കിച്ചന്‍ നിലവില്‍ വന്നു കഴിഞ്ഞു. മറ്റ് പഞ്ചായത്തുകളിലും മുനിസിപാലിറ്റികളും തയ്യാറെടുപ്പ് പൂര്‍ത്തിയായി. ക്ഷീര- മൃഗസംരക്ഷണ വകുപ്പിനെ അവശ്യ സര്‍വ്വീസായി പ്രഖ്യാപിച്ചു. അവശ്യ സാധനങ്ങള്‍ക്ക് കുറവുണ്ടാല്‍ അയല്‍ സംസ്ഥാനത്ത് കോണ്‍വോയ് ആയി വാഹനങ്ങള്‍ പറഞ്ഞയച്ച് സാധനങ്ങള്‍ എത്തിക്കും. ചരക്ക് നീക്കത്തിനുള്ള ബുദ്ധിമുട്ട് പരിഹരിക്കും. അന്യ സംസ്ഥാനക്കാരെ വീടുകളില്‍ നിന്ന് ഇറക്കിവിടുന്നത് അനുവദിക്കില്ല. ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് താമസവും ഭക്ഷണവും ഉറപ്പാക്കും. സംസ്ഥാനത്തിന്റെ സല്‍പ്പേരിന് കളങ്കമാക്കുന്ന ഒന്നും അനുവദിക്കില്ല.
എല്ലാ ജില്ലകളിലും 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ പട്ടിക തയ്യാറാക്കി. ഇവരുടെ കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കും. പോലീസ് നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പോലീസും സംയമനം പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ കൊവിഡ് പാക്കേജ് സ്വാഗതം ചെയ്യുന്നു. തൊഴിലുറപ്പ് വേതനം വര്‍ധിപ്പിക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ പാക്കേജിനെ കേരളം ശരിയായ രൂപത്തില്‍ ഉപയോഗിക്കും. സര്‍ക്കാര്‍ ആശുപത്രിക്ക് പുറമെയുള്ള സൗകര്യങ്ങളും കൊവിഡ് പ്രതിരോധത്തിന് ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്ന് 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒമ്പത് കണ്ണൂരിലും കാസര്‍കോട്, മലപ്പുറം മൂന്ന് പേര്‍ വീതവും തൃശൂരില്‍ രണ്ടും ഇടുക്കിയിലും വയനാട്ടിലും ഓരോന്നുമാണ് സ്ഥിരീകരിച്ചത്. വയനാട്ടില്‍ ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 126 ആയി. ആകെ വൈറസ് ബാധിച്ചവര്‍ 138 ആയി. 120003 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 601 പേര്‍ ആശുപത്രിയിലാണുള്ളത്. ഇന്ന് 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 908 പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രിതിരോധത്തിനായി സംസ്ഥാനം സ്വീകരിച്ച നടപടയെ കേന്ദ്രം പ്രശംസിച്ചതായും ഇക്കാര്യം കേന്ദ്രമന്ത്രി സദാനദ്ദ ഗൗഡ ഫോണില്‍ സംസാരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest