Connect with us

Kerala

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുനഃപരിശോധിക്കണം: സിറാജ് മാനേജ്‌മെന്റ്

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊന്ന കേസിൽ സസ്‌പെൻഷനിലായിരുന്ന മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ കേസ് നടപടികൾ നിലനിൽക്കെ സർവീസിൽ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് സിറാജ് മാനേജ്‌മെന്റ‌് സർക്കാറിനോട് ആവശ്യപ്പെട്ടു.

കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ കുറ്റവാളിയെ പ്രധാനമായ ഒരു വകുപ്പിൽ തിരികെ നിയമിക്കുന്നത് തീർത്തും ശരിയല്ലാത്ത നടപടിയാണ്. ശ്രീറാമിന് ആരോഗ്യ വകുപ്പിൽ തന്നെ നിയമനം നടത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സിറാജ് പബ്ലിഷർ സി മുഹമ്മദ് ഫൈസി, തൗഫീഖ് പബ്ലിക്കേഷൻ കൺവീനർ വണ്ടൂർ അബ്ദുർറഹ‌്മാൻ ഫൈസി, സിറാജ് മാനേജിംഗ് എഡിറ്റർ എൻ അലി അബ്ദുല്ല എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറോടിച്ച് മാധ്യമ പ്രവർത്തകനെ കൊന്ന കേസിലെ പ്രധാന പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സംഭവത്തിന്റെ തുടക്കത്തിൽ തന്നെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. പോലീസിന്റെ സഹായത്തോടെ നടത്തിയ തെളിവ് നശിപ്പിക്കലുൾപ്പെടെയുള്ള ഇദ്ദേഹത്തിന്റെ കൃത്യങ്ങൾക്ക് സാക്ഷികളായത് ആരോഗ്യ വകുപ്പിലെ ഡോക്ടർമാരും ജീവനക്കാരുമായിരുന്നു.

കേസിലെ പ്രധാന സാക്ഷികൾ ഇവരാണെന്നിരിക്കെ ഇതേ വകുപ്പിലെ ഉയർന്ന തസ്തികയിൽ മുഖ്യപ്രതി തിരിച്ചെത്തുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനിടയാക്കും. ആരോഗ്യ വകുപ്പിൽ ജോയിന്റ‌് സെക്രട്ടറി പദവിൽ നിയമിക്കപ്പെടുന്ന പ്രതിയുടെ കീഴിലായിരിക്കും സാക്ഷികളായ ഉദ്യോഗസ്ഥരെന്നതിനാൽ ഇവർക്ക് മേൽ സമ്മർദമുണ്ടാകും.
സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉദ്യോഗസ്ഥൻ അക്ഷന്തവ്യമായി തെറ്റ് വരുത്തയിട്ടും സുപ്രധാന വകുപ്പിൽ തിരിച്ചെത്തിക്കുന്നത് നീതീകരിക്കാനാവില്ല. കേസ് തീർപ്പാകുന്നതുവരെ ഇദ്ദേഹത്തെ സർവീസിൽ നിന്ന് മാറ്റിനിർത്താനുള്ള നീതിബോധമായിരുന്നു സർക്കാർ കാണിക്കേണ്ടിയിരുന്നത്. നിലവിൽ അധികാര ദുർവിനിയോഗം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രധാന വകുപ്പിൽ നിയമിക്കുന്നത് അനൗചിത്യമാണെന്നും സിറാജ് മാനേജ്‌മെന്റ് പ്രതിനിധികൾ പറഞ്ഞു.

Latest