Connect with us

Editorial

ലോക്ക് ഡൗണ്‍ പോരാ, ധനസഹായ പാക്കേജും വേണം

Published

|

Last Updated

അനിവാര്യമായ ഒരു നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍. കൊറോണയുടെ ഭീതിതമായ വ്യാപനം തടയാന്‍ ജനങ്ങള്‍ ഏതാനും ദിവസം പുറത്തിറങ്ങാതെ വീട്ടില്‍ “സ്വയംതടവ്” അനുഭവിക്കുകയും സാമൂഹിക അകലം പാലിക്കുകയുമല്ലാതെ മറ്റു മാര്‍ഗമില്ല. വൈറസ് ബാധയുടെ കണ്ണി മുറിക്കാന്‍ 21 ദിവസത്തെ ഐസൊലേഷന്‍ അനിവാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം. ജനങ്ങള്‍ ഇത് ഗൗരവമായി കണക്കിലെടുത്തേ പറ്റൂ. അല്ലെങ്കില്‍ ഇറ്റലി ഇവിടെയും ആവര്‍ത്തിക്കും. രോഗപ്പകര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ അത്ര ഗൗരവമായി കാണാത്തതും പ്രതിരോധ നടപടികള്‍ സ്വീകരിക്കാത്തതുമാണ് ഇറ്റലിയില്‍ രോഗം നിയന്ത്രണാതീതമാം വിധം വ്യാപിക്കാനും ദിനംപ്രതി നൂറുകണക്കിനു പേര്‍ മരിച്ചു വീഴാനും ഇടയാക്കിയത്. ആദ്യ ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങളെ തടയുന്നതില്‍ പരാജയപ്പെട്ട മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും രോഗം പടര്‍ന്നു പിടിക്കുകയാണ്.

മൂന്ന് മാസം മുമ്പ് കൊറോണ ബാധയുടെ ആദ്യ ഘട്ടത്തില്‍ അനുഭവപ്പെട്ടതിനേക്കാള്‍ അതിവേഗത്തിലാണിപ്പോള്‍ രോഗപ്പകര്‍ച്ച. ആദ്യത്തെ 67 ദിവസത്തിനിടെ ഒരു ലക്ഷം പേരെയായിരുന്നു കൊറോണ വൈറസ് ബാധിച്ചത്. അടുത്ത ഒരു ലക്ഷം പേരെ ബാധിച്ചത് വെറും 11 ദിവസം കൊണ്ടാണ്. പിന്നീടുള്ള ഒരു ലക്ഷം പേരിലേക്ക് പടര്‍ന്നത് അതിവേഗത്തില്‍ നാല് ദിവസത്തിനകവും. മികച്ച ആരോഗ്യ, അടിസ്ഥാനസൗകര്യങ്ങളുള്ള ഇറ്റലിയും അമേരിക്കയും പോലും രോഗ വ്യാപനം തടയാന്‍ ബുദ്ധിമുട്ടുകയാണ്. ഇറ്റലിയേക്കാള്‍ ജനസംഖ്യയും ജനസാന്ദ്രതയും കൂടിയതും അതേസമയം ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ രാജ്യവുമാണ് ഇന്ത്യ. ആറ് കോടിയാണ് ഇറ്റലിയിലെ ജനസംഖ്യയെങ്കില്‍ ഇന്ത്യയുടേത് 130 കോടിയിലേറെയാണ്.

ഇവിടെ രോഗം സാമൂഹിക വ്യാപന ഘട്ടത്തിലേക്കു എത്തിക്കഴിഞ്ഞാല്‍ പ്രത്യാഘാതം അതിഗുരുതരമായിരിക്കും.
ഇടപഴകി ജീവിച്ചു ശീലിച്ചവര്‍ക്ക് മൂന്നാഴ്ച തുടര്‍ച്ചയായി പുറത്തിറങ്ങാതെ വീട്ടിലിരിക്കുക ദുഷ്‌കരമാണ്. എന്നാല്‍ കൊറോണ പേടിയില്‍ വികസിത രാജ്യമായ അമേരിക്കന്‍ ജനതയില്‍ പകുതി പേരും ബ്രിട്ടനില്‍ ആറര കോടി പേരും നിര്‍ബന്ധിത ഗാര്‍ഹിക വാസത്തിലാണെന്നു നാം അറിയേണ്ടതുണ്ട്. ഇന്ത്യയില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കൊറോണ ബാധിതരായവരുടെ എണ്ണം 603ഉം മരണപ്പെട്ടവരുടെ എണ്ണം 12ഉം ആയി ഉയര്‍ന്നു കഴിഞ്ഞു. ഈ സംഖ്യകള്‍ ഇനിയും ഉയരാതിരിക്കാനും ഇന്ത്യന്‍ ജനതയെ ഒരു മഹാ ദുരന്തത്തില്‍ നിന്ന് രക്ഷിക്കാനും നാമെല്ലാം കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശം കര്‍ശനമായി പാലിക്കുകയും ഐസൊലേഷനിലിരിക്കുകയും ചെയ്‌തേ പറ്റൂ. സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ ഈ മഹാമാരിയെ തടുക്കാനാകില്ല. ഓരോ പൗരന്റെയും സഹകരണം അനിവാര്യമാണ്. അടുത്ത മൂന്നാഴ്ച രാജ്യത്തെ നിരത്തുകളും പൊതുയിടങ്ങളും വിപണികളുമെല്ലാം ആളൊഴിഞ്ഞു കിടക്കണം. സര്‍ക്കാറിനു വേണ്ടിയല്ല, നമുക്കും നമ്മുടെ കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങളെന്ന കാര്യം മറക്കരുത്. ഒരു വ്യക്തി മതി ഇപ്പോഴത്തെ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍. കാസര്‍കോട്ട് അതാണല്ലോ കണ്ടത്. ഇനിയും അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഓരോ വ്യക്തിയും അതീവ ശ്രദ്ധാലുവാകേണ്ടതുണ്ട്.

അതേസമയം, മൂന്നാഴ്ച വീടിന്റെ പടിവാതിലിനപ്പുറം കടക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രി, ഇതേത്തുടര്‍ന്ന് കൊടിയ ദാരിദ്ര്യത്തിലേക്കു നീങ്ങുന്ന പാവപ്പെട്ടവര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും അത്രയും നാള്‍ ജീവിതം തള്ളിനീക്കാനെന്തുമാര്‍ഗമെന്ന ചോദ്യത്തിനുത്തരം പറയേണ്ടതുണ്ട്. രോഗ ചികിത്സക്കായി ആരോഗ്യ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു കേന്ദ്രം 15,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് പാവപ്പെട്ടവന്റെ വിശപ്പടക്കാന്‍ പര്യാപ്തമല്ലല്ലോ. രോഗ വ്യാപനം തടയാന്‍ ജനങ്ങളോട് വീടുകളില്‍ ഒതുങ്ങിക്കഴിയാന്‍ നിര്‍ബന്ധ ഉത്തരവിട്ട അമേരിക്ക, കാനഡ, ജര്‍മനി, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസത്തിനു പരിഹാരമായി വിവിധ സഹായ പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചത്. കൊറോണ മൂലം ജോലി നഷ്ടമായവര്‍ക്കും ജോലിയില്‍ നിന്ന് തത്കാലം മാറിനില്‍ക്കാന്‍ നിര്‍ബന്ധിതരായവര്‍ക്കും മറ്റും ആശ്വാസം നല്‍കുന്ന 82 ബില്യണ്‍ ഡോളറിന്റെ പാക്കേജാണ് കാനഡയുടേത്. സാധാരണക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും മൂന്ന് മാസത്തെ സഹായ ശമ്പളം നേരിട്ടെത്തിക്കുന്ന 156 ബില്യണ്‍ യൂറോയുടെ സഹായ പാക്കേജ് ജര്‍മനിയും താഴ്ന്ന വരുമാനക്കാരുടെ അക്കൗണ്ടുകളിലേക്ക് മാര്‍ച്ച് 31ന് മുമ്പ് 750 ഡോളര്‍ വീതവും ചെറുകിട ഇടത്തരം ബിസിനസുകാര്‍ക്ക് 25,000 ഡോളര്‍ വരെ ധനസഹായവും നല്‍കുന്ന പാക്കേജ് ആസ്‌ത്രേലിയയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലും ഇത്തരമൊരു പാക്കേജിന്റെ അനിവാര്യത പ്രതിപക്ഷ അംഗങ്ങള്‍ തിങ്കളാഴ്ച പാര്‍ലിമെന്റില്‍ ചൂണ്ടിക്കാട്ടിയതുമാണ്.

ഒന്നര വര്‍ഷത്തേക്കാവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങള്‍ രാജ്യത്ത് സ്റ്റോക്കുണ്ടെന്നാണ് കേന്ദ്ര വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. പൊതു ഗോഡൗണുകളില്‍ കെട്ടിക്കിടക്കുകയാണ് ഇവയില്‍ ബഹുഭൂരിഭാഗവും. മാത്രമല്ല കാലപ്പഴക്കത്തില്‍ പുഴുവരിച്ചു നശിക്കുകയും ചെയ്യുന്നു. ഇതിലൊരു ഭാഗം വിതരണം ചെയ്താല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ക്വാറന്റൈനിലായ ജനത്തിനു വലിയൊരു ആശ്വാസമാകും. ദാരിദ്രരേഖക്ക് താഴെയുള്ളവർക്ക് രണ്ട് രൂപക്ക് അരിയും മൂന്ന് രൂപക്ക് ഗോതന്പും നൽകുമെന്ന പ്രഖ്യാപനം സന്തോഷകരമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിനുണ്ടായ വിലത്തകര്‍ച്ചയുടെ ഗുണം പൊതുസമൂഹത്തിന് നല്‍കാതെ തട്ടിയെടുത്തതിലൂടെ ലക്ഷക്കണക്കിനു കോടി രൂപയാണ് പ്രതീക്ഷിക്കാതെ സര്‍ക്കാറിനു കൈവന്നത്. ഇത് കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാവുന്നതാണ്. പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൈയടിച്ചു ധാര്‍മിക പിന്തുണയര്‍പ്പിക്കുന്നതിനപ്പുറം ജനക്ഷേമപരമായ നടപടികളാണ് കേന്ദ്രത്തില്‍ നിന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.