കൊവിഡ് 19: തിരിച്ചുവരവിന്റെ പാതയിൽ ചൈന

Posted on: March 25, 2020 10:28 pm | Last updated: March 25, 2020 at 10:41 pm

ബീജിംഗ് | കൊറോണ വൈറസിനാൽ ലോകം പകച്ചു നിൽക്കുമ്പോൾ വൈറസിൻ്റെ പ്രഭവകേന്ദ്രമായ ചൈന പുതുജീവിതത്തിലേക്ക്. മഹാമാരിയെത്തുടർന്ന് അടച്ചിട്ട ഫാക്ടറികളിൽ ഉത്പാദനങ്ങൾ പതുക്കെ ആരംഭിക്കുകയാണിപ്പോൾ. ചില വിമാന സർവീസുകളും പുനരാരംഭിച്ചു തുടങ്ങി. ബെയ്ജിങ്ങിലെ മൃഗശാലയും വന്‍മതിലിന്റെ ചില ഭാഗങ്ങളും ഇതിനകം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലായിരുന്ന തൊഴിലാളികൾ ജോലികളിലേക്ക് തിരിച്ചുവന്നു തുടങ്ങി. കമ്പനികളിൽ ഉത്പാദനം പുനരാരംഭിച്ചു. തെരുവുകള്‍ വീണ്ടും സജീവമായിത്തുടങ്ങി. കാർ വില്പന കഴിഞ്ഞ മാസങ്ങളിൽ ഗുരുതരമായ തകർച്ചയെ നേരിട്ടു. ഉപഭോക്താക്കൾ കടകളിലേക്ക് തിരിച്ചുവരുന്ന കാഴ്ചയും എവിടെയും കാണാം. സബ്‌വേ ട്രാഫിക്കില്‍ 21% വര്‍ധനവുണ്ടായിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഹുബെ പ്രവിശ്യയില്‍ സഞ്ചാരവിലക്ക് പിന്‍വലിക്കുമെന്നും അധികൃതര്‍ അറിയിച്ചു.  കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉടനെ അവസാനിക്കും. ഏപ്രില്‍ എട്ടുവരെയാണ് ഇവിടെ ലോക്ഡൗണ്‍.

ജനുവരി അവസാനവാരത്തിൽ ചൈനയിൽ സംഹാര താണ്ഡവമാടിയ കൊറോണാ വൈറസിനെ തുടർന്ന് ആഴ്ചകളോളം ഫാക്ടറികൾ അടച്ചുപൂട്ടേണ്ടി വന്നിരുന്നു. മഹാമാരിയെ തുടർന്ന് കടുത്ത പ്രത്യാഘാതമുണ്ടാക്കിയത് വ്യോമയാന മേഖലയിലാണ്. എങ്കിലും ചില വിമാനങ്ങൾ പുനരാരംഭിച്ചു തുടങ്ങിയത് ആശ്വാസം പകരുന്നതാണ്.

 

ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തിരിച്ചുവരവ് അന്താരാഷ്ട്ര കമ്പനികൾക്കും ഏറെ ആശ്വാസം പകരുന്നതാണ്. അതേ സമയം, യൂറോപ്പ്, അമേരിക്ക, ഇന്ത്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ മഹാമാരിയുടെ സംഹാരതാണ്ഡവം ഇപ്പോഴും തുടരുകയാണ്.

ഇതുവരെ 81,218 പേർക്കാണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതരിൽ  ഇന്ന് നാല് പേരടക്കം 3,281 ആണ് മരിച്ചത്.  എന്നാൽ രോഗബാധിതരിൽ 73,650 പേരും രോഗമുക്തി നേടി.  ലോകരാജ്യങ്ങൾ കൊറോണ വ്യാപനത്തിന്റെ ആശങ്കയില്‍ കഴിയുമ്പോൾ  രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയുടെ തരിച്ചുവരവ് ഏറെ ആശ്വാസം പകരുന്നു.