സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Posted on: March 25, 2020 6:08 pm | Last updated: March 26, 2020 at 9:55 am

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 112 ആയി. 12 പേര്‍ക്ക് രോഗം ഭേദമായതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ പാലക്കാട്, മൂന്നു പേര്‍ എറണാകുളം, രണ്ട് പേര്‍ പത്തനം തിട്ട, ഒരാള്‍ കോഴിക്കോട് എന്നിവിടങ്ങളിലാണ്. നാലുപേര്‍ ദുബായില്‍നിന്നും ഒരാള്‍ യുകെ, ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

സംസ്ഥാനത്ത് 76542 പേരാണ് നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫ്രാന്‍സില്‍നിന്നുള്ള കൊറോണ ബാധിതനൊപ്പം സഞ്ചരിച്ച ഒരു ടാക്‌സി ഡ്രൈവര്‍ക്കാണ് എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.