Connect with us

Covid19

രോഗബാധിതരുടെ എണ്ണം 511 ആയി; ഗോവ, സിക്കിം, യുപി സംസ്ഥാനങ്ങളും ലോക്ക് ഡൗണിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് വൈറസ് വ്യാപനം രാജ്യത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കെ കൂടുതല്‍ സംസ്ഥാനങ്ങള്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങി. ഗോവ, സിക്കിം, യുപി എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.

ഗോവയില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ അവശ്യസര്‍വീസുകള്‍ ഒഴികെ എല്ലാം തടസപ്പെടും. ഗോവയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ഗോവ നടപടികള്‍ ശക്തമാക്കിയത്.

മിസോറാമില്‍ ആദ്യ കൊറണ കേസ് റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെയാണ് സിക്കിം ചൊവ്വാഴ്ച ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സിക്കിമിലും ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മാര്‍ച്ച 25 മുതല്‍ മാര്‍ച്ച് 31 വരെയാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുന്നത്.

ഉത്തര്‍പ്രദേശില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് അറിയിച്ചു. നിലവില്‍ 34 പേര്‍ക്കാണ് സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മുതല്‍ പശ്ചിമ ബംഗാളിലും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വിശാഖപട്ടണം പൂര്‍ണമായും അടച്ചു. നിലവില്‍ ആറ് പേരാണ് ആന്ധ്രയില്‍ ചികിത്സയിലുള്ളത്. നേരത്തെ ചില ജില്ലകളില്‍ മാത്രം ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ സംസ്ഥാനത്തെ 30 ജില്ലകളിലും ഏര്‍പ്പെടുത്താന്‍ ഒഡീഷ സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ച്ച് 29 വരെയാണ് നിയന്ത്രണങ്ങള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളം, ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളും കൊറോണ വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ 511 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് പേര്‍ മരിച്ചു.