Connect with us

National

കര്‍ണാടകയില്‍ വീണ്ടും കൊവിഡ് മരണം: രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 13 ആയി

Published

|

Last Updated

ബെംഗളൂരു |  രാജ്യത്തെ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയില്‍ വീണ്ടും ഒരു മരണം. കൊവിഡ് ബാധിച്ച് സഊദിയയില്‍ നിന്നെത്തി ചികിത്സയില്‍ കഴിഞ്ഞിരുന്ന 75കാരനാണ് മരിച്ചത്. ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയാണ് മരിച്ചതെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു പറഞ്ഞു. എന്നാല്‍ മരിച്ചയാളുടെ പേര് പുറത്തുവിട്ടില്ല. ഇയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഇന്ന് രാവിലെ തമിഴ്‌നാട്ടിലെ മധുരയില്‍ കൊവിഡ് വൈറസിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചിരുന്നു.

കര്‍ണാടകയില്‍ മരണപ്പെട്ടയാള്‍ക്ക് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ വീടുകളിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടൈന്നും ചിലര്‍ ആശുപത്രിയിലും ചിലര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇദ്ദേഹവുമായി അടുത്തു ഇടപഴകിയ ആളുകളുടെ ശരീരസ്രവം പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നേരത്തെ കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലായിരുന്നു രാജ്യത്തെ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ 76 കാരനായിരുന്നു മരണപ്പെട്ടത്.
രാജ്യത്ത് ഇതുവരെ 562 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ 48 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്.