കേന്ദ്രത്തിന്റെ കരുതലെന്ത്?

Posted on: March 23, 2020 11:33 am | Last updated: March 23, 2020 at 11:33 am

കൊറോണ വൈറസ് മൂലമുണ്ടാകുന്ന കൊവിഡ് 19 എന്ന രോഗം ലോകത്തെ ഏതാണ്ട് നിശ്ചലമാക്കിയിരിക്കുന്നു. ഈ വൈറസിന്റെ വ്യാപനം തടയാതെ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് എല്ലാ രാഷ്ട്രങ്ങളും. 120 കോടിയിലേറെ ജനസംഖ്യയുള്ള, അതിനനുസരിച്ച് ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ വികസിക്കാത്ത ഇന്ത്യന്‍ യൂനിയന്‍ രോഗ ബാധയുടെ ആഴമറിയാതെ ഉഴലുന്ന അവസ്ഥയിലും. ഇന്ത്യയില്‍ ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ആദ്യഘട്ടത്തിലുണ്ടായ മൂന്ന് കേസുകളും ചികിത്സിച്ച് ഭേദമാക്കാനും മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനും കേരളത്തിന് സാധിച്ചു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ രോഗികളുമായി സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്താനും അവരെ നിരീക്ഷണത്തില്‍ വെക്കാനുമുള്ള വലിയ പ്രയത്‌നം കേരളം നടത്തുകയാണ്. നിരീക്ഷണ വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ ഭീഷണിയാണെങ്കിലും ഒട്ടൊക്കെ രോഗ വ്യാപനം നിയന്ത്രിച്ച് നിര്‍ത്താനാകുമെന്ന പ്രതീക്ഷ കേരളത്തിലുണ്ട്. സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുന്ന പ്രതിപക്ഷവും സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്ന ജനങ്ങളുമാണ് ഈ പ്രതീക്ഷയുടെ ആധാരം.

ഈ അവസ്ഥയാണോ ഇന്ത്യന്‍ യൂനിയനിലാകെ എന്ന് ചോദിച്ചാല്‍ അവിടെ സംശയങ്ങളുണ്ട്. പൊതുഗതാഗതം നിര്‍ത്തിവെച്ചും ആളുകള്‍ കൂട്ടമായെത്തുന്ന സ്ഥലങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയും റസ്റ്റോറന്റുകള്‍ അടക്കമുള്ളവ അടച്ചിട്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചുമൊക്കെ വിവിധ സംസ്ഥാനങ്ങള്‍ വൈറസിന്റെ വ്യാപനം തടയാന്‍ ആവുംവിധം ശ്രമിച്ചിരുന്നു. ഏറ്റവുമൊടുവില്‍ യാത്രാ ട്രെയിനുകളുടെ സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെച്ച് ഏതാണ്ടൊരു അടച്ചിടലിലേക്ക് രാജ്യം നീങ്ങുകയാണ്. സാമൂഹിക ഇടപെടല്‍ കുറക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ ഏതാണ്ട് പൂര്‍ണമായും ആചരിച്ചിരിക്കുന്നു ഇന്ത്യന്‍ ജനത. കൊവിഡ് 19 അനിയന്ത്രിതമായാല്‍ രാജ്യത്തെ ജനങ്ങളാകെ വീട്ടിലിരിക്കേണ്ട സാഹചര്യമുണ്ടായേക്കാം. അതിനുള്ള മുന്നൊരുക്കമെന്ന നിലയിലാണ് ജനതാ കര്‍ഫ്യൂ എന്നും വിലയിരുത്തലുണ്ട്.

ഇതൊക്കെ നടക്കുമ്പോഴുമുള്ള ആശങ്ക, നമ്മുടെ രാജ്യത്ത് രോഗ വ്യാപനത്തിന്റെ ആഴമെത്ര എന്ന് അറിയില്ല എന്നതാണ്. അതറിയുക അത്ര എളുപ്പമല്ല താനും. വ്യാപനത്തിന്റെ ആഴമറിയാന്‍ വേണ്ട വിധത്തിലുള്ള നടപടികളിലേക്ക് രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ കടന്നോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. ഇന്ത്യയില്‍ രോഗ ബാധിതരായവരില്‍ ഭൂരിഭാഗവും വിദേശത്തു നിന്നെത്തിയവരാണ്. അവരില്‍ നിന്ന് രോഗ ബാധയുണ്ടായവരാണ് മറ്റുള്ളവര്‍. അതുകൊണ്ടാണ് രോഗ വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് നമ്മള്‍ ഇപ്പോഴുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ സി എം ആര്‍) വാദിക്കുന്നത്. ഈ പരിധി കടന്നുവെന്നും സമൂഹത്തിലേക്ക് വ്യാപിച്ച് തുടങ്ങിയെന്നും ചില വിദഗ്ധരെങ്കിലും അഭിപ്രായപ്പെടുന്നു. വിദേശത്ത് യാത്ര ചെയ്യുകയോ വിദേശത്തു നിന്ന് എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്ത ചിലരെങ്കിലും രോഗ ബാധിതരായെന്ന റിപ്പോര്‍ട്ടുകള്‍ സമൂഹ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകളെ ശരിവെക്കുന്നുമുണ്ട്.
ചൈനയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആ രാജ്യവുമായുള്ള നിരന്തര സമ്പര്‍ക്കമുള്ള രാഷ്ട്രമെന്ന നിലയിലുള്ള മുന്‍കരുതല്‍ നമ്മുടെ ഭരണകൂടം സ്വീകരിച്ചിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. ചൈനക്ക് പുറത്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയപ്പോഴും വേണ്ട മുന്‍കരുതലെടുക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായോ എന്ന് ചോദിച്ചാലും ഇല്ല എന്ന് തന്നെയാണ് ഉത്തരം. വിവിധ സംസ്ഥാനങ്ങളില്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം മാത്രമാണ് നിയന്ത്രണത്തിനുള്ള വഴികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തേടുന്നത്. അപ്പോള്‍ പോലും രോഗം അനിയന്ത്രിതമായി പടരുന്ന സാഹചര്യമുണ്ടായാല്‍ എന്ത് ചെയ്യുമെന്നതില്‍ വ്യക്തതയുണ്ടായിട്ടില്ല. ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയും സാമൂഹിക ഇടപെടലുകള്‍ നിയന്ത്രിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത പ്രധാനമന്ത്രി, സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുവെന്നതില്‍ മൗനം പാലിച്ചു. രോഗ വ്യാപനം തടയുക എന്നത് ജനത്തിന്റെ മാത്രം ഉത്തരവാദിത്തമാണ് എന്ന പ്രതീതിയാണ് ഈ മൗനമുണ്ടാക്കുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിലെ അവസ്ഥ വിശദീകരിക്കാന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെക്കുന്ന ചില വിവരങ്ങള്‍ ഉദാഹരണമായി എടുക്കാം. കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഹോസ്റ്റലുകളില്‍ അയ്യായിരത്തോളം സിംഗിള്‍ മുറികളുണ്ട്. കൂടുതല്‍ ആളുകളെ നിരീക്ഷണത്തില്‍ വെക്കേണ്ടി വന്നാല്‍ ഈ മുറികള്‍ വിട്ടുതരാന്‍ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ സന്നദ്ധമായിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. അടിയന്തര സാഹചര്യം വന്നാല്‍ സംസ്ഥാനത്തെ വിവിധ ലോഡ്ജുകള്‍ ഏറ്റെടുക്കാന്‍ ആലോചന തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഇതുപോലെ എന്തെങ്കിലും ആലോചനകള്‍ നടത്തുന്നുണ്ടോ എന്ന് കേന്ദ്ര ഭരണകൂടം അറിയിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ ആലോചിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടോ എന്നും വ്യക്തമല്ല. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് ഭക്ഷണവും മരുന്നുമൊക്കെ എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട് കേരളത്തില്‍. പാകം ചെയ്ത ഭക്ഷണം എത്തിച്ചുകൊടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എന്തെങ്കിലും സംവിധാനത്തെക്കുറിച്ച് കേന്ദ്ര ഭരണകൂടം ആലോചിച്ചിട്ടുണ്ടോ എന്ന് അറിയില്ല. അങ്ങനെയൊക്കെ ആലോചിക്കുന്നുണ്ടെന്ന് ഇതുവരെ ആരും അറിയിച്ചിട്ടില്ല.
ഇതൊക്കെ എന്തുകൊണ്ട് പ്രധാനമാകുന്നുവെന്ന് ചോദിച്ചാല്‍ ആറ് കോടി ജനസംഖ്യയുള്ള ഇറ്റലിയുടെ ഇന്നത്തെ അവസ്ഥയാണ് ഉത്തരം. അവിടുത്തെ ആറ് കോടി ജനങ്ങളും ഇന്ന് ഏതാണ്ട് വീട്ടുതടങ്കലിലാണ്. രോഗികളായി മാറിയവര്‍ക്ക് വേണ്ട ചികിത്സ നല്‍കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ആ രാജ്യം. ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുകയും ചെയ്യുന്നു. രോഗികളില്‍ എണ്‍പത് വയസ്സ് പിന്നിട്ടവര്‍ക്ക് ചികിത്സ നല്‍കേണ്ടതില്ലെന്ന് ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നു ഭരണകൂടം. 130 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യന്‍ യൂനിയനില്‍ പകുതി പേര്‍ വീട്ടിലിരിക്കേണ്ടി വന്നാല്‍ എന്താകും സ്ഥിതി? അവിടേക്ക് കാര്യങ്ങള്‍ എത്താതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം. പക്ഷേ, അവിടേക്ക് എത്തിയാല്‍, എങ്ങനെ നേരിടുമെന്നതില്‍ എന്തെങ്കിലും പ്ലാന്‍ കേന്ദ്ര സര്‍ക്കാറിനുള്ളതായി അറിവില്ല. എന്തെങ്കിലും പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് ജനങ്ങള്‍ക്ക് ഒരു സൂചനയും നല്‍കിയിട്ടുമില്ല.

2017ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തില്‍ യാത്ര ചെയ്തിരുന്നു. നമ്മുടെ പ്രധാനമന്ത്രിയുടെ സ്വന്തം നാട്. പന്ത്രണ്ട് വര്‍ഷം അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനം. അമ്പത് കിലോമീറ്ററെങ്കിലും പോകണം ആശുപത്രിയിലേക്ക് എന്ന് അവിടെ പല ഭാഗങ്ങളിലുമുള്ള ഗ്രാമീണര്‍ പറഞ്ഞത് ഓര്‍മയിലുണ്ട്. അതിശയോക്തി കണക്കിലെടുത്താലും കുറഞ്ഞത് 30 കിലോമീറ്ററെങ്കിലും യാത്ര ചെയ്യേണ്ടിവരും ഇവര്‍ക്കൊരു ആശുപത്രിയിലെത്താന്‍. മൂന്ന് വര്‍ഷത്തിനിപ്പുറം കാര്യങ്ങളില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടുണ്ടാകില്ല. ഇത് ഗുജറാത്തിന്റെ മാത്രം കഥയല്ല. ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിയാണ്. അവിടങ്ങളില്‍ രോഗ വ്യാപനമുണ്ടായാല്‍ ഈ ഗ്രാമീണരെ ചികിത്സിക്കാന്‍ എന്താണ് മാര്‍ഗം? കൊവിഡ് 19 പടരുമ്പോള്‍ ബിഹാറെന്ന സംസ്ഥാനത്ത് ആകെയുള്ള പരിശോധനാ കേന്ദ്രം ഒന്ന് മാത്രമാണെന്ന വസ്തുത കൂടി ഓര്‍ക്കുക. ഒമ്പത് കോടിയിലധികം ജനങ്ങളുണ്ട് ബിഹാറില്‍. അവര്‍ക്കായി ഒരു പരിശോധനാ കേന്ദ്രം!

ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ല. പക്ഷേ, കൊറോണ വൈറസ് പടരാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നതില്‍, അതിനെ പ്രതിരോധിക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍, അവ്വിധമുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാറുകളെ പ്രേരിപ്പിക്കുന്നതില്‍ ഒക്കെ ദയനീയമായി പരാജയപ്പെട്ടു നരേന്ദ്ര മോദി സര്‍ക്കാര്‍ എന്നതില്‍ തര്‍ക്കമില്ല. അത്തരമൊരു സര്‍ക്കാറിന് രോഗ വ്യാപനം തടയുക എന്നത് ജനങ്ങളുടെ മാത്രം ഉത്തരവാദിത്തമാക്കാനേ സാധിക്കൂ. അതാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തെ നിശ്ചലമാക്കുമ്പോഴും അത് പ്രതികൂലമാകുന്നത് ജനങ്ങള്‍ക്ക് തന്നെയാണ്. അന്നന്നത്തെ അന്നത്തിന് അധ്വാനിക്കുന്ന കോടിക്കണക്കിനാളുകളുണ്ട് രാജ്യത്ത്. തൊഴിലില്ലായ്മയുടെ നാളുകള്‍ നീണ്ടാല്‍ കൊവിഡിനൊപ്പം പട്ടിണിയും ഇന്ത്യക്കാരന്റെ ജീവനെടുക്കാനെത്തും. ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിന്റെ പൊരുള്‍ ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി മനസ്സിലാക്കേണ്ടതുണ്ട്.

രാജീവ് ശങ്കരന്‍
[email protected]