Connect with us

Kerala

ശ്രീറാമിന്റെ ആരോഗ്യ വകുപ്പിലെ നിയമനം അന്വേഷണം അട്ടിമറിക്കാന്‍ വഴിയൊരുക്കും

Published

|

Last Updated

തിരുവനന്തപുരം |സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാംവെങ്കട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തതിന് പിന്നാലെ ആരോഗ്യ വകുപ്പില്‍ നിയമനം നല്‍കിയത് കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതുള്‍പ്പെടെ കേസ് അട്ടിമറിക്കുന്നതിന് വഴിയൊരുക്കും. അഡ്വക്കര്‌റ് ജനറലിന്റെ നിയമോപദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതെങ്കിലും ആരോഗ്യ വകുപ്പില്‍ നിയമനം നല്‍കുന്നതാണ് കേസന്വേഷണത്തെ സ്വാധീനിക്കുന്ന രീതിയിലേക്ക് നീങ്ങുന്നതിനിടയാക്കുന്നത്.

കൊവിഡ്-19 നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവേ ആരോഗ്യ വകുപ്പില്‍ കൂടുതല്‍ പേരെ വിന്യസിക്കുന്നതിന്റെ ഭാഗമായി വിരമിച്ചവരെയുള്‍പ്പെടെയുള്ളവരുടെ സേവനം തേടുന്ന സാഹചര്യം മറയാക്കിയാണ് മെഡിക്കല്‍ ബിരുദാനന്തര ബിരുദ ധാരിയരകൂടിയായ ശ്രീറാമിനെ തിരികെയത്തിക്കാന്‍ ഐ എ എസ് ലോബി കരുക്കള്‍ നീക്കിയത്. കൊവിഡ് അവലോകനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഐ എ എസ് ഉദ്യോഗസ്ഥരുടെ സെക്രട്ടരി തല യോഗത്തിലാണ് ശ്രീറാമിനെ തിരിച്ചുകൊണ്ടുവരാനുള്ള നിര്‍ദേശം വെച്ചത്.

ബഷീറിനെ കാറിടിച്ച് കൊന്ന ശേഷം ശ്രീറാം വെങ്കിട്ടരാമനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ജീവനക്കാരായ സാക്ഷികളുള്‍പ്പെടെയുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ഇത് ഇടയാക്കും. പരിശോധന സമയത്ത് ശ്രീറാമിനെതിരെ മദ്യം മണക്കുന്നുവെന്ന് മൊഴി കൊടുത്ത ഡോക്ടര്‍, ലാബിലെയുള്‍പ്പെടെ, സ്വകാര്യ ആശുപത്രിയിലെ ചിലര്‍ ഇവരെല്ലാം സെക്രട്ടറിയോ സ്‌പെഷ്യല്‍ ഓഫീസറോ ആയ ശ്രീറാമിന് കീഴിലായിരിക്കും വരിക. ഏത് തരത്തിലും കേസ് നടക്കുമ്പോള്‍ സമ്മര്‍ദം ചെലുത്താന്‍ ഇതിലൂടെ ശ്രീറാമിന് കഴിയും. നേരത്തെയും പലതവണ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ശ്രീറാമിനെ സര്‍വീസില്‍ തിരികെ കൊണ്ടുവരാന്‍ ഐ എ എസ് ലോബി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിയിരുന്നു.

അതേസമയം കേസിലെ പ്രധാന പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അപകടത്തെ തുടര്‍ന്ന് തെളിവുകള്‍ നശിപ്പിക്കുന്നതിന് പോലീസ് വകുപ്പിന് പുറമെ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് ആരോഗ്യ വകുപ്പില്‍ നിന്നായിരുന്നു. ഒറആളുടെ അപകടത്തിനിടയാക്കിയ വാഹത്തിലെ ഡ്രൈവറുടെ രക്ത പരിശോധന തടസ്സപ്പെടുത്തുക, ചികിത്സാ സൗകര്യങ്ങളുണ്ടായിരിക്കെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുക, അതുവഴി രക്ഷപ്പെടാന്‍ അനുവദിക്കുക കുടങ്ങിയ തെളിവ് നശിപ്പിക്കലിന് കളമൊരുങ്ങിയത് ആരോഗ്യ വകുപ്പിലെ വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരമായിരുന്നെന്നും അന്ന് ആരോപണം ഉയര്‍ന്നിരുന്നു.