Connect with us

Cover Story

ഭയം ഭരിച്ച ആ ദിനങ്ങൾ

Published

|

Last Updated

അക്രമികള്‍ പള്ളിക്ക് തീയിട്ടപ്പോള്‍ കത്തിയമര്‍ന്ന ഹിന്ദുവിന്റെ വീട്ടില്‍ ആശ്വാസവചനവുമായെത്തിയ അയല്‍വാസി

പുരാനാ മുസ്തഫാബാദിലെ നൂര്‍ മസ്ജിദിനു സമീപം ഇടുങ്ങിയ 17 ാം നമ്പര്‍ ഗല്ലിയിലെ ഈ കുടുസ്സുമുറിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മൂന്ന് വയസ്സുകാരന്‍ അനീസ് വല്യുമ്മ അസ്ഗരിയോടൊപ്പം കാത്തിരിക്കുകയാണ്. പലഹാരപ്പൊതിയുമായി ഉപ്പ വരാന്‍ നേരമായിരിക്കുന്നു.

ഉപ്പയെ കാണാതെ ദിവസങ്ങള്‍ കടന്നുപോയിരിക്കുന്നു.അവന്‍ ഉമ്മയോടും ഉമ്മൂമ്മയോടും ഉപ്പൂപ്പയോടും ഉപ്പയെ തേടുന്നു. ഇനി ഉപ്പവരില്ലെന്ന് ഈ കുഞ്ഞിനെ എങ്ങനെ പറഞ്ഞുമനസ്സിലാക്കും എന്നറിയാതെ അവര്‍ കണ്ണീര്‍ തുടക്കുന്നു…
മൂത്തവന്‍ നാല് വയസ്സുകാരന്‍ അലീസിന് ഉപ്പ ഇനി വരില്ലെന്ന് മനസ്സിലായിക്കാണും. അതിനാല്‍ അവന്‍ കരച്ചിലും വാശിയും നിര്‍ത്തിയിട്ടില്ല. എപ്പോഴും ഒരേ കിടപ്പ്. അവനെ ആശ്വസിപ്പിക്കാനുള്ള എല്ലാ ശ്രമവും ഫലമില്ലാതെ പോകുന്നു.

ഈ മരണവീട് കണ്ടെത്താന്‍ ഞങ്ങള്‍ക്ക് ഗല്ലികളിലൂടെ ഏറെ അലയേണ്ടി വന്നു. വഴി പറഞ്ഞു തരാന്‍ എല്ലാവര്‍ക്കും വൈമുഖ്യം. കാരണം അപ്പോഴും ആ ഗല്ലികളെ ഭരിക്കുന്നത് ഭയമായിരുന്നു. വംശഹത്യ ലക്ഷ്യമിട്ട ഒരു കലാപത്തിന്റെ അഗ്നി അടങ്ങിയിട്ട് നാളുകള്‍ പിന്നിട്ടെങ്കിലും രാജ്യത്തിന്റെ തലസ്ഥാന നഗരിയുടെ പുറമ്പോക്കിലുള്ള ഈ ആവാസ കേന്ദ്രങ്ങളില്‍ മനുഷ്യര്‍ പൊള്ളി നില്‍ക്കുകയായിരുന്നു. എല്ലാ വര്‍ഗീയ കലാപങ്ങളും അങ്ങനെയാണ്. മനുഷ്യനില്‍ സംശയത്തിന്റെയും പകയുടെയും വിത്തെറിഞ്ഞുകൊണ്ടായിരിക്കും തീയണയുക.
ഞങ്ങള്‍ ചെന്നതിനു തലേന്ന് മഴപെയ്തിരുന്നു. അതിനാല്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയുടെ ഈ ഗല്ലികള്‍ക്ക് അസഹ്യമായ നാറ്റമുണ്ടായി. ചെളിയില്‍ കുഴഞ്ഞിരിക്കുന്ന വഴികളിലൂടെ കൈവണ്ടികളും മനുഷ്യരും പുളയുന്നു. പരന്നൊഴുകുന്ന അഴുക്കുചാലുകള്‍ക്കു മുകളില്‍ സമൂസയും ബിരിയാണിയും വേവുന്നു. വഴികള്‍ ഓരോന്നായി കടന്ന് ചോദിച്ച് ചോദിച്ചാണ് അക്രമികള്‍ ജീവന്‍ കവര്‍ന്ന സഹോദരങ്ങളായ മുഹമ്മദ് ഹാഷിം (23), അനുജന്‍ മുഹമ്മദ് അമീര്‍ (20) എന്നിവരുടെ വീടുകണ്ടുപിടിച്ചത്. മുകളിലും താഴെയും ഒറ്റമുറിയുള്ള ആ വീട്ടില്‍ പതിനൊന്നോളം അംഗങ്ങളുണ്ട്. അവരുടെ അന്നദാതാക്കളായിരുന്നു ഹാഷിമും അമീറും. ഉപ്പ ബുവുഖാന്‍ രോഗിയായി വീട്ടില്‍ കഴിയുകായാണ്.

മുസ്തഫാബാദില്‍ കലാപം ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവറായ ഹാസിം ഉമ്മയെ വിളിച്ചിരുന്നു. വഴിയോരക്കച്ചവടക്കാരനായ സഹോദരനേയും കൂട്ടി അഞ്ച് മിനുട്ടിനുള്ളില്‍ വീട്ടിലെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് രണ്ടുപേരേയും ഫോണില്‍ കിട്ടിയില്ല. കലാപവും ആര്‍പ്പുവിളിയും ഗല്ലികളെ മൂടിയപ്പോള്‍ കുടുംബം ഭയത്തോടെ കാത്തിരുന്നു. പിറ്റേന്ന് കാലത്താണ് അറിഞ്ഞത് തെരുവില്‍ ചോരവാര്‍ന്നു കിടന്ന രണ്ടുപേരും മരിച്ചിരിക്കുന്നു.

ഒരു വര്‍ഗീയ കലാപം ഒന്നുമറിയാത്ത എത്രയോ സാധാരണക്കാരുടെ ജീവന്‍ കവരുന്നു. എത്രയോ കുടുംബങ്ങളെ അനാഥമാക്കി. എത്രയോ കുഞ്ഞുങ്ങള്‍ പിതാക്കള്‍ പിതാക്കള്‍ നഷ്ടപ്പെട്ടവരായി. കൊന്നുതീര്‍ക്കുമ്പോള്‍ അവരുടെ മതം മാത്രം നോക്കുന്നു. അതുവരെ കണ്ടിട്ടില്ലാത്ത മനുഷ്യനെ കൊന്നുതള്ളി മുന്നേറുന്നതിനെയാണ് വര്‍ഗീയ കലാപമെന്ന് പേരിടുന്നത്.
പൗരത്വ ഭേദഗതി നിയമം ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയത് മുതല്‍ ഇതിനെതിരേ രാജ്യമാകെ സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഫെബ്രുവരി 22-23 തീയതിയോടെ ആയിരത്തോളം വനിതകള്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീലാംപൂര്‍-ജാഫ്രാബാദ് പാത ഉപരോധിച്ചു. സീലാംപൂര്‍ മെട്രോ സ്റ്റേഷനിലേക്കുള്ള കവാടവും ഉപരോധത്തിൽപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു ഭീം ആര്‍മി ആഹ്വാനം ചെയ്ത ഭാരതബന്ദിനെ പിന്തുണക്കാനായിരുന്നു ഉപരോധം.

പുരാനാ മുസ്തഫാബാദില്‍ മൂന്ന് വയസ്സുകാരന്‍ അനീസ് വല്യുമ്മ അസ്ഗരിയോടൊപ്പം കൊല്ലപ്പെട്ട പിതാവിനെ കാത്തിരിക്കുന്നു.

ഡല്‍ഹി ജുമാ മസ്ജിദ്, ശഹീന്‍ബാഗ് എന്നിവിടങ്ങളിലെ സമരങ്ങള്‍ക്ക് നേരെ ഹിന്ദുത്വ വാദികള്‍ കാലുഷ്യവുമായി പ്രത്യക്ഷപ്പെട്ടു. ശഹീന്‍ബാഗിലെ സമരക്കാരെ ഒഴിപ്പിക്കണമെന്ന് ബി ജെ പി മുന്‍ നിയമസഭാംഗം കപില്‍ മിശ്ര ഫെബ്രുവരി 23 ന് ഡല്‍ഹി പോലീസിനോടാവശ്യപ്പെട്ടു. പോലീസ് ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ താന്‍ തന്നെ അതു ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ആ പ്രസ്താവനക്കു പിന്നാലെ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പ്രത്യേകം പരിശീലനം നേടിയ ക്രിമിനലുകളെ യു പി യില്‍ നിന്ന് കലാപത്തിനായി ഇറക്കുകയായിരുന്നു. പെട്രോളും ഗ്യാസ് കുറ്റികളുമായാണ് അവര്‍ എത്തിയത്. മുസ്്‌ലിം പള്ളികളും വിദ്യാലയങ്ങളും കടകളും വീടുകളും കത്തിയമര്‍ന്നു. പോലീസ് നിഷ്‌ക്രിയ ദൃക്‌സാക്ഷികളായി.

ഹിന്ദുക്കളും മുസ്്‌ലിംകളും ഇടകലര്‍ന്നു കഴിയുന്ന ഈ ഗല്ലികളില്‍ ഒരിക്കല്ലും ഒരു മതപരമായ സംഘര്‍ഷം ഉണ്ടായിട്ടില്ല. എല്ലാവരും അന്നന്നത്തെ ജീവിതം കഴിയാന്‍ നെട്ടോട്ടമോടുന്നവരാണ്. അവര്‍ക്ക് അന്യനെ ദ്രോഹിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ നേരമില്ലായിരുന്നു. തങ്ങളുടെ അയല്‍ക്കാര്‍ ഈ കലാപത്തില്‍ പങ്കാളികളല്ലെന്നും അക്രമികള്‍ പുറത്തുനിന്നുള്ളവരാണെന്നും പ്രദേശവാസികള്‍ ഉറപ്പിച്ച് പറയുന്നത് അതിനാലാണ്. അക്രമികളെല്ലാം ഹെല്‍മെറ്റ് ധരിച്ചിരുന്നു.

കലാപം തുടങ്ങി ഒറ്റ ദിവസം മാത്രം 7,500 ഓളം ഫോണ്‍ കോളുകളാണ് പോലീസില്‍ ലഭിച്ചത്. പോലീസ് ഇടപെട്ടില്ല. സംഘര്‍ഷം കൊലപാതകത്തിലേക്ക് എത്തിച്ചേര്‍ന്നു. കപില്‍ മിശ്രയുടെ പ്രസംഗത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുമെന്നും കൂടുതല്‍ പോലീസിനെ വിന്യസിക്കണമെന്നും വിവിധ ഇന്റലിജന്‍സ് വിഭാഗങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടും ഡല്‍ഹി പോലീസ് അവഗണിച്ചു.
ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഔദ്യാഗിക ഡ്യൂട്ടി ഉള്ളതിനാലാണ് പോലീസിനു വേണ്ട സമയത്ത് കലാപം നിയന്ത്രിക്കാന്‍ കഴിയാതിരുന്നത് എന്നാണ് വിശദീകരിക്കപ്പെട്ടത്. കലാപം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ അയക്കാന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നു എന്ന് ഡല്‍ഹി പോലീസ് പറയുന്നു. വിദ്വേഷപ്രസംഗം നടത്തിയവരെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും പോലീസ് അറസ്റ്റിനു തുനിഞ്ഞില്ല.
പുറത്തു നിന്നു വന്ന അക്രമികളെ ഇരുവിഭാഗവും കൂടിച്ചേര്‍ന്നാണ് തടഞ്ഞത്. മുസ്താഫാബാദില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് ബാരിക്കേഡുകള്‍ തീര്‍ത്ത് കലാപകാരികളെ തടഞ്ഞു. പല ഹിന്ദു കുടുംബങ്ങളും അയല്‍ക്കാരായ മുസ്്ലിം കുടുംബങ്ങള്‍ക്കു തങ്ങളുടെ വീടുകളില്‍ അഭയം നല്‍കി. ശിവവിഹാറില്‍ പള്ളി അഗ്നിക്കിരയാക്കിയപ്പോള്‍ അടുത്തുള്ള ഹിന്ദു കുടുംബത്തിന്റെ വീടും കത്തിപ്പോയിരുന്നു. ആ വൃദ്ധദമ്പതികളെ ആശ്വസിപ്പിക്കാന്‍ മുസ്്ലിംകള്‍ ധാരാളം എത്തുന്നുണ്ടായിരുന്നു.

തന്റെ അയല്‍ക്കാരായ മുസ്്ലിം കുടുംബത്തെ തീയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനിടയില്‍ 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രേംകാന്ത് ബാഗേലിന്റെ മരണം ഇന്ത്യയുടെ ആത്മാവ് എന്താണെന്നു കാണിച്ചു കൊടുത്തു.
ചാന്ദ് ബാഗില്‍ മുസ്്ലിം കുടുംബങ്ങള്‍ അയല്‍ക്കാരായ ഹിന്ദു കുടുംബങ്ങളിലേക്ക് താമസം മാറി. നൂര്‍ ഇലാഹി എന്ന സ്ഥലത്ത് ഹനുമാന്‍ ക്ഷേത്രം കലാപത്തില്‍ തകര്‍പ്പെടാതെ പ്രദേശവാസികളായ മുസ്്ലിം സമുദായക്കാര്‍ കാത്തു സൂക്ഷിച്ചു. അധികം അകലെയല്ലാതെ ഒരു മുസ്്ലിം പള്ളിക്ക് സമീപത്തെ ഹിന്ദുക്കള്‍ സംരക്ഷണ വലയം തീര്‍ത്തു. മൊഹീന്ദര്‍ സിംഗ് എന്നൊരാളും അദ്ദേഹത്തിന്റ മകനും കലാപകാരികള്‍ വളഞ്ഞ ഒരു പള്ളിയില്‍ നിന്ന് എഴുപതോളം മുസ്്്ലിംകളെ രക്ഷിച്ചു. അകാലിദള്‍ നേതാവ് മജീന്ദര്‍ സിംഗ് സിര്‍സയുടെ നേതൃത്വത്തില്‍ ഗുരുദ്വാര കലാപബാധിതര്‍ക്കായി തുറന്നു കൊടുത്തു. കലാപമുണ്ടായ അന്നുമുതല്‍ സിഖ് മതസ്ഥര്‍ ഭക്ഷണവും വസ്ത്രവും മരുന്നുകളുമായി ജീവഭയമില്ലാതെ ഓടിയെത്തി.
മനുഷ്യത്വത്തിന്റെ ഉജ്ജ്വല സന്ദേശവുമായി വന്നെത്തിയ മലയാളികള്‍ കലാപ ഭൂമിയില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവരായി. എല്ലാ വര്‍ഗീയ കലാപങ്ങളും മനുഷ്യനെ ഭയപ്പെടുത്തി ഓടിക്കാന്‍ ലക്ഷ്യമിടുന്നു. എന്നാല്‍, ഡല്‍ഹിയില്‍ കലാപത്തിനിടെ മനുഷ്യത്വം ഉണര്‍ന്നു. പലഭാഗങ്ങളില്‍ അവര്‍ സംഘടിതമായി ചെറുത്തുനിന്നു. മനുഷ്യത്വമാണ് വര്‍ഗീയ കലാപത്തിന്റെ ശത്രു. ഊഹാപോഹങ്ങളും കിംവദന്തികളുമാണ് വര്‍ഗീയവാദികള്‍ ആദ്യം ഇളക്കി വിടുക. അസത്യം കാട്ടുതീപോലെ പടരും. മനുഷ്യത്വം ഉണര്‍ന്നിരുന്നാല്‍ അവിടേക്ക് വിദ്വേഷം വമിപ്പിക്കാന്‍ കഴിയില്ല. അപ്പോഴാണ് പുറത്തു നിന്നു കുറ്റവാളികളെ കൊണ്ടുവരിക. ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നാല്‍ കലാപകാരികളുടെ എല്ലാ ആയുധങ്ങളും നിഷ്ഫലമാകും. ചെറുത്തു നില്‍ക്കുന്നവര്‍ക്ക് ഡല്‍ഹിയില്‍ നിന്ന് ദൃഷ്ടാന്തമുണ്ട്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest