Connect with us

Covid19

കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ; പൊതു അവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടി

Published

|

Last Updated

കുവൈത്ത് സിറ്റി | കൊവിഡ് 19 വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് വൈകീട്ട് അഞ്ചു മുതല്‍ നാളെ പുലര്‍ച്ചെ നാലു വരെയാണു കര്‍ ഫ്യൂ. ഇതിനു പുറമെ സര്‍ക്കാര്‍ കാര്യാലയങ്ങളുടെ പൊതു അവധി രണ്ടാഴ്ചത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. അല്‍പ നേരം മുമ്പ് അവസാനിച്ച മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യമായ ഭക്ഷ്യശേഖരം ഉണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ വ്യക്തമാക്കി. അനാവശ്യമായി ഭക്ഷ്യ വസ്തുക്കള്‍ ശേഖരിച്ചു വെക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

കര്‍ഫ്യൂ സമയങ്ങളില്‍ പുറത്തിറങ്ങുവാനോ ഭക്ഷ്യ വില്‍പന കേന്ദ്രങ്ങള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനോ പാടില്ല. എന്നാല്‍ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട മറ്റു അവശ്യ സേവനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ പട്ടിക മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ണയിക്കും. എന്നാല്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ അനുവദിക്കുന്ന പ്രത്യേക പാസ് ഉള്ളവര്‍ക്ക് കര്‍ഫ്യൂ സമയം ജോലി ആവശ്യത്തിനു മാത്രം പുറത്തിറങ്ങാവുന്നതാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവോ 10,000 ദിനാര്‍ വരെ പിഴയോ ചുമത്തും. കര്‍ഫ്യൂ നിയന്ത്രണം ആഭ്യന്തര മന്ത്രാലയത്തിന്റെയും സൈന്യത്തിന്റെയും മേല്‍നോട്ടത്തിലായിരിക്കും.

---- facebook comment plugin here -----

Latest