Connect with us

National

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 17 ജവാന്മാര്‍ക്ക് വീരമൃത്യു

Published

|

Last Updated

സു്കമ (ഛത്തിസ്ഗഢ്) | ഛത്തിസ്ഗഢില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 17 ജവന്മാര്‍ക്ക് വീരമൃത്യു. സുക്മ ജില്ലയിലെ കസല്‍പാഡിലെ വനാന്തരത്തിലാണ് ഏറ്റമുട്ടലുണ്ടായത്. സുരക്ഷാ ജീവനക്കാരെ ശനിയാഴ്ച വൈകീട്ട് മുതല്‍ കാണ്‍മാനില്ലായിരുന്നു. ഞായറാഴ്ച ഇവരുടെ മൃതദേഹം കണ്ടെടുത്തതോടെയാണ് ആക്രമണം പുറംലോകമറിയുന്നത്.

മൃതദേഹങ്ങള്‍ കണ്ടെടുത്തത് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐ.ജി) സുന്ദരരാജ് സ്ഥിരീകരിച്ചു. ആക്രമണസമയത്ത് 12 എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെ 15 ആയുധങ്ങള്‍ നക്‌സലുകള്‍ കൊള്ളയടിച്ചതായി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരില്‍ 12 പേര്‍ ജില്ലാ റിസര്‍വ് ഗ്രൂപ്പില്‍ (ഡിആര്‍ജി) ഉള്‍പ്പെട്ടവരും ബാക്കി അഞ്ച് പേര്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിലെ (എസ്ടിഎഫ്) അംഗങ്ങളുമാണ്.

സുക്മയിലെ കസല്‍പാഡ് പ്രദേശത്ത് ഡിആര്‍ജി, എസ്ടിഎഫ്, എലൈറ്റ് കമാന്‍ഡോ ബറ്റാലിയന്‍ ഫോര്‍ റിസല്യൂട്ട് ആക്ഷന്‍ (കോബ്ര) എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സംയുക്ത ഓപ്പറേഷന് ശേഷമാണ് സംഭവം. എല്‍മഗുണ്ടയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് 550 സുരക്ഷാ ജീവനക്കാരെ അങ്ങോട്ട് അയക്കുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വനാന്തരത്തില്‍ പ്രവേശിച്ചതായി വിവരം ലഭിച്ചതോടെ മാവോയിസ്റ്റുകള്‍ ആസൂത്രിത നീക്കം നടത്തുകയായിരുന്നു. വനാന്തരത്തില്‍ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ സുരക്ഷാ ജീവനക്കാര്‍ മടങ്ങാന്‍ തുടങ്ങി. ഇതിനിടയില്‍ കോരജ് ഡോംഗ്രി എന്ന സ്ഥലത്തിന് സമീപം ഇടതൂര്‍ന്ന വനമേഖലയിലെ ഒരു കുന്നില്‍ ഒളിച്ചിരുന്ന മാവോയിസ്റ്റുകള്‍ സുരക്ഷാ സേനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് ശേഷം അവര്‍ രക്ഷപ്പെടുകയും ചെയ്തു. ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റതായി ശനിയാഴ്ച വൈകീട്ട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നീട് രാത്രിയോടെ മൂന്ന് ജവന്മാര്‍ കൊല്ലപ്പെട്ടതായും 14 പേരെ കാണാതായതായും സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഏറ്റുമുടലില്‍ പരിക്കേറ്റ 14 പേരെ റായ്പൂരിലെ രാമകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Latest